കൊല്ലം ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് പേവിഷബാധയേറ്റ് മരിച്ചത്. രണ്ടു മാസം മുൻപ് പുലിയുടെ ആക്രമണത്തിനിരയായതിനെ തുടർന്നാണ് ദാരുണമായ അന്ത്യം.
രാത്രി ഉറങ്ങിക്കിടക്കുമ്പോൾ വളർത്തുനായയെ പിടിക്കാൻ പുലി പിന്തുടർന്നെത്തിയതായിരുന്നു സംഭവത്തിന്റെ തുടക്കം. നായ രക്ഷയ്ക്കായി കുഞ്ഞമ്മയുടെ അരികിലേക്ക് ഓടിയെത്തിയപ്പോൾ, നായയെ പിടിക്കാൻ ശ്രമിച്ച പുലിയുടെ നഖം കൊണ്ട് കുഞ്ഞമ്മയ്ക്ക് നിസ്സാരമായി പരിക്കേറ്റിരുന്നു.
ഈ ആക്രമണത്തിലാണോ അതോ വളർത്തുനായയിൽ നിന്നാണോ പേവിഷബാധയേറ്റതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് ശേഷം ഇവർ ചികിത്സ തേടുകയോ പ്രതിരോധ വാക്സിൻ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
ഈ മാസം രണ്ടിന് പനിയും വിറയലും അനുഭവപ്പെട്ടതിനെത്തുടർന്ന് കുഞ്ഞമ്മ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും, ആശുപത്രിയിൽ പോകാതെ ഇവർ ഓട്ടോറിക്ഷയിൽ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
തുടർന്ന് താലൂക്ക് ആശുപത്രി അധികൃതർ പോലീസിന് വിവരം കൈമാറി. തെന്മല പോലീസ് വഴിയിൽ വെച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തുകയും, ആംബുലൻസ് സൗകര്യമൊരുക്കി ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
എങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേവിഷബാധയെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മെഡിക്കൽ കോളേജിൽ നിന്നുള്ള വിവരം കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ മുഖേന പുനലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് ലഭ്യമാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

