ചാലക്കുടി ∙ ചാലക്കുടിപ്പുഴയ്ക്കു കുറുകെ ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന പാലം നാളെ (മേയ് 9) മുതൽ വീണ്ടും അടച്ചിടും. ബെയറിങ്ങുകൾ മാറ്റാനാണ് 20 ദിവസത്തേക്കു പാലം അടയ്ക്കുന്നത്.
ഈ ദിവസങ്ങളിൽ സമാന്തരമായി കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെയായിരിക്കും ഇരു ദിശകളിലേക്കുമുള്ള ഗതാഗതം. ഇതു വലിയ ഗതാഗതക്കുരുക്കിനു വഴിവയ്ക്കുമോ എന്ന ആശങ്കയുണ്ട്.
പാലത്തിന്റെ സ്പാൻ ജാക്കി ലിവർ ഉപയോഗിച്ച് ഉയർത്തിയ ശേഷമാണു പുതിയ ബെയറിങ് ഘടിപ്പിക്കുക. 7 സ്പാനുകളിലായി 42 ബെയറിങ്ങുകളാണു മാറ്റുക.
ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് ചുമതല.
ചാലക്കുടിപ്പാലം അടയ്ക്കുന്നത് രണ്ടാം തവണ; ആശങ്കയായി ഗതാഗതക്കുരുക്ക്
ചാലക്കുടി ∙ അറ്റകുറ്റപ്പണികൾക്കായി ചാലക്കുടിപ്പാലം അടച്ചിടാൻ പോകുന്നത് രണ്ടാം തവണ. പ്രാഥമിക അറ്റകുറ്റപ്പണികൾക്കും ബലപരിശോധനകൾക്കുമായി ഏപ്രിൽ 18 മുതൽ 24 വരെ പാലം അടച്ചിട്ടിരുന്നി.
ഈ സമയത്ത് മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായിരുന്നു. പരിശോധനയിൽ പാലത്തിനു ബലക്ഷയമടക്കമുള്ള അപാകതകളൊന്നും കണ്ടെത്തിയിരുന്നില്ല.
ബെയറിങ്ങുകൾ മാറ്റി സ്ഥാപിക്കാനായി തൃശൂർ പൂരത്തിനു ശേഷം വീണ്ടും പാലം അടച്ചിടാൻ തീരുമാനിച്ചെങ്കിലും തൊഴിലാളി ക്ഷാമം കാരണം പണി നീണ്ടുപോയി.
25 വർഷം മുൻപു മാറ്റി സ്ഥാപിച്ച ബെയറിങ്ങാണു തേയ്മാനത്തെ തുടർന്നു മാറ്റുന്നത്. പാലം അടച്ചിടുന്നതിനാൽ വരും ദിവസങ്ങളിൽ മേഖലയിൽ ഗതാഗത ക്രമീകരണങ്ങൾ വരുത്തും.
ഇന്നലെ ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്നുള്ള വിദഗ്ധരും തൊഴിലാളികളും ചേർന്നാണു ബെയറിങ് മാറ്റുന്നതടക്കമുള്ള ജോലികൾ പൂർത്തിയാക്കുക.
ജൂൺ മാസമാദ്യം സ്കൂൾ തുറക്കും മുൻപേ ജോലികൾ പൂർത്തിയാക്കണമെന്നു നിർദേശമുണ്ട്. മഴ പെയ്താലും ബെയറിങ് മാറ്റുന്ന ജോലികൾക്കു തടസ്സമുണ്ടാകില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

