ഇരിട്ടി ∙ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലത്തിൽ വി.ഡി.സതീശനായി തെരുവിലിറങ്ങി പ്രവർത്തകരുടെ പ്രകടനം. ‘പട
നയിച്ചവൻ കേരളം ഭരിക്കട്ടെ’ എന്നെഴുതി ഉമ്മൻചാണ്ടിയും വി.ഡി.സതീശനും ഒരുമിച്ചുള്ള പോസ്റ്റുകൾ ഉയർത്തിയാണ് ഒരു സംഘം പ്രവർത്തകർ പ്രകടനം നടത്തിയത്. സണ്ണി ജോസഫിനും പ്രവർത്തകർ സിന്ദാബാദ് വിളിച്ചു.
ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമം വഴി പ്രകടനം സംബന്ധിച്ചു പ്രചാരണമുണ്ടായിരുന്നെങ്കിലും സംഘാടകർ ആരെന്നു വെളിപ്പെടുത്തിയിരുന്നില്ല.
വൈകിട്ട് 5.30നു നഗരത്തിൽ ഒത്തുചേർന്നു പ്രകടനം തുടങ്ങുകയായിരുന്നു. കോൺഗ്രസ്, ലീഗ് പ്രവർത്തകരാണു പ്രധാനമായും പ്രകടനത്തിനുണ്ടായിരുന്നത്.
സണ്ണി ജോസഫിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചവരാണു തങ്ങളെന്നും ഇക്കാര്യത്തിൽ സണ്ണി ജോസഫിൽനിന്നും വി.ഡി.സതീശന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും പ്രവർത്തകർ പറഞ്ഞു. വി.ഡി.സതീശനെ തഴയുന്ന സമീപനമുണ്ടായാൽ അതിശക്തമായി തെരുവിലിറങ്ങുമെന്നും പ്രകടനം നടത്തിയവർ മുന്നറിയിപ്പ് നൽകി.
മുൻ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡന്റ് തറാൽ ഈസ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി കെ.ശ്രീകാന്ത്, അയ്യൻകുന്ന് പഞ്ചായത്തംഗം ഷിബോ കൊച്ചുവേലിക്കകം, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, മുൻ സ്ഥിരസമിതി അധ്യക്ഷൻ ഐസക് ജോസഫ്, നേതാക്കളായ ഷൈജൻ ജേക്കബ്, വി.രാജു, നാസർ ചാത്തോത്ത്, ജാൻസൺ മണിമലനിരപ്പേൽ, സജി മച്ചിത്താനി, സുനിൽ ചെറുകാന എന്നിവർ നേതൃത്വം നൽകി.
അയ്യൻകുന്ന് പഞ്ചായത്തിലെ ആനപ്പന്തിയിൽ വി.ഡി.സതീശനായി ബോർഡും ഉയർത്തിയിട്ടുണ്ട്.പ്രകടനം അവസാനിച്ചതിനു പിന്നാലെ അടുത്തിടെ പാർട്ടിയിൽനിന്നു പുറത്താക്കിയ മുൻ ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ് ചാനലുകളോടു കെപിസിസി പ്രസിഡന്റിനെതിരെ പ്രതികരിക്കാൻ ശ്രമിച്ചതോടെ പ്രകടനത്തിൽ പങ്കെടുത്തവർ പ്രകോപിതരായി.
സംഘർഷാവസ്ഥ ഉടലെടുത്തു. തോമസ് വർഗീസിനും പ്രതികരണമെടുക്കുന്ന ചാനലുകൾക്കമെതിരെ പ്രവർത്തകർ തിരിഞ്ഞതോടെ നേതാക്കൾ ഇടപെട്ടാണ് അണികളെ ശാന്തരാക്കിയത്.
തോമസ് വർഗീസ് സ്ഥലത്തുനിന്നു വേഗം മാറി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനായി പോസ്റ്ററുകൾ
ഇരിക്കൂർ ∙ മാത്യു കുഴൽനാടനെ വിമർശിച്ചും വി.ഡി.സതീശനെ അനുകൂലിച്ചും ഇരിക്കൂറിൽ യൂത്ത് ലീഗ് ബാനർ. ‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ എന്നു പറഞ്ഞും ‘പട
നയിച്ചവൻ ഭരിക്കട്ടെ, വി.ഡി.സതീശന് അഭിവാദ്യങ്ങൾ’ എന്നുമാണു ബാനർ. യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പേരിൽ ഇരിക്കൂർ ടൗണിലാണു ബാനർ ഉയർന്നത്.
മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലിം ലീഗ് വി.ഡി.സതീശനെ പിന്തുണച്ചതിൽ മാത്യു കുഴൽനാടൻ ലീഗിനെ വിമർശിച്ചെന്നാണു ബാനർ.
പഴയങ്ങാടി ∙ ‘വി.ഡി.സതീശാ, നേതാവേ… നിങ്ങൾ നയിച്ചു, നിങ്ങൾ ഭരിക്കും…’ എന്ന മുദ്രാവാക്യവുമായി പഴയങ്ങാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കെ.സി.വേണുഗോപാലിന്റെ ബ്ലോക്കായ മാടായി ബ്ലോക്കിലാണു പ്രവർത്തകരും നേതാക്കളും പങ്കെടുത്ത പ്രകടനം നടന്നത്.
പഴയങ്ങാടിയിൽ വി.ഡി.സതീശനു അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ബോർഡിനു സമീപത്തുണ്ടായിരുന്ന കെ.സി.വേണുഗോപാലിന്റെ ബോർഡ് തകർത്തനിലയിൽ കണ്ടെത്തി.
കൂത്തുപറമ്പ് ∙ കെ.സി.വേണുഗോപാലിനെ എതിർത്തും വി.ഡി.സതീശനെ അനുകൂലിച്ചും ബാനർ. കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് പരിസരത്താണ് കെ.സി.വേണുഗോപാലിനെ എതിർത്ത് ബാനർ പ്രത്യക്ഷപ്പെട്ടത്.
ദേശബന്ധു ഉപ്പില പീടികയ്ക്കു സമീപമാണ് വി.ഡി.സതീശനെ അനുകൂലിച്ചുള്ള ബാനർ. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചാണ് ഉപ്പിലപ്പീടികയിൽ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
കെ.സി.വേണുഗോപാൽ എഐസിസി സെക്രട്ടറി ആയതോടെ 3 സംസ്ഥാനങ്ങളിൽ ഭരണം നഷ്ടമായെന്നും പാർട്ടിയിൽ ജയിച്ച എംഎൽഎമാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കട്ടെയെന്നും ബാനറിലുണ്ട്.
കെ.സി മത്സരിച്ചാൽ പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ്
ഇരിക്കൂർ ∙ കെ.സി.വേണുഗോപാൽ ഇരിക്കൂറിൽ മത്സരിക്കാൻ വന്നാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ. മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച സജീവ് ജോസഫിനെ കെ.സി.വേണുഗോപാലിന്റെ മുഖ്യമന്ത്രി മോഹത്തിനായി ഒഴിവാക്കുന്നുണ്ടെങ്കിൽ നീതികേടാണ്.
സജീവ് ജോസഫിനെ നെഞ്ചേറ്റിയ ഇരിക്കൂറിലെ ജനങ്ങൾക്ക് ഉപതിരഞ്ഞെടുപ്പിൽ കെ.സി.വേണുഗോപാലിനെ തോൽപിക്കാനും അറിയാമെന്ന് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

