റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്ന നടപടിയെ ശക്തമായി ന്യായീകരിച്ച് യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര രംഗത്ത്. രാജ്യത്തെ ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ ആദ്യ പരിഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ധന ദൗർലഭ്യം കാരണം നിരവധി സ്ഥലങ്ങളിൽ നിന്ന് ഇന്ത്യ ഇറക്കുമതി നടത്തുന്നുണ്ടെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് പ്രതിനിധിസഭ പാസാക്കിയതിനു പിന്നാലെയാണ് അംബാസഡറുടെ പ്രതികരണം വന്നിരിക്കുന്നത്.
അമേരിക്കയിലെ ആളോഹരി ഊർജ്ജ ഉപഭോഗത്തിന്റെ പത്തിലൊന്നാണ് ഇന്ത്യയിലുള്ളതെന്നും, ഇത് ഉയർത്താനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും വിനയ് മോഹൻ ക്വാത്ര കൂട്ടിച്ചേർത്തു.
നിലവിൽ അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും പ്രകൃതിവാതകത്തിന്റെ പകുതിയോളവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ജനങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ തടസ്സമില്ലാതെ ഊർജം ലഭ്യമാക്കുക എന്നത് സർക്കാരിന്റെ പരമപ്രധാനമായ ദേശീയ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഗോളതലത്തിൽ വിതരണ പ്രതിസന്ധിയുണ്ടായപ്പോൾ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ കൃത്യമായ തീരുമാനങ്ങളെടുത്തു. ഇത് ആഗോള വിപണിയിൽ വലിയൊരു പ്രതിസന്ധി ഒഴിവാക്കാൻ സഹായിച്ചതായും ക്വാത്ര വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുടെ ഈ നിലപാടിനോട് ചൈനയും യോജിച്ചിട്ടുണ്ട്. റഷ്യൻ എണ്ണയ്ക്ക് തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി.
ചൈനയുടെ ഊർജ്ജ സാഹചര്യവും വാണിജ്യ താല്പര്യങ്ങളുമാണ് ഇറക്കുമതി നിർണ്ണയിക്കുന്നതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

