മധ്യസ്ഥരായ പാക്കിസ്ഥാൻ മുഖേന ഇറാൻ സമർപ്പിച്ച നിർദേശങ്ങൾ വിഡ്ഢിത്തമാണെന്നും ‘ആ മാലിന്യം’ വായിക്കാൻ പോലും തോന്നിയില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ വെടിനിർത്തൽ ‘വെന്റിലേറ്ററിൽ’ ആണെന്നും പശ്ചിമേഷ്യ വീണ്ടും കലുഷിതമായെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാന്റെ നിർദേശങ്ങൾ ഒട്ടും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക പിന്തുണയോടെ സ്വതന്ത്രമാക്കുന്ന ‘പ്രോജക്ട് ഫ്രീഡം’ ദൗത്യം പുനരാരംഭിക്കുമെന്നും വ്യക്തമാക്കി. ഹോർമുസിൽ ഇറാന്റെ കപ്പലുകൾ തടയുന്ന നടപടിയും തുടരും.
ട്രംപിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രംഗത്തെത്തി. ‘‘ശത്രുവിന് മുൻപിൻ ഇറാൻ തലകുനിക്കില്ല.
ഇനിയിപ്പോൾ, ചർച്ചയ്ക്ക് വീണ്ടും സാധ്യതയുണ്ടായാലും അതിനർഥം ഇറാൻ കീഴടങ്ങുമെന്നുമല്ല’’ – പെസെഷ്കിയാൻ എക്സിൽ കുറിച്ചു. **ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു**
ഇറാനും യുഎസും തമ്മിലുള്ള പോർവിളി മൂലം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചു.
ബ്രെന്റ് ക്രൂഡ് 0.90% ഉയർന്ന് ബാരലിന് 105.2 ഡോളറിലും, യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) 0.93% ഉയർന്ന് 98.98 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിയിട്ടിരുന്നു.
സെൻസെക്സ് 1312 പോയിന്റ് (-1.70%) ഇടിഞ്ഞ് 76,015ലും നിഫ്റ്റി 360 പോയിന്റ് (-1.49%) നഷ്ടവുമായി 23,815ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജ്വല്ലറി, വ്യോമയാനം, ടൂറിസം, വളം കമ്പനികളുടെ ഓഹരികൾ വൻ തിരിച്ചടി നേരിട്ടു.
**ഏഷ്യൻ വിപണികളിലെ സമ്മിശ്രാവസ്ഥ**
ഇന്ന് രാവിലെ ഗിഫ്റ്റ് നിഫ്റ്റി 200 പോയിന്റിലധികം ഇടിവ് രേഖപ്പെടുത്തിയത് ഇന്ത്യൻ വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാൽ, ജപ്പാൻ (നിക്കേയ് 0.16%), ഹോങ്കോങ് (0.58%), ദക്ഷിണ കൊറിയ (2%) തുടങ്ങിയ ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്.
അമേരിക്കൻ ഫ്യൂച്ചേഴ്സും നേരിയ വർധന കാണിക്കുന്നു. **നിർണായകം ട്രംപ്-ഷി കൂടിക്കാഴ്ച**
അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ട്രംപ്-ഷി ജിൻപിങ് കൂടിക്കാഴ്ച ആഗോള വിപണികളുടെയും പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും ദിശ നിർണയിക്കും.
ഇറാനുമേൽ സമ്മർദം ചെലുത്താൻ ട്രംപ് ചൈനീസ് പ്രസിഡന്റിനോട് ആവശ്യപ്പെടുമെന്നാണ് വിലയിരുത്തൽ. ഇലോൺ മസ്ക്, ടിം കുക്ക് തുടങ്ങി യുഎസ് വ്യവസായ പ്രമുഖരും ട്രംപിനൊപ്പമുണ്ട്.
**രൂപയുടെ റെക്കോർഡ് തകർച്ച**
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPI) ഇന്നലെ 8440 കോടി രൂപ പിൻവലിച്ചതോടെ ഇന്ത്യൻ രൂപ വലിയ സമ്മർദത്തിലായി. 79 പൈസ ഇടിഞ്ഞ് 95.28 എന്ന സർവകാല താഴ്ചയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യാന്തര സ്വർണവില 43 ഡോളർ വർധിച്ച് 4724 ഡോളറിലെത്തിയെങ്കിലും, കേരളത്തിൽ സ്വർണവിലയിൽ വലിയ മാറ്റത്തിന് സാധ്യതയില്ല. എങ്കിലും, രൂപയുടെ മൂല്യത്തകർച്ച വില ഉയരാൻ കാരണമായേക്കാം.
അതേസമയം, പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ ദൈനംദിന നഷ്ടം 1000 കോടി കടന്ന സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വിലയിൽ 5-10 രൂപയുടെ വർധന ഉടൻ പ്രതീക്ഷിക്കുന്നു. ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ പവർ ഉൾപ്പെടെയുള്ള കമ്പനികളുടെ ജനുവരി-മാർച്ച് പാദഫലം ഇന്ന് പുറത്തുവരും.
*(Disclaimer: ഈ ലേഖനം ഓഹരി, സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമല്ല. നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപത്തിന് മുൻപ് വിദഗ്ധോപദേശം തേടുക.)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

