സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളൊഴികെയുള്ള പ്രദേശങ്ങളിലാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ശക്തമായ കാറ്റിലും മഴയിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എറണാകുളം നായരമ്പലത്ത് ശക്തമായ കാറ്റിൽ അഞ്ച് വീടുകളുടെ മേൽക്കൂര തകർന്നു. അപകടത്തിൽ പരിക്കേറ്റ വീട്ടുടമ വിശ്വത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുളന്തുരുത്തിയിൽ പ്ലാസ്റ്റിക് ഗോഡൗണിന്റെ മേൽക്കൂര തകർന്നുവീണെങ്കിലും ആളപായമൊന്നും സംഭവിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ മിക്കയിടങ്ങളിലും വേനൽമഴ ശക്തമായി തുടരുകയാണ്.
വടകര ചെരണ്ടത്തൂരിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകൾ തകരുകയും ചെയ്തു.
വടകരയിൽ പലയിടത്തും കടകളിലേക്ക് വെള്ളം കയറി. മണിയൂരിൽ കടന്നൽ കൂടോടുകൂടി മരം വീണത് പരിഭ്രാന്തി പരത്തി.
ആയഞ്ചേരി ടൗണിലും കല്ലാച്ചിയിലും ഗതാഗതം തടസ്സപ്പെടുകയും വെള്ളം കയറുകയും ചെയ്തു. പാലക്കാട് ജില്ലയിലും കനത്ത മഴയും കാറ്റും നാശം വിതച്ചു.
വടക്കഞ്ചേരി ഭാഗത്ത് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണതിനെത്തുടർന്ന് പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ശക്തമായ മിന്നലിൽ ആര്യമ്പാവ് വീട്ടിലെ അടുക്കളയിലെ തറയോടുകൾ തകർന്നു. അടുക്കളയിലുണ്ടായിരുന്ന സ്ത്രീ ഉടൻ തന്നെ മാറിനിന്നതിനാൽ വലിയൊരു അപകടം ഒഴിവായത് ആശ്വാസമായി.
പള്ളിത്താഴം ബിവറേജിന് സമീപത്തെ എഫ് ആർ പി റോ മെറ്റീരിയൽ ഗോഡൗണും തകർന്നു. വണ്ടാഴി സിവിഎം എൽപി സ്കൂളിന്റെ ഓടുമേഞ്ഞ മേൽക്കൂര കാറ്റിലും മഴയിലും തകർന്നു വീണു.
മേൽക്കൂര പുതുക്കിപ്പണിയുന്നതിനിടെ അപകടത്തിൽപ്പെട്ട അഞ്ച് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

