പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ശമനമുണ്ടായ സാഹചര്യത്തിൽ, മുൻപ് നിർത്തിവെച്ച വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൻ അറിയിച്ചു. വ്യോമപാതയിലെ നിയന്ത്രണങ്ങളിൽ അയവുവരുന്നതും വിമാന ഇന്ധനവിലയിലുണ്ടാകുന്ന അനുകൂല മാറ്റങ്ങളും തുടരുകയാണെങ്കിൽ സർവീസുകൾ പൂർവസ്ഥിതിയിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം, അന്താരാഷ്ട്ര തലത്തിൽ നിലനിന്നിരുന്ന വ്യോമപാത നിയന്ത്രണങ്ങളും ഉയർന്ന ഇന്ധനച്ചെലവും കണക്കിലെടുത്ത് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സർവീസുകളിൽ വലിയ വെട്ടിക്കുറവ് വരുത്തിയിരുന്നു. ഇതനുസരിച്ച് അന്താരാഷ്ട്ര സർവീസുകളിൽ 27 ശതമാനവും ആഭ്യന്തര സർവീസുകളിൽ 22 ശതമാനവുമാണ് കുറവുണ്ടായത്.
വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തിലധികവും ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു കടുത്ത തീരുമാനം കൈക്കൊള്ളേണ്ടി വന്നത്. ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് കാംബെൽ വിൽസൻ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചത്.
പശ്ചിമേഷ്യയിലെ സാഹചര്യം നിലവിൽ ശാന്തമാണെന്നും കൂടുതൽ വ്യോമപാതകൾ ഇപ്പോൾ ലഭ്യമായിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷം എട്ടോളം വൈഡ് ബോഡി വിമാനങ്ങൾ കൂടി സർവീസിലേക്ക് എത്തുമെന്നും, ഇതിൽ ആദ്യത്തെ പുതിയ ബോയിങ് 787-9 വിമാനം ഈ വാരവസാനം തന്നെ എയർ ഇന്ത്യയുടെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

