വേനലവധിക്കാലത്ത് കുട്ടികൾക്ക് വിശ്രമമോ കളിയോ നൽകാതെ വരുന്ന അധ്യയന വർഷത്തിലെ പാഠഭാഗങ്ങൾ മുൻകൂട്ടി പഠിക്കാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നതിനെ വിശേഷിപ്പിക്കുന്ന “പ്രീ-മേഡ് ചിൽഡ്രൻ” എന്ന പുതിയ പ്രയോഗം ചൈനീസ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ഫാക്ടറികളിൽ പ്രോസസ്സ് ചെയ്ത് സൂക്ഷിക്കുന്ന, ചൂടാക്കി മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന “പ്രീ-മേഡ് മീൽസ്” എന്ന ആശയത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.
ചൈനയിൽ ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തിന് മോശമായാണ് കാണുന്നത്. തത്സമയം പാകം ചെയ്യുന്ന ഭക്ഷണം മാത്രമാണ് ആരോഗ്യകരമെന്നാണ് ചൈനയിൽ ഭൂരിഭാഗം ആളുകളുടെയും വിശ്വാസം.
ഈ നിഷേധാത്മകമായ ആശയമാണ് പുതിയ പ്രയോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സ്കൂളുകളിൽ അധ്യാപകർ അധ്യയനം ആരംഭിക്കുന്നതിന് വളരെ മുമ്പ് തന്നെ, അവധിക്കാലത്ത് അടുത്ത ടേമിലെ പഠനവിഷയങ്ങൾ കുട്ടികളെക്കൊണ്ട് നിർബന്ധപൂർവ്വം പഠിപ്പിക്കുന്ന രീതിയെയാണ് ഈ പ്രയോഗം ചൂണ്ടിക്കാണിക്കുന്നത്.
കിഴക്കൻ ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലുള്ള നാലാം ക്ലാസുകാരനായ തന്റെ മകനെ വേനലവധിക്കാലത്ത് ഉടനീളം ചൈനീസ് കവിതകൾ പഠിക്കാനും, ഇംഗ്ലീഷ് വാക്കുകൾ കാണാതെ പഠിക്കാനും, ഓൺലൈൻ കണക്ക് ക്ലാസുകളിൽ പങ്കെടുക്കാനും നിർബന്ധിച്ചതായി ‘ലി’ എന്ന മാതാവ് വെളിപ്പെടുത്തി. എന്നാൽ, സ്കൂളിൽ ഈ ഭാഗങ്ങളൊന്നും അധ്യാപകർ പഠിപ്പിച്ചു തുടങ്ങിയിരുന്നില്ല.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ദിവസവും താനും ഭർത്താവും ചേർന്ന് മകനെ പഠിപ്പിക്കുന്നത് അവനെ തളർത്തുന്നുണ്ടെന്നും ലി സമ്മതിക്കുന്നു. എങ്കിലും, മകൻ പഠനത്തിൽ മറ്റുള്ളവരേക്കാൾ മുന്നേറുന്നുണ്ടോയെന്ന് ഉറപ്പില്ലാത്ത അവസ്ഥ തങ്ങളിൽ വലിയ ഉത്കണ്ഠയാണ് ഉണ്ടാക്കുന്നതെന്നതും അവർ കൂട്ടിച്ചേർക്കുന്നു.
എന്നാൽ, മാതാപിതാക്കളുടെ ഇത്തരം അനാവശ്യമായ ഉത്കണ്ഠകൾ കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നതെന്നും ഇത്തരം കാര്യങ്ങൾ കുട്ടികളെ അവധിക്കാലത്തെ സ്വാഭാവിക സന്തോഷങ്ങളിൽ നിന്നും മാറ്റി നിർത്തുകയാണെന്നും ചൂണ്ടിക്കാണിച്ചവർ, ഇത്തരത്തിൽ വളർത്തപ്പെടുന്ന കുട്ടികൾക്ക് ശരിയായ സാമൂഹിക ബോധം നഷ്ടമാകാൻ സാധ്യതയുണ്ടെന്നും അവർ മാനുഷിക ഗുണങ്ങൾ നഷ്ടപ്പെട്ട മെഷ്യനുകളായി മാറാൻ വലിയ താമസമുണ്ടാകില്ലെന്നും ആശങ്കപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

