വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പൂതാടി, പനമരം, കണിയാമ്പറ്റ, കോട്ടത്തറ, പുൽപള്ളി പഞ്ചായത്തുകളിലാണ് പ്രകൃതിക്ഷോഭം കൂടുതൽ നാശം വിതച്ചത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്കും കൃഷിഭൂമികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി ബന്ധം പലയിടത്തും പൂർണമായും തടസ്സപ്പെട്ടു.
പൂതാടി പഞ്ചായത്തിലെ നടവയൽ വണ്ടിക്കടവിൽ തോമസിന്റെ വീടിനു മുകളിലേക്ക് ഈട്ടിമരം വീണ് മേൽക്കൂരയും ഷേഡും തകർന്നു. സമീപത്തെ കൃപാനിധി സ്റ്റഡി സെന്ററിന്റെ സ്ഥലത്തെ ഇരുപതിലേറെ റബർ മരങ്ങൾ ഒടിഞ്ഞു വീണു.
കൂടാതെ കർഷകരുടെ വാഴ, കമുക്, റബർ തോട്ടങ്ങളിലും വലിയ നാശമുണ്ടായി. പുളിവേലിൽ ബാബുവിന്റെ വിറകുപുരയുടെ മേൽക്കൂര കാറ്റിൽ 15 മീറ്ററോളം ദൂരേക്ക് പറന്നുപോയതും ഭീതി പരത്തി.
പനമരത്ത് കല്ലുവയൽ – ആലുവക്കടവ് റോഡിൽ മരം വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മൈലുകുന്ന് അങ്കണവാടിയിലെ കിണറിനു മുകളിലും മരം വീണു.
ദാസനക്കര പുൽപള്ളി റോഡിലും സമാന സാഹചര്യം ഉണ്ടായെങ്കിലും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടത്തറ പഞ്ചായത്തിലെ കളത്തിൽ ഗോപാലകൃഷ്ണന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് അടുക്കള ഭാഗം പൂർണമായും തകർന്നു.
വീടിന്റെ ഭിത്തികൾക്ക് വിള്ളലുകളുണ്ടായതിനാൽ വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. പ്രദേശത്തെ വൈദ്യുതി തൂണുകൾ വ്യാപകമായി ഒടിഞ്ഞു വീണത് വൈദ്യുതി വിതരണത്തെ ബാധിച്ചു.
മന്ദലം, വീട്ടിയേരിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. പുൽപള്ളി, മുള്ളൻകൊല്ലി മേഖലകളിൽ ഉണ്ടായ കാറ്റ് വൻ നാശമാണ് ഉണ്ടാക്കിയത്.
കബനിഗിരിയിൽ പുതുശേരിയിൽ കുര്യാക്കോസ്, ഏറത്ത് ടോമി, ചുളുഗോഡ് രമേശ് എന്നിവരുടെ വീടുകൾക്കും കൃഷികൾക്കും വലിയ നാശനഷ്ടമുണ്ടായി. ചെറ്റപ്പാലം ഉദയക്കവലയിൽ മനയ്ക്കത്തോട്ടത്തിൽ ബേബി, മകൻ ബിജു എന്നിവരുടെ വീടുകൾക്കും നാശം സംഭവിച്ചു.
ചുണ്ടക്കൊല്ലിയിലെ ശശിയുടെ ചായക്കടയുടെ മേൽക്കൂര തകർന്നു. പെരിക്കല്ലൂർ, ചുണ്ടക്കൊല്ലി തുടങ്ങിയ ഇടങ്ങളിൽ വൈദ്യുതി ബന്ധം താറുമാറായി.
ബാവലി– മൈസൂരു വനപാതയിൽ മരങ്ങൾ വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. എച്ച്ഡി കോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാഗർഹൊള കടുവ സങ്കേതത്തിലെ ജീവനക്കാരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
നാശനഷ്ടങ്ങൾ സംബന്ധിച്ച പ്രാഥമിക കണക്കെടുപ്പ് നടന്നുവരികയാണെന്നും, ബാധിക്കപ്പെട്ടവർ ബന്ധപ്പെട്ട ഓഫീസുകളിൽ വിവരം അറിയിക്കണമെന്നും പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

