റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഇറാൻ യുഎസ് സംഘർഷത്തിനും പരിഹാരമുണ്ടായേക്കും. യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ചില നടപടികൾ ശുഭസൂചകങ്ങളാണെന്ന് നിരീക്ഷകർ.
പാക്കിസ്ഥാനിലേക്കുള്ള ഖത്തർ എൽഎൻജി ടാങ്കറിന് ഹോർമുസ് കടക്കാൻ ഇറാൻ അനുവാദം നൽകിയെന്ന വാർത്തയാണ് രാജ്യാന്തര തലത്തിൽ നിക്ഷേപകരെ ആവേശത്തിലാക്കിയത്. യുഎസുമായുള്ള മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ ഖത്തറുമായും പാക്കിസ്ഥാനുമായും കൂടുതൽ അടുക്കാനാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തൽ.
ലോകത്തിന് ആവശ്യമായ ക്രൂഡ് ഓയിൽ ഉൽപന്നങ്ങളുടെ അഞ്ചിലൊന്നും കടന്നുപോയിരുന്ന പാതയായ ഹോർമുസിൽ കാര്യമായ സംഭവങ്ങളൊന്നുമില്ലാത്ത രണ്ടു ദിവസങ്ങളാണ് കടന്നു പോയത്.
എന്നാൽ ഇതുവഴി കപ്പൽ നീക്കം സാധാരണ നിലയിൽ ആയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് ഇറാൻ സംഘർഷമുണ്ടായെങ്കിലും പെട്ടെന്ന് കാര്യങ്ങൾ തണുത്തു.
അടുത്ത ദിവസങ്ങളിൽ നടക്കുന്ന ട്രംപിന്റെ ചൈനാ സന്ദർശനത്തിൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇറാൻ അങ്ങനെ തകരില്ല
ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകൾക്ക് നിലവിൽ യുഎസ് നാവികസേനയുടെ ഉപരോധം നിലനിൽക്കുന്നുണ്ട്.
ഇറാനിലേക്ക് കപ്പലുകൾക്ക് പ്രവേശിക്കാനോ ഇറാന്റെ കപ്പലുകൾക്ക് പുറത്തുകടക്കാനോ സാധിക്കില്ല. ഇത് എണ്ണകയറ്റുമതി രാജ്യമായ ഇറാന്റെ സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടിയാകുമെന്നാണ് കരുതിയിരുന്നത്.എന്നാൽ അടുത്ത നാല് മാസത്തേക്കു കൂടി ഇറാനെ സാമ്പത്തികമായി തകർക്കാൻ നിലവിലെ നാവിക ഉപരോധം മതിയാകില്ലെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
യുക്രെയ്ൻ യുദ്ധം
യുക്രെയ്നുമായുള്ള യുദ്ധം അവസാനിക്കാറായെന്ന റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിന്റെ പ്രസ്താവനയും വിപണിയിൽ നിർണായകമാകും.
ഇരുരാജ്യങ്ങളും മേയ് 9-11 വരെ വെടിനിർത്തൽ കരാർ നിലവിലുണ്ട്. ഇതിനു ശേഷവും സമാധാന ശ്രമങ്ങൾ തുടരുമെന്നാണ് കരുതുന്നത്.
യൂറോപ്യൻ രാജ്യങ്ങളുമായി സുരക്ഷ വിഷയങ്ങളിൽ ചർച്ച നടത്താൻ തയാറാണെന്നും പുട്ടിൻ പറഞ്ഞിട്ടുണ്ട്. ഏറെക്കാലമായി തുടരുന്ന യുദ്ധം റഷ്യൻ സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടിയായിരുന്നു.
നേട്ടം കുറച്ച അവസാന ദിനങ്ങൾ
തുടർച്ചയായ രണ്ടാമത്തെ ആഴ്ചയും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലായിരുന്നു.സെൻസെക്സ് 0.53 ശതമാനവും നിഫ്റ്റി 0.76 ശതമാനവും നേട്ടത്തിലായി.
അവസാന രണ്ടു ദിവസങ്ങളിൽ വിപണിയിലുണ്ടായ ഇടിവാണ് നേട്ടത്തിന്റെ മാറ്റു കുറച്ചത്. ഇറാൻ – യുഎസ് സംഘർഷത്തിന് പരിഹാരം കാണുന്നത് വൈകുമെന്ന റിപ്പോർട്ടുകളാണ് വിപണിക്ക് തടസമായത്.
∙ഇരുസൂചികകളും 0.6 ശതമാനം വീതം ഇടിഞ്ഞു.
516 പോയിന്റ് നഷ്ടത്തിൽ സെൻസെക്സ് 77,328.19ലെത്തി. നിഫ്റ്റിയാകട്ടെ 150.5 പോയിന്റ് കുറവിൽ 24,176.15ലുമെത്തി.
∙ഇറാൻ – യുഎസ് വിഷയത്തിൽ ജാഗ്രത പാലിച്ച നിക്ഷേപകർ ചില മേഖലകളിൽ മാത്രമാണ് ഓഹരി വാങ്ങൽ നടത്തിയത്.
ഒരൽപം കുറഞ്ഞെങ്കിലും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനടുത്ത് തുടർന്നത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
∙വെള്ളിയാഴ്ച ഫിനാൻഷ്യൽ ഓഹരികളിൽ വലിയ വിൽപന സമ്മർദം അരങ്ങേറി. നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക ഇടിഞ്ഞത് മൂന്നു ശതമാനത്തിലേറെ.
ബാങ്ക് നിഫ്റ്റി, ഫിനാൻഷ്യൽ സർവീസ് സൂചിക, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് എന്നീ മേഖലകളും നഷ്ടത്തിലായി.
∙ടെക് സ്റ്റോക്കുകൾ വിപണിക്ക് പിന്തുണ നൽകി. നിഫ്റ്റി ഐടി 1.2 ശതമാനം ഉയർന്നു.
ഹെവി വെയ്റ്റ് ഐടി കമ്പനികളിൽ വാങ്ങൽ താൽപര്യം ശക്തമായതാണ് കാരണം.
∙എന്നാൽ തിങ്കളാഴ്ച വിപണി മികച്ച നേട്ടത്തോടെ തുടങ്ങുമെന്നാണ് നിലവിലെ സൂചനകൾ. ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം 40 പോയിന്റോളം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം അമേരിക്കൻ ഓഹരി വിപണി നേട്ടത്തിലായതും ഇന്ത്യൻ വിപണിയിൽ നിർണായകമാകും. എന്നാൽ വിപണിയിലെ ആശങ്ക സൂചികയായ വോളറ്റിലിറ്റി ഇൻഡക്സ് (വിക്സ്) ഉയർന്നു നിൽക്കുന്നത് തിരിച്ചടിയാണ്.
∙ക്രൂഡ് ഓയിൽ
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന് നിൽക്കുന്നതും വിപണിക്ക് ഭീഷണിയാണ്.
ഡബ്ല്യുടിഐ ബാരലിന് 95.42 ഡോളറിലും മർബൻ 98.82 ഡോളറിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 101.3 ഡോളറിലേക്കും ഉയർന്നിരുന്നു.
ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവും പണപ്പെരുപ്പ നിരക്കും കൂട്ടുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ പുറത്തു വരുന്ന പണപ്പെരുപ്പ കണക്കുകൾ മുൻ മാസങ്ങളേക്കാളും കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ഇത് വിപണിയിലെ ഡിമാൻഡിനെയും കമ്പനികളുടെ പ്രവർത്തന ലാഭത്തെയും ബാധിക്കാനും ഇടയാക്കും. അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്കും തയാറായേക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

