കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പത്തുദിവസം നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് ഹൈക്കമാൻഡ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.
കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ 24-ാമത്തെയും, കോൺഗ്രസ് പാർട്ടിയുടെ അഞ്ചാമത്തെയും മുഖ്യമന്ത്രി പദമാണ് വി.ഡി.സതീശൻ അലങ്കരിക്കുന്നത്.
തീരുമാനം പുറത്തുവന്നതിന് പിന്നാലെ പറവൂർ വെടിമറയിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. വി.ഡി.സതീശന്റെ ഫ്ലെക്സ് ബോർഡുകളിൽ പ്രവർത്തകർ പാലഭിഷേകം നടത്തിയാണ് സന്തോഷം പ്രകടിപ്പിച്ചത്.
നിയുക്ത മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യ പ്രതികരണം നടത്തിയ വി.ഡി.സതീശൻ, തന്റെ രാഷ്ട്രീയ വളർച്ചയിൽ ടീം യുഡിഎഫിന്റെ പങ്ക് എടുത്തുപറഞ്ഞു. ‘‘കടപ്പാട് ടീം യുഡിഎഫിനോടാണ്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. മുഖ്യമന്ത്രി പദം ദൈവിക നിയോഗമാണ്.
കെ.സി.വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും നന്ദി പറയുന്നു. പുതു കേരളം കെട്ടിപ്പടുക്കാൻ ടീം ഉണ്ടാക്കും.
പാർട്ടി ഏൽപിച്ചത് വലിയ ഉത്തരവാദിത്തം. മന്ത്രിമാരെ തീരുമാനിക്കുന്നത് ഞാനല്ല, പാർട്ടിയാണ്.
എന്നോട് അഭിപ്രായം ചോദിക്കും. മറ്റു നേതാക്കന്മാരോടും ചോദിക്കും’’ എന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയ വേളയിൽ സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതിന്റെ ഭാഗമായി മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ വി.ഡി.സതീശന് വേണ്ടി പ്രത്യേക കുർബാന നടത്താൻ പണമടച്ചിരുന്നു.
എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. വിവിധ ക്ഷേത്രങ്ങളിലും അദ്ദേഹത്തിന്റെ പേരിൽ വഴിപാടുകൾ നടന്നിരുന്നു.
പറവൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഇ.ടി.ടൈസനെ 20,600 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി.ഡി.സതീശൻ പരാജയപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

