കാസർകോട് ജില്ലയിൽ വേനൽച്ചൂടിന് ശമനമായി വേനൽമഴ എത്തിയതോടെ, പാമ്പുകൾ ജനവാസ മേഖലകളിലേക്ക് കടന്നുവരാൻ സാധ്യതയേറി. മഴവെള്ളം കയറി മാളങ്ങളും പാറയിടുക്കുകളും ചെടിക്കാടുകളും നിറയുന്ന സാഹചര്യത്തിൽ, സുരക്ഷിതവും വരണ്ടതുമായ ഇടങ്ങൾ തേടി പാമ്പുകൾ പുറത്തിറങ്ങുന്നു.
എലികൾ, തവളകൾ തുടങ്ങിയ ഇരകളെ പിന്തുടർന്ന് ഇവ വീടുകളുടെ പരിസരത്തേക്ക് എത്തുന്നത് പതിവാണ്. മഴക്കാലത്ത് പുല്ലും കുറ്റിച്ചെടികളും വളരുന്നത് പാമ്പുകൾക്ക് മറഞ്ഞിരിക്കാനും സഞ്ചരിക്കാനും സൗകര്യമൊരുക്കുന്നു.
വീടിനു ചുറ്റുമുള്ള വെള്ളക്കെട്ടും മാലിന്യക്കൂമ്പാരങ്ങളും ഇഴജന്തുക്കളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ചേര, മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ ഇനം പാമ്പുകളെയാണ് ഈ കാലയളവിൽ കൂടുതലായി കണ്ടുവരുന്നത്.
മുൻകരുതലായി വീടിനു ചുറ്റുമുള്ള പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കേണ്ടതാണ്. മാലിന്യങ്ങളും പഴയ മരച്ചില്ലകളും നീക്കം ചെയ്യണം.
രാത്രിസമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് നിർബന്ധമായും ഉപയോഗിക്കുക. വാതിലുകൾക്കിടയിലെ വിടവുകളും മതിലുകളിലെ പൊട്ടലുകളും അടയ്ക്കുന്നതിലൂടെ പാമ്പുകൾ ഉള്ളിലേക്ക് കടക്കുന്നത് തടയാം.
കൂടാതെ, വീട്ടിലെ എലിശല്യം നിയന്ത്രിക്കാനും ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നത് അപകടങ്ങൾ തിരിച്ചറിയാൻ സഹായിക്കും.
അണലി ഉൾപ്പെടെയുള്ള ചുരുക്കം ചില ഇനങ്ങളൊഴിച്ചാൽ, മിക്ക പാമ്പുകളും മനുഷ്യരെ ഉപദ്രവിക്കാൻ താല്പര്യപ്പെടുന്നവയല്ല. ഭയപ്പെടുത്തുമ്പോഴോ വേദന അനുഭവപ്പെടുമ്പോഴോ മാത്രമാണ് അവ പ്രതിരോധത്തിനായി കടിയേൽപ്പിക്കുന്നത്.
പലപ്പോഴും വിഷം കുത്തിവയ്ക്കാത്ത ‘ഡ്രൈ ബൈറ്റ്’ (dry bite) ആകാറാണ് പതിവ്. പുറത്തു നടക്കുമ്പോൾ കാലുകൊണ്ട് മണ്ണിൽ അമർത്തിച്ചവിട്ടി നടന്നാൽ, പാമ്പുകൾ ഈ ചലനം തിരിച്ചറിഞ്ഞ് മാറിപ്പോകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
**കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:**
* ശാന്തമായിരിക്കുക, പാമ്പിന്റെ സമീപത്തുനിന്നു പതുക്കെ മാറിനിൽക്കുക.
* കടിയേറ്റ ഭാഗം അനക്കാതെ സൂക്ഷിക്കുക.
* ആഭരണങ്ങൾ, വാച്ച്, ബെൽറ്റ്, ചെരിപ്പ് തുടങ്ങിയവയും ഇറുകിയ വസ്ത്രങ്ങളും മുറിവേറ്റ ഭാഗത്തുനിന്നും മാറ്റുക.
* കടിയേറ്റയാളെ പരിഭ്രാന്തനാകാതെ നോക്കണം.
* പാമ്പിനെ ഉപദ്രവിക്കാൻ ശ്രമിക്കരുത്.
* മുറിവിൽ മരുന്നുകളോ പൊടികളോ പുരട്ടരുത്, മുറിവ് വർദ്ധിപ്പിക്കരുത്.
* രോഗിയെ കമിഴ്ത്തി കിടത്തരുത്, ഇത് ശ്വസനപ്രക്രിയയെ തടസ്സപ്പെടുത്തും.
* രക്തയോട്ടം തടസ്സപ്പെടുന്ന രീതിയിൽ മുറുക്കിക്കെട്ടരുത്, ഇത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം.
* വൈദ്യസഹായത്തിനായി എത്രയും വേഗം ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

