ഇറാനെതിരായ യുദ്ധം തീർന്നിട്ടില്ലെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇടനിലക്കാരായ പാക്കിസ്ഥാൻ വഴി ഇറാൻ നൽകിയ ഓഫർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൈയോടെ തള്ളി.
പശ്ചിമേഷ്യയിൽ ലെബനനിൽ ഉൾപ്പെടെ സംഘർഷം തുടരുമെന്നും ഹോർമുസ് അടഞ്ഞുതന്നെ കിടക്കുമെന്നും ഇതോടെ ഉറപ്പായി. എണ്ണവില കൂടുതൽ കുതിപ്പ് തുടങ്ങി.
സ്വർണവില ഇടിയുകയാണ്. ആഗോളതലത്തിൽ ഓഹരി വിപണികൾ ഇന്ന് കണ്ണീർക്കടലാകാനുള്ള സാധ്യതയുമൊരുങ്ങി.
‘‘ഇറാനിൽ ഇപ്പോഴും ആണവായുധ നിർമാണവസ്തുക്കളുണ്ട്.
ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കുന്നത് തുടരണമെന്ന് വാദിക്കുന്നവരുണ്ട്. ഇറാനിൽ ഞങ്ങൾക്ക് ഇനിയും കുറച്ച് ജോലി ബാക്കിയുണ്ട്’’ – നെതന്യാഹു ഒരു മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ.
കുതിക്കാൻ എണ്ണ, ഇടിയാൻ സ്വർണം
ക്രൂഡ് ഓയിൽ വില ബാരലിന് 2.53% ഉയർന്ന് 97.83 ഡോളറിലും ബ്രെന്റ് വിലയുള്ളത് 2.68% വർധിച്ച് 104 ഡോളറിലുമാണ്.
എണ്ണവില കൂടിത്തുടങ്ങിയതോടെ രാജ്യാന്തര സ്വർണവില താഴേക്കും നീങ്ങിത്തുടങ്ങി. ഇന്ത്യൻ സമയം പുലർച്ചെ വിലയുള്ളത് ഔൺസിന് 38 ഡോളർ ഇടിഞ്ഞ് 4682 ഡോളറിൽ.
ഇതാണ് ട്രെൻഡ് എങ്കിൽ ഇന്നുരാവിലെ കേരളത്തിലും വില ഇടിയും.
ഓഫർ കൈയോടെ തള്ളി ട്രംപ്
യുഎസ് അയച്ച നിർദേശങ്ങൾക്ക് പാക്കിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച മറുപടി യുഎസ് പ്രസിഡന്റ് ട്രംപ് കൈയോടെ തള്ളുകയായിരുന്നു. ഹോർമുസിൽ ഇറാനും യുഎസും കടുംപിടിത്തം തുടരുമെന്നും ഇതോടെ ഉറപ്പായി.
യുദ്ധത്തിന് ശാശ്വത പരിഹാരം വേണം, ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണം, ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കണം, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കണം, ഇറാൻ എണ്ണയുടെ ഉപരോധം നീക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചത്. ‘‘ഒട്ടും സ്വീകാര്യമല്ല’’ എന്നായിരുന്നു ട്രംപിന്റെ മറുപടി
വെവ്വേറെ ചർച്ചയാകാമെന്ന് ഇറാൻ
ആണവ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാനുള്ളത്.
ഇതു സംബന്ധിച്ച ചർച്ച പിന്നീടാകാമെന്നും ഇപ്പോൾ ഹോർമുസിനെ കുറിച്ച് ചർച്ചയാകാമെന്നുമാണ് ഇറാൻ പറയുന്നത്. ഇതിനിടെ, യുദ്ധം തുടങ്ങിയശേഷം ഇതാദ്യമായി ഒരു ഖത്തർ കപ്പൽ ഹോർമുസ് കടന്നുപോയത് സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷ നൽകിയിരുന്നു.
പാക്കിസ്ഥാനിലേക്കാണ് കപ്പൽ പോയത്. എന്നാൽ, ഇറാന്റെ മറുപടി ഇസ്രയേലും യുഎസും തള്ളിയത് പ്രതീക്ഷകളെ തകിടംമറിച്ചു.
അവർ അധികം ചിരിക്കില്ലെന്ന് ട്രംപ്
കഴിഞ്ഞ 5 പതിറ്റാണ്ടായി അമേരിക്കയ്ക്കു മുന്നിൽ ഇറാൻ അനാവശ്യ കളികൾ കളിക്കുകയാണെന്നും അതിനി നീളില്ലെന്നും അവരുടെ ചിരി ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞത് പ്രതിസന്ധി കൂടുതൽ കനക്കുമെന്ന ആശങ്ക നൽകുന്നു.
സൈനിക മേധാവികളുമായി നടത്തിയ ചർച്ചയിൽ ഇറാനിയൻ പരമോന്നത നേതാവ് മുജ്തബ ഖമനയി പറഞ്ഞ വാക്കുകളും പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്.
‘‘പോരാട്ടം തുടരട്ടെ, ശ്രതുവിനെ ചെറുക്കുക’’ – എന്നായിരുന്നു മുജ്തബയുടെ വാക്കുകൾ.
ഹോർമുസിൽ ഇറാനിയൻ കപ്പലുകളെ ഉപരോധിക്കുന്ന യുഎസ് സൈന്യം ഇതിനകം ഇറാനിലേക്കുള്ള 61 കപ്പലുകളെയാണ് തടഞ്ഞ് തിരിച്ചയച്ചത്. 4 കപ്പലുകളെ തകർത്തു.
യുഎസ് സൈന്യം ഈ നടപടി തുടർന്നാൽ ‘‘ശ്രതുവിന്റെ കപ്പലുകളെ തകർക്കുമെന്നും മേഖലയിലെ യുഎസ് കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും’’ ഇറാനിയൻ സേനയായ ഐആർജിസിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുദ്ധം തീർക്കാൻ ട്രംപിനുമേൽ സമ്മർദം
ചൈനയുമായുള്ള വ്യാപാരത്തർക്കം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ട്രംപ്, ഉടൻ ചർച്ചകൾക്കായി ചൈനയിലെത്തും. പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ചരിത്രപരമായ കൂടിക്കാഴ്ച അദ്ദേഹം നടത്തും.
വ്യാപാരത്തർക്കമാണ് മുഖ്യ അജൻഡയെങ്കിലും ചർച്ചയിൽ ഇറാൻ യുദ്ധം മുന്നിട്ടുനിൽക്കാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. ഹോർമുസ് പ്രതിസന്ധി ഏറ്റവും സാരമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ചൈന.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ
ഇതിനിടെ, 2022 മുതൽ തുടരുന്ന യുക്രെയ്നെതിരായ യുദ്ധം ഉടൻ അവസാനിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ‘വിക്ടറി ഡേ’ പ്രസ്താവന ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ജർമനിയുടെ മധ്യസ്ഥതയിൽ യുക്രെയ്നുമായി ചർച്ചയാകാമെന്നാണ് റഷ്യയുടെ പുതിയ നിലപാട്.
നാറ്റോയുടെ സാന്നിധ്യം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന വാക്കുമാറ്റിയ പടിഞ്ഞാറൻ ശക്തികളുടെ നിലപാടാണ് യുദ്ധത്തിന് ഇടയാക്കിയതെന്ന് പുട്ടിൻ ആരോപിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിച്ചാൽ, റഷ്യയ്ക്കും യുക്രെയ്നും മാത്രമല്ല യൂറോപ്യൻ സമ്പദ്വ്യവസ്ഥയ്ക്കാകെ അതു വൻ നേട്ടമാകും. എണ്ണ, ഊർജോൽപന്ന വിതരണശൃംഖല വീണ്ടും സജീവമാകുന്നത് യൂറോപ്പിന് ആശ്വാസം പകരും.
എണ്ണവില കുറയാനും ഇത് സഹായിച്ചേക്കും. റഷ്യയ്ക്കുമേലുള്ള ഉപരോധം പിൻവലിക്കാൻ യൂറോപ്പും യുഎസും തയാറായേക്കും.
Updating… …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

