സ്വർണവില കേരളത്തിൽ ഇന്ന് ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 13,995 രൂപയിലെത്തി. പവൻ വില 240 രൂപ കുറഞ്ഞ് 1,11,960 രൂപ.
ഹോർമുസിൽ ഇറാൻ-യുഎസ് ഏറ്റുമുട്ടലുണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് സ്വർണവില കുറയാൻ കാരണം.
ഹോർമുസിലൂടെ പോയ യുദ്ധക്കപ്പലുകൾക്കു നേരെയുണ്ടായ ഇറാന്റെ ആക്രമണം ചെറുത്തുവെന്നും മറുപടിയെന്നോണം ഇറാനിൽ ആക്രമണം നടത്തിയെന്നും യുഎസ് വ്യക്തമാക്കി. എന്നാൽ, ഇറാൻ പറയുന്ന കഥ മറ്റൊന്നാണ്.
ഹോർമുസിൽ എണ്ണ ടാങ്കറിനെ യുഎസ് ആക്രമിച്ചെന്നും ഇതിനെ തടയാൻ പ്രത്യാക്രമണം നടത്തിയെന്നും ഇറാൻ പറയുന്നു. ഇതോടെയാണ് ക്രൂഡ് ഓയിൽ വില വർധിച്ചത്.
യുഎസ് ഡോളർ ഇൻഡക്സ് 0.20 ശതമാനം ഉയർന്നു. മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കൂടി.
ക്രൂഡ് ഓയിൽ വില ഉയരുന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ ഭീഷണിയും ഉയർത്തി.
കേന്ദ്രബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഇതോടെ മങ്ങി. ഇന്ന് പുറത്തു വരാനിരിക്കുന്ന യുഎസ് തൊഴിൽ കണക്കുകളാണ് ഇപ്പോൾ നിക്ഷേപകർ ഉറ്റുനോക്കുന്നത്.
യുഎസ് ഫെഡറൽ റിസർവിന്റെ അടുത്ത പണനയ തീരുമാനം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനകൾ ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ യോഗത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.
നിലവിലെ സാഹചര്യത്തിൽ പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചാൽ സ്വർണവില വീണ്ടും കുറയുമെന്നാണ് വിദഗ്ധർ പറയുന്നത്.
സ്വർണവും വെള്ളിയും കുതിക്കും
ഇറാൻ-യുഎസ് സംഘർഷത്തിന് പരിഹാരമുണ്ടായാൽ സ്വർണവും വെള്ളിയും 2025ലേതിനേക്കാൾ കുതിച്ചേക്കുമെന്ന് നിരീക്ഷകർ പറയുന്നു. 2025ൽ സ്വർണം 65 ശതമാനവും വെള്ളി 135 ശതമാനവും വർധിച്ചിരുന്നു.
സംഘർഷം തുടങ്ങിയതോടെ കാര്യങ്ങൾ വിപരീത ദിശയിലാണ്. സ്വർണവില ഇക്കൊല്ലം 10 ശതമാനത്തോളം കുറഞ്ഞു.
വെള്ളി വിലയിൽ 60 ശതമാനത്തോളം ഇടിവ്. 1980നു ശേഷമുള്ള ഏറ്റവും വലിയ തകർച്ച.
യുദ്ധസാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം വാങ്ങുന്നതാണ് പതിവെങ്കിലും ഹോർമുസ് അടഞ്ഞതോടെ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് തിരിച്ചടിയായത്. ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതും പണപ്പെരുപ്പ ഭീഷണിയും സ്വർണമുന്നേറ്റത്തെ തടഞ്ഞു.
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം 11,555 രൂപയിലെത്തി.
ചില ജ്വല്ലറികളിൽ ഇതേ സ്വർണം ഗ്രാമിന് 11,500 രൂപയ്ക്കും വിൽക്കുന്നുണ്ട്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1.27 ലക്ഷം രൂപയെങ്കിലുമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

