തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്സി ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കരമന തെലുങ്ക്ചെട്ടി സ്ട്രീറ്റ് സ്വദേശി സുഭാഷ് (46), മണക്കാട് എം.എസ്.കെ നഗർ സ്വദേശി ശരത് (34) എന്നിവരാണ് പിടിയിലായത്.
കൊല്ലം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഓട്ടോ സ്റ്റാന്റിന് സമീപം യാത്രക്കാരെ ഇറക്കുകയായിരുന്നു കൊല്ലം സ്വദേശിയായ യുവാവ്. ഈ സമയം അവിടെയെത്തിയ പ്രതികൾ ടാക്സി നിർത്തി യാത്രക്കാരെ ഇറക്കുന്നതിനെ ചോദ്യം ചെയ്യുകയും വാഹനം മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രതികൾ ടാക്സി ഡ്രൈവറെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് ഇരുവരും ചേർന്ന് യുവാവിനെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പരിക്കേറ്റ ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് പൊലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തുടർനടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയ സുഭാഷിനെയും ശരത്തിനെയും റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

