ഫറോക്ക് ∙ ബേപ്പൂർ നിയോജകമണ്ഡലത്തിൽ വോട്ടുവിഹിതത്തിൽ യുഡിഎഫിന് വൻ കുതിപ്പ്. അതേസമയം എൽഡിഎഫിന് ഇത്തവണ വോട്ടുവിഹിതത്തിൽ വലിയ കുറവുണ്ടായി.
2021 നിയമസഭ തിരഞ്ഞെടുപ്പിൽ 53,418 വോട്ടുകൾ മാത്രം ലഭിച്ച യുഡിഎഫ് ഇത്തവണ 74,362 വോട്ടുകൾ നേടി നില മെച്ചപ്പെടുത്തി. പി.വി.അൻവറിന് 20,944 വോട്ടുകൾ അധികം നേടാനായി.
2021ൽ എൽഡിഎഫ് സ്ഥാനാർഥി പി.എ.മുഹമ്മദ് റിയാസിനു ലഭിച്ച 28,747ന്റെ ഭൂരിപക്ഷം ഇത്തവണ 7,487 ആക്കി കുറയ്ക്കാനായതും യുഡിഎഫിന് നേട്ടമായി.
എൽഡിഎഫിന് ഇത്തവണ വോട്ടുവിഹിതത്തിലും വലിയ കുറവുണ്ടായി. പി.എ.മുഹമ്മദ് റിയാസിന് 81,849 വോട്ടുകളാണ് ലഭിച്ചത്.
2021ൽ 82,165 വോട്ടുകളായിരുന്നു. 316 വോട്ടുകളുടെ കുറവ്.
2021ൽ ആകെ പോൾ ചെയ്തതിന്റെ 49.73% വോട്ടുകൾ നേടിയ റിയാസിന് ഇത്തവണ 44.34% വോട്ടുകളാണ് ലഭിച്ചത്.എൻഡിഎ സ്ഥാനാർഥി കെ.പി.പ്രകാശ് ബാബുവിന് കഴിഞ്ഞ തവണ ലഭിച്ച 26,267 വോട്ടിനേക്കാൾ 276 വോട്ടുകൾ മാത്രമാണ് അധികം നേടാനായത്. ഇത്തവണ എൻഡിഎക്ക് ലഭിച്ചത് 26,543 വോട്ടുകൾ.
ഇത്തവണ 83.74% പോളിങ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ 10,499 വോട്ടർമാർ അധികമുണ്ട്. 2021നേക്കാൾ 20,850 വോട്ടുകൾ അധികമായി രേഖപ്പെടുത്തിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്കിൽ കോർപറേഷൻ ബേപ്പൂർ മേഖലയിൽ 2021ൽ 12,588 വോട്ടുകളുടെ ലീഡ് നേടിയ എൽഡിഎഫിന് ഇത്തവണ 5,980 വോട്ടുകളുടെ ലീഡ് മാത്രമാണ് നേടാനായത്.
ചെറുവണ്ണൂർ–നല്ലളം മേഖലയിൽ എൽഡിഎഫിന് 6,946 വോട്ടിന്റെ ലീഡുണ്ടായത് ഇത്തവണ 1,703 ആയി കുറഞ്ഞു. രാമനാട്ടുകര നഗരസഭയിൽ കഴിഞ്ഞതവണ എൽഡിഎഫിനു 1,398 വോട്ടിന്റെ ലീഡുണ്ടായിരുന്നെങ്കിലും ഇത്തവണ യുഡിഎഫിനാണ് ചെറിയ മേൽക്കൈ.
145 വോട്ടിന്റെ ലീഡുണ്ട്.
2021ൽ എൽഡിഎഫ് 1,383 വോട്ടുകളുടെ ലീഡ് നേടിയ ഫറോക്ക് നഗരസഭയിൽ ഇത്തവണ യുഡിഎഫ് 2,804 വോട്ടിന്റെ വ്യക്തമായ ലീഡ് നേടി. പരമ്പരാഗതമായി എൽഡിഎഫിനെ പിന്തുണയ്ക്കുന്ന കടലുണ്ടി പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽഡിഎഫിനുണ്ടായ 5,638 വോട്ടുകളുടെ ലീഡ് ഇത്തവണ 2446 വോട്ടായി കുറഞ്ഞു.
2025 തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷൻ ബേപ്പൂർ, ചെറുവണ്ണൂർ മേഖലയിലെ 14 വാർഡുകളിൽ നിന്നു എൽഡിഎഫിന് 32,230 വോട്ടുകളും യുഡിഎഫിന് 26,311 വോട്ടുമാണ് ലഭിച്ചത്. അന്നു രണ്ടിടത്തുമായി 5,919 വോട്ടിന്റെ ലീഡ് നേടിയ എൽഡിഎഫ് ഇത്തവണ നിയമസഭയിലേക്ക് 7,683 വോട്ടുകൾ നേടി ലീഡ് വർധിപ്പിച്ചു.
രാമനാട്ടുകര നഗരസഭയിൽ യുഡിഎഫിന് 2,141 വോട്ടിന്റെ ലീഡുണ്ടായത് ഇപ്പോൾ 145 ആയി കുറഞ്ഞു. ഫറോക്ക് നഗരസഭയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 3,096 വോട്ടിന്റെ ലീഡ് ഇപ്പോൾ 2,804 ആയി.
കടലുണ്ടി പഞ്ചായത്തിൽ എൽഡിഎഫിനുണ്ടായിരുന്ന ലീഡ് 658 വോട്ടുകളിൽ നിന്നു 2,446 ആയി ഉയർത്താനായി.
2021 നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ട്
∙ യുഡിഎഫ് 53,418
∙ എൽഡിഎഫ് 82,165
∙ എൻഡിഎ 26,267
2026 നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ട്
∙ യുഡിഎഫ് 74,362 വോട്ടുകൾ (20,944 അധികം നേടി)
∙ എൽഡിഎഫ് 81,849 വോട്ടുകൾ (316 കുറഞ്ഞു)
∙ എൻഡിഎ 26,543 (276 അധികം)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

