പാലക്കാട് കുമരനല്ലൂർ കള്ളിക്കുന്ന് അങ്കണവാടിക്കു സമീപം അപൂർവമായ പ്രകൃതി ദൃശ്യം അരങ്ങേറി. ഏകദേശം ആറടി നീളമുള്ള ഒരു ചേര പാമ്പ് സമാന വലുപ്പമുള്ള മറ്റൊരു ചേരയെ വിഴുങ്ങുന്ന ദൃശ്യമാണ് പ്രദേശത്ത് കാണപ്പെട്ടത്.
ഏകദേശം അരമണിക്കൂർ നീണ്ടുനിന്ന പ്രക്രിയയ്ക്ക് ശേഷമായിരുന്നു വിഴുങ്ങൽ പൂർത്തിയായത്. മനോജ് പുലാശ്ശേരിയാണ് ഈ അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയത്.
വേനൽമഴ ആരംഭിച്ചതോടെ പാമ്പുകൾ വീടുകളിലേക്കും പരിസരങ്ങളിലേക്കും എത്താനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. മഴവെള്ളം കയറി മാളങ്ങളും പാറയിടുക്കുകളും നിറയുന്ന സാഹചര്യത്തിൽ, സുരക്ഷിതമായ വരണ്ട
സ്ഥലങ്ങൾ തേടിയാണ് പാമ്പുകൾ പുറത്തിറങ്ങുന്നത്. എലികൾ, തവളകൾ തുടങ്ങിയ ഇരകളെ തേടിയും ഇവ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നു.
മഴക്കാലത്ത് വളരുന്ന പുല്ലും കുറ്റിച്ചെടികളും പാമ്പുകൾക്ക് സഞ്ചരിക്കാനും ഒളിച്ചിരിക്കാനും സൗകര്യമൊരുക്കുന്നു. വീടിനു പരിസരത്തുള്ള വെള്ളക്കെട്ടുകളും മാലിന്യങ്ങളും ഇവയെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
ചേര, മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ ഇനം പാമ്പുകളെയാണ് ഈ കാലയളവിൽ കൂടുതലായി കണ്ടുവരുന്നത്. മുൻകരുതൽ നടപടികൾ:
വീടിനു ചുറ്റുമുള്ള പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കി പരിസരം ശുചിയായി സൂക്ഷിക്കുക.
മാലിന്യക്കൂമ്പാരങ്ങളും പഴയ മരച്ചില്ലകളും നീക്കം ചെയ്യണം. രാത്രി സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
മതിലുകളിലെ വിള്ളലുകളും വാതിലുകൾക്ക് താഴെയുള്ള വിടവുകളും അടയ്ക്കുന്നതിലൂടെ പാമ്പുകൾ ഉള്ളിലേക്ക് കടക്കുന്നത് തടയാം. കൂടാതെ, വീടുകളിലെ എലി ശല്യം ഒഴിവാക്കുന്നതും വളർത്തുമൃഗങ്ങളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ശ്രദ്ധിക്കുന്നതും ഗുണകരമാണ്.
അണലി വർഗത്തിൽപ്പെട്ടവയൊഴികെ മിക്ക പാമ്പുകളും അകാരണമായി മനുഷ്യരെ കടിക്കാറില്ല. പലപ്പോഴും അപകടം സംഭവിക്കുന്നത് പാമ്പുകളെ അറിയാതെ ചവിട്ടുമ്പോഴാണ്.
പുറത്തു നടക്കുമ്പോൾ മണ്ണിൽ കാലുകൾ അമർത്തി ചവിട്ടി നടക്കുന്നത് പാമ്പുകൾക്ക് ചലനം തിരിച്ചറിയാനും മാറിപ്പോകാനും സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. പാമ്പുകൾ കടിച്ചാൽ പലപ്പോഴും വിഷം കുത്തിവയ്ക്കാത്ത ‘ഡ്രൈ ബൈറ്റ്’ (Dry bite) ആയിരിക്കാനാണ് സാധ്യതയെങ്കിലും, അടിയന്തര വൈദ്യസഹായം തേടാൻ വൈകരുത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

