ഇറാൻ യുഎസ് സംഘർഷത്തിനൊപ്പം ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കാൻ കേരളം, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലവും. സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ 14 ഇന നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
ഇത് പരിശോധിക്കുകയാണെന്ന് യുഎസ് പ്രതികരിച്ചതും വിപണിക്ക് ആശ്വാസമാണ്. എന്നാൽ പരിധിവിട്ടാൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന സൂചനയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകി.
യുഎസ് – ഇസ്രയേൽ ആക്രമണം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ ഇറാൻ, അതിനെ നേരിടാൻ സജ്ജമാണെനന്നും അറിയിച്ചിട്ടുണ്ട്. ഇത് വിപണിയെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കാവുന്ന നീക്കമാണ്.
ഒമാൻ കടലിടുക്കിലെ യുഎസ് നാവിക ഉപരോധവും ലെബനൻ അടക്കമുള്ള എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണം എന്നത് അടക്കമുള്ള നിർദേശങ്ങളാണ് ഇറാൻ മുന്നോട്ടു വെച്ചിരിക്കുന്നത്.
താൽകാലിക വെടിനിർത്തലിന് പകരം സംഘർഷം പൂർണമായും അവസാനിപ്പിക്കണം. നിലവിലുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കണം.
ഭാവിയിൽ ഇറാനെ ആക്രമിക്കരുതെന്നും മേഖലയിൽ നിന്ന് യുഎസ് പിന്മാറണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പിന്മാറ്റം യുഎസ് അംഗീകരിക്കാൻ സാധ്യതയില്ല.
ഇത് സമാധാന ചർച്ചകളെ തകിടം മറിക്കുമോയെന്ന ആശങ്കയും നിക്ഷേപകർക്കുണ്ട്
നേട്ടത്തിൽ തുടങ്ങാൻ ഇന്ത്യൻ വിപണി
അവസാന വ്യാപാര ദിനം നഷ്ടത്തിലായെങ്കിലും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണി നേട്ടത്തിലായിരുന്നു. സെൻസെക്സ് 0.32 ശതമാനവും നിഫ്റ്റി 0.41 ശതമാനവും നേട്ടത്തിലായി.
∙വ്യാഴാഴ്ച ഇരുസൂചികകളും 0.7 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
∙നിഫ്റ്റി 180.10 പോയിന്റുകൾ ഇടിഞ്ഞ് 23,997.55ലെത്തി.
സെൻസെക്സ് 582.86 പോയിന്റുകൾ നഷ്ടത്തിൽ 76,913.50 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
∙ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളറിലെത്തിയതും യുഎസ് – ഇറാൻ സംഘർഷം ഇനിയും നീളുമെന്ന ആശങ്കയുമാണ് വിപണിക്ക് കുരുക്കായത്.
∙വിദേശ നിക്ഷേപകർ ഓഹരി വിൽപന തുടർന്നതും തിരിച്ചടിയായി. ഏപ്രിലിൽ വിദേശ നിക്ഷേപകർ 71,000 കോടി രൂപ പിൻവലിച്ചെന്നാണ് കണക്ക്.
∙അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 95.32 എന്ന നിലയിലെത്തി.
∙മഹാരാഷ്ട്ര ദിവസത്തെ തുടർന്ന് വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി പ്രവർത്തിച്ചിരുന്നില്ല.
∙തുടർച്ചയായ മൂന്നു ദിവസത്തെ അവധിയ്ക്ക് ശേഷമാണ് തിങ്കളാഴ്ച വിപണികൾ തുറക്കുന്നത്.
∙നിലവിലെ സാഹചര്യത്തിൽ ഗിഫ്റ്റ് നിഫ്റ്റി നൽകുന്ന സൂചന ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ്.
ഏപ്രിൽ നല്ല മാസം
ഇറാൻ യുഎസ് യുദ്ധത്തെ തുടർന്ന് കനത്ത വിൽപന സമ്മർദത്തിലായ വിപണി ഏപ്രിലിൽ നടത്തിയത് മികച്ച തിരിച്ചുവരവ്.
നിഫ്റ്റി 7.46 ശതമാനവും സെൻസെക്സ് 6.90 ശതമാനവും ഉയർന്നു. 2023 ഡിസംബറിന് ശേഷമുള്ള വിപണിയുടെ മികച്ച പ്രകടനമാണിത്.
വെടിനിർത്തൽ കരാർ, ഓഹരികൾ മികച്ച വിലയിൽ ലഭ്യമായത്, കമ്പനികളുടെ മികച്ച നാലാം പാദ ഫലങ്ങൾ എന്നിവയാണ് വിപണിയ്ക്ക് തുണയായത്.
ബിജെപി ബംഗാൾ പിടിച്ചാൽ
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും നാളെ വിപണിയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എക്സിറ്റ് പോളുകൾ പ്രവചിച്ചതു പോലെ ബംഗാളിൽ ബിജെപി ഭരണം പിടിച്ചാൽ വിപണി വലിയ നേട്ടമുണ്ടാക്കിയേക്കുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പ്രവചിക്കുന്നു.
പാർലമെന്റിന്റെ ഇരുസഭകളിലും ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടന ഭേദഗതികൾ പാസാക്കാനുള്ള ശക്തിയില്ല. ബംഗാൾ പിടിക്കാൻ കഴിഞ്ഞാൽ രാജ്യസഭയിലെ ശക്തികൂട്ടാൻ ബിജെപിക്ക് കഴിയും.
ഇത് കൂടുതൽ ശക്തമായ തീരുമാനങ്ങളെടുക്കാൻ കേന്ദ്രസർക്കാരിനെ സഹായിക്കുമെന്നാണ് കരുതുന്നത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി നേടുന്ന വിജയവും നിക്ഷേപകർ ഉറ്റുനോക്കുകയാണെന്നും വിദഗ്ധർ പറയുന്നു.
എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടാകുന്ന കുതിപ്പ് ഏറെക്കാലം തുടരാൻ വിപണിക്ക് ആയേക്കില്ല. യുഎസ് – ഇറാൻ യുദ്ധം, ക്രൂഡ് ഓയിൽ വില, പണപ്പെരുപ്പ ഭീഷണി, ഇന്ത്യ – യുഎസ് വ്യാപാര കരാർ തുടങ്ങിയ വിഷയങ്ങളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ മാറുമെന്നും വിലയിരുത്തലുണ്ട്.
ക്രൂഡ് ഓയിൽ
ഇറാനും യുഎസും തമ്മിൽ വീണ്ടും യുദ്ധമുണ്ടായേക്കാമെന്ന ആശങ്കയും വിപണിക്കുണ്ട്.
യുഎസും ഇസ്രയേലും ആക്രമിക്കാമെന്ന സൂചനയിൽ ഇറാൻ ‘ഹൈ അലർട്ടിലാണ്’. സമാനമായ തയാറെടുപ്പുകൾ ഇസ്രയേലും നടത്തിയിട്ടുണ്ട്.
ഇത് ക്രൂഡ് ഓയിൽ വില ബാരലിന് 100-110 ഡോളറിൽ തുടരാൻ ഇടയാക്കും. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനത്തിന് മുകളിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത് പണപ്പെരുപ്പ ഭീഷണി വർധിപ്പിക്കും.നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 108 ഡോളറിലാണ്.
സംഘർഷത്തിന് പരിഹാരമായില്ലെങ്കിൽ വില ഇനിയും ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത. ബ്രെന്റ് വില 114 കടന്നാൽ 125-130 ഡോളറിലേക്ക് കുതിക്കാനുള്ള സാധ്യതയുണ്ട്.
വില 94നും താഴെ എത്തിയാൽ 80 ഡോളറിലേക്ക് ഇടിയുമെന്നും വിദഗ്ധർ പറയുന്നു.
സ്വർണം
സ്വർണവില വലിയ രീതിയിൽ ചാഞ്ചാടത്തിലായ ദിവസങ്ങളാണ് കഴിഞ്ഞു പോയത്.രണ്ടു ശതമാനത്തോളം നഷ്ടമാണ് കഴിഞ്ഞ ആഴ്ചയുണ്ടായത്. കേരളത്തിൽ ഏപ്രിൽ 26ന് ഒരു പവൻ സ്വർണത്തിന് 1,112,960 രൂപയായിരുന്നു വില.
നിലവിൽ പവന് 1,10,680 രൂപ. രണ്ടു ശതമാനം നഷ്ടം.
രാജ്യാന്തര വിപണിയിലും സമാന നഷ്ടമാണ് കേരളത്തിലും പ്രതിഫലിച്ചത്. നിലവിൽ ഔൺസിന് 4,615 ഡോളറെന്ന നിലയിലാണ് രാജ്യാന്തര വില.
ഇറാൻ-യുഎസ് യുദ്ധം, ക്രൂഡ് ഓയിൽ വില, കേന്ദ്ര ബാങ്കുകളുടെ പലിശ തീരുമാനം എന്നിവയാണ് വിലയെ സ്വാധീനിച്ചത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

