പൂപ്പാറ ∙ പൂപ്പാറ ടൗണിൽ പന്നിയാർ പുഴയുടെ പുറമ്പോക്കിലുള്ള 29 വീടുകളും 3 ആരാധനാലയങ്ങളും കടകളും ഉൾപ്പെടെ 88 കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം പാെളിച്ചുനീക്കിയത് മണിക്കൂറുകൾക്കുള്ളിൽ. ഇന്നലെ രാവിലെ 6നാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്.
വീടുകളിലെ താമസക്കാർ പ്രതിഷേധമുയർത്തിയെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ഇടപെട്ട് അവരെ അനുനയിപ്പിച്ചാണ് ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്. കെട്ടിടങ്ങൾ പൊളിക്കും മുൻപ് സാധനങ്ങൾ മാറ്റുന്നതിന് സമയം നൽകി.
പുഴയുടെ പുറമ്പോക്കിൽ നിർമിച്ചതെന്ന് കണ്ടെത്തിയ 56 കടകൾ, 29 വീടുകൾ, 3 ആരാധനാലയങ്ങൾ എന്നിവ ഏറ്റെടുത്ത് ഒഴിപ്പിക്കാൻ 2024 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇൗ കെട്ടിടങ്ങൾ 2024 ഫെബ്രുവരി 7ന് സർക്കാർ ഏറ്റെടുത്തു. കടകൾ പൂട്ടി സീൽ ചെയ്തെങ്കിലും വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നില്ല.
കെട്ടിടങ്ങൾ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപാരികൾ സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റിഷൻ(സിവിൽ) ഫയൽ ചെയ്തെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരി വച്ചു.
ഇതോടെ നിലവിൽ ഏറ്റെടുത്ത വീടുകളിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ ജില്ലാ ഭരണകൂടം സമയം നൽകി. എന്നാൽ ഇൗ വീടുകളിലെ താമസക്കാർ ഒഴിഞ്ഞു പോകാത്തതിനാൽ കഴിഞ്ഞ ഫെബ്രുവരി 21ന് 30 ദിവസത്തെ സമയം കൂടി അനുവദിച്ചു.
ഇതിനെതിരെ കെട്ടിട ഉടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവുണ്ടായില്ല.
ഇതോടെയാണ് കലക്ടറുടെ നിർദേശപ്രകാരം 24 മണിക്കൂറിനുള്ളിൽ വീടുകൾ ഒഴിയാനാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ഒന്നിന് താമസക്കാർക്ക് നോട്ടിസ് നൽകിയത്. ഇൗ സമയപരിധിയും അവസാനിച്ചതോടെയാണ് ഇന്നലെ രാവിലെ മുതൽ നേരത്തേ ഏറ്റെടുത്ത കടകൾ പാെളിച്ച് നീക്കുകയും വീടുകൾ ഒഴിപ്പിച്ച ശേഷം പാെളിക്കുകയും ചെയ്തത്.
ദുരന്തങ്ങൾ ഒഴിവാക്കാനെന്ന് കലക്ടർ
രാജകുമാരി ∙ മുൻ വർഷങ്ങളിൽ വയനാട് ചൂരൽമലയിലുണ്ടായതു പോലുള്ള ദുരന്തങ്ങളാെഴിവാക്കാൻ കൂടിയാണ് പൂപ്പാറയിലെ പുഴയോരത്തുള്ള അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കുന്നതെന്ന് കലക്ടർ ഡോ.ദിനേശൻ ചെറുവാട്ട് പറഞ്ഞു.
കഴിഞ്ഞ വർഷം കൂട്ടാറിലും സമാനമായ ദുരന്തമുണ്ടായി വാഹനങ്ങളുൾപ്പെടെ ഒലിച്ചുപോയിരുന്നു. കോടതി ഉത്തരവ് പാലിക്കാനാണ് പുറമ്പോക്ക് ഭൂമിയിലെ വീടുകളുൾപ്പെടെ പാെളിച്ചുനീക്കിയത്.
ഒഴിപ്പിക്കലിന്റെ നാൾവഴികൾ
പൂപ്പാറ ∙ പൂപ്പാറയിൽ പുറമ്പോക്ക് ഭൂമിയിലെ 2 അനധികൃത നിർമാണങ്ങൾക്കെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ നടപടികളുടെ തുടക്കം.
പിരിവ് ചോദിച്ചത് കാെടുക്കാത്തതിലുള്ള ചില രാഷ്ട്രീയ നേതാക്കളുടെ പകവീട്ടലാണിതെന്നും ആരോപണമുണ്ട്. ഇൗ 2 നിർമാണങ്ങൾക്കെതിരെയും നടപടി ഉറപ്പായതോടെ ടൗണിൽ തങ്ങൾ മാത്രമല്ല മറ്റു ചിലരും പുറമ്പോക്ക് ഭൂമിയിൽ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെന്ന് ഇതിന്റെ ഉടമകൾ കോടതിയെ അറിയിച്ചു.
തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണം നടത്തി ടൗണിൽ പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച 56 കെട്ടിടങ്ങളെക്കുറിച്ചും റവന്യു വകുപ്പ് റിപ്പോർട്ട് നൽകി.
ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയും പുറമ്പോക്ക് ഭൂമിയിലെ കെട്ടിടങ്ങളെക്കുറിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അനധികൃത നിർമാണങ്ങൾക്കെതിരെ 6 ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി 2023 ഡിസംബറിൽ റവന്യു വകുപ്പിന് നിർദേശം നൽകി.
എന്നാൽ ഒഴിപ്പിക്കൽ നടപടി വൈകിയതോടെ 2 തവണ കൂടി കോടതി ഇക്കാര്യത്തിൽ കർശന നിർദേശം നൽകി. 2024 ജനുവരി 17ലെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് 88 കെട്ടിടങ്ങൾ പിന്നീട് ഏറ്റെടുത്തത്.
ഇതിനെതിരെ ചില കെട്ടിട ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.
ഇനിയെന്ത്? പെരുവഴിയിൽ 14 കുടുംബങ്ങൾ
രാജകുമാരി ∙ പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച 29 വീടുകളിൽ 15 കുടുംബങ്ങൾ വേറെ വീട് അല്ലെങ്കിൽ കൃഷിഭൂമി ഉള്ളവരാണെന്നാണ് റവന്യു വകുപ്പ് ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ടിലുള്ളത്.
എന്നാൽ അവശേഷിക്കുന്ന 14 കുടുംബങ്ങൾക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല. ഇവരുടെ പുനരധിവാസം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം ശാന്തൻപാറ പഞ്ചായത്തിന് നിർദേശം നൽകിയിരുന്നു.
ഇവരെ താൽക്കാലികമായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ താമസിപ്പിക്കാമെന്നും അല്ലെങ്കിൽ വാടകയിനത്തിൽ മാസം 4,000 രൂപ വീതം നൽകാൻ തയാറാണെന്നും പഞ്ചായത്ത് വ്യക്തമാക്കിയെങ്കിലും ഭൂരിഭാഗം കുടുംബങ്ങളും ഇത് അംഗീകരിച്ചില്ല. പുനരധിവാസ പദ്ധതി നടപ്പാക്കാതെ തങ്ങളെ കുടിയാെഴിപ്പിച്ചത് മനുഷ്യത്വരഹിതമാണെന്നാണ് ഇൗ കുടുംബങ്ങളുടെ ആക്ഷേപം.
എന്നാൽ ഒഴിപ്പിക്കൽ നടപടി ഇനിയും വൈകിയാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നാണ് റവന്യു വകുപ്പ് അധികൃതരുടെ വാദം.
മൂന്നാർ ദൗത്യത്തിനുശേഷം ജില്ലയിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ
രാജകുമാരി ∙ മൂന്നാർ ദൗത്യത്തിനുശേഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ ഒഴിപ്പിക്കലായിരുന്നു പൂപ്പാറയിലേത്. ക്രമസമാധാന പ്രശ്നങ്ങളാെഴിവാക്കി ദൗത്യം പൂർത്തിയാക്കാൻ ഇന്നലെ രാവിലെ 5ന് തന്നെ പൂപ്പാറയിൽ എത്താൻ റവന്യു, പാെലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു.
കലക്ടർ ഡോ.ദിനേശൻ ചെറുവാട്ട്, ദേവികുളം സബ് കലക്ടർ വി.എം.ആര്യ എന്നിവരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും മൂന്നാർ ഡിവൈഎസ്പി എസ്.ചന്ദ്രകുമാർ, ഡിസിആർബി ഡിവൈഎസ്പി സാം ജോസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ടി.എ.യൂനസ്, നർകോട്ടിക് സെൽ ഡിവൈഎസ്പി മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള 9 സിഐമാരുടെ നേതൃത്വത്തിൽ 550 പാെലീസ് ഉദ്യോഗസ്ഥരും മൂന്നാർ, രാജാക്കാട് എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാംപ് ചെയ്താണ് ദൗത്യം പൂർത്തിയാക്കിയത്.
കെഎസ്ഇബി അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ അഞ്ചരയോടെ വീടുകളിലേക്കുള്ള വൈദ്യുത കണക്ഷൻ വിഛേദിച്ചു.
തുടർന്ന് വീടുകളിലേക്കുള്ള ശുദ്ധജല വിതരണവും തടഞ്ഞു. അതിന് ശേഷമാണ് 5 ഡപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിൽ റവന്യു അധികൃതർ 5 സംഘങ്ങളായി തിരിഞ്ഞ് മഹസർ തയാറാക്കി 5 മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് കെട്ടിടങ്ങൾ പാെളിച്ചത്.
മിണ്ടാതിരുന്ന് റവന്യു വകുപ്പും പഞ്ചായത്തും
രാജകുമാരി ∙ അര നൂറ്റാണ്ട് മുൻപ് മുതൽ പൂപ്പാറ ടൗണിൽ പുഴയുടെ പുറമ്പോക്കിൽ വീട് വച്ച് താമസിക്കുന്നവരെയാണ് ഇപ്പോൾ കുടിയാെഴിപ്പിച്ചത്.
ഇവരിൽ 15 കുടുംബങ്ങൾക്ക് വേറെ വീടും സ്ഥലവും ഉണ്ടെന്ന് റവന്യു അധികൃതർ പറയുമ്പോഴും ഒരായുസ്സിന്റെ സമ്പാദ്യം കാെണ്ട് നിർമിച്ച വീടുകളാണ് ഒരു നിമിഷം കാെണ്ട് ഇല്ലാതായത്. പലരും അലമുറയിട്ട് കരഞ്ഞു കാെണ്ടാണ് തങ്ങളുടെ വീട് തകർക്കുന്നത് നോക്കി നിന്നത്.
14 കുടുംബങ്ങൾക്ക് മറ്റാെരു വീടോ സ്ഥലമോ ഇല്ല. പ്രായമായവരും കുട്ടികളും കാൻസർ രോഗികളും ഹൃദ്രോഗികളും ഇൗ കുടുംബങ്ങളിലുണ്ട്.
ഇന്നലെ പാെതുപ്രവർത്തകരും നാട്ടുകാരുമാെക്കെ ചേർന്ന് ഇവർക്ക് താമസിക്കാൻ വാടക വീട് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
പുറമ്പോക്ക് ഭൂമിയിൽ വീട് നിർമിച്ചപ്പോൾ റവന്യു വകുപ്പും പഞ്ചായത്തും അനങ്ങിയില്ലെന്ന് മാത്രമല്ല, വീട്ടു നമ്പറും ഇവിടേക്ക് കോൺക്രീറ്റ് റോഡും വരെ നിർമിച്ചു നൽകി. എല്ലാ കെട്ടിടങ്ങളിലും വൈദ്യുത കണക്ഷനും ഉണ്ടായിരുന്നു.
ഒഴിപ്പിക്കുമെന്ന് 2 വർഷം മുൻപ് തന്നെ അറിയാമായിരുന്നിട്ടും ശാന്തൻപാറ പഞ്ചായത്ത് വേറെ വീടും സ്ഥലവും ഇല്ലാത്തവർക്കായി പുനരധിവാസ പദ്ധതി നടപ്പാക്കിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

