രാജ്യത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ ശക്തമായ സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു. ഈ സാഹചര്യത്തിലാണ് പ്രൾഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്.
മന്ത്രിയുടെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിന് തൊട്ടുപിാലെയാണ് പുതിയ പ്രഖ്യാപനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രൾഹാദ് ജോഷിയുടെ പേര് മന്ത്രിസഭയിലേക്ക് നിർദ്ദേശിച്ചത്.
നിലവിൽ കൈകാര്യം ചെയ്യുന്ന മറ്റ് മന്ത്രാലയങ്ങളുടെ ചുമതലകൾക്ക് പുറമെയാണ് പുതിയ വകുപ്പും അദ്ദേഹത്തിന് അധികമായി നൽകിയിരിക്കുന്നത്. കർണാടകയിലെ ധർവാദിൽ നിന്നുള്ള ലോക്സഭാംഗമാണ് പ്രൾഹാദ് ജോഷി.
ഉപഭോക്തൃകാര്യം, ഭക്ഷ്യവിതരണം തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹം ഇതുവരെ കൈകാര്യം ചെയ്തു വന്നിരുന്നത്. അഞ്ച് തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം മുൻപ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ധർമ്മേന്ദ്ര പ്രധാന്റെ രാജി ഔദ്യോഗികമായി പുറത്തുവന്നതിന് പിന്നാലെ ജന്തർ മന്ദറിലെ സിജെപി സമരവും അവസാനിച്ചു. വിദ്യാർത്ഥികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തയ്യാറായതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഭാവിയിൽ ഇവർക്കെതിരെ യാതൊരുവിധ നിയമനടപടികളും ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ളവരുമായി സിജെപി പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഈ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്.
ഇത് സംബന്ധിച്ച ഔദ്യോഗിക ഉറപ്പുകൾ വരുന്ന ചൊവ്വാഴ്ചക്കകം സർക്കാർ രേഖാമൂലം നൽകും. പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
നിയമപരമായി നൽകാൻ കഴിയുന്ന പരമാവധി തുക തന്നെ കുടുംബങ്ങൾക്ക് ലഭ്യമാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

