കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. നിശ്ചിത ടിക്കറ്റ് നിരക്കിന് പുറമേ അധികമായി 20 രൂപ കൂടി നൽകിയാൽ യാത്രക്കാർക്ക് തങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ നിന്നും ബസിൽ കയറാനും ഇറങ്ങാനും അവസരമൊരുങ്ങുന്നു.
നിലവിൽ എസി പ്രീമിയം ബസുകളിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഭാവിയിൽ റിസർവേഷൻ സൗകര്യമുള്ള എല്ലാ ബസുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
നിലവിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് വഴി യാത്ര ചെയ്യുമ്പോൾ, അംഗീകൃത സ്റ്റോപ്പുകളിൽ നിന്ന് മാത്രമേ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ സംവിധാനത്തിലൂടെ 20 രൂപ അധികം നൽകുന്ന യാത്രക്കാർക്ക് ബസ് റൂട്ടിലെ തങ്ങൾക്ക് ആവശ്യമുള്ള ചെറിയ സ്റ്റോപ്പുകളിൽ നിന്നും കയറാനും ഇറങ്ങാനും സാധിക്കും.
ഇതിനായി യാത്രക്കാർക്ക് തങ്ങൾക്ക് സൗകര്യപ്രദമായ സ്റ്റോപ്പുകൾ മുൻകൂട്ടി നിർദ്ദേശിക്കാവുന്നതാണ്. ഈ അധിക തുക ഓൺലൈനായി തന്നെ അടയ്ക്കാൻ സൗകര്യമുണ്ടാകും.
തുടർന്ന് യാത്രക്കാരൻ തിരഞ്ഞെടുക്കുന്ന സ്റ്റോപ്പ് വിവരങ്ങൾ കണ്ടക്ടറുടെ കൈവശമുള്ള ചാർട്ടിൽ ലഭ്യമാകും. ബസ് യാത്ര തുടങ്ങുന്നതിന് മുൻപ് കണ്ടക്ടർ ബന്ധപ്പെട്ട
യാത്രക്കാരെ നേരിട്ട് വിളിച്ച് സ്റ്റോപ്പ് ഉറപ്പുവരുത്തുകയും ചെയ്യും. നിലവിൽ അഞ്ച് എസി ലോ ഫ്ലോർ ബസുകളിലാണ് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നത്.
യാത്രക്കാർക്ക് പുതിയ സംവിധാനത്തെക്കുറിച്ച് അറിവായി വരുന്നതേയുള്ളൂ എന്നതിനാൽ, പലരും നിലവിൽ പഴയ രീതിയിൽ പ്രധാന സ്റ്റോപ്പുകളിലേക്ക് ഓട്ടോറിക്ഷകളെ ആശ്രയിച്ചാണ് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

