കണ്ണൂർ ∙ പാചകവാതക വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചതോടെ ഹോട്ടൽ, റസ്റ്ററന്റ് മേഖല കനത്ത പ്രതിസന്ധിയിലേക്ക്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ സിലിണ്ടർ ക്ഷാമവും തിരഞ്ഞെടുപ്പു നടന്ന ബംഗാൾ, അസം എന്നിവിടങ്ങളിലേക്ക് അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതും നേരത്തേതന്നെ ഹോട്ടൽ വ്യാപാരികളെ പ്രതിസന്ധിയിലായിരുന്നു.
30 ശതമാനത്തോളം ഹോട്ടലുകൾ അടഞ്ഞുകിടക്കുകയാണ്. ഈ പ്രതിസന്ധിയിൽ പിടിച്ചുനിന്ന വലിയ ഹോട്ടലുകൾക്കുപോലും ഇപ്പോഴത്തെ വിലവർധന താങ്ങാനാകാത്തതാണെന്നും പൂട്ടിയിടേണ്ട
അവസ്ഥയുണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു.
വിനോദസഞ്ചാരികളും മറ്റും കൂടുതലുള്ള വേനലവധിക്കാലത്ത് ഉപഭോക്താക്കൾക്ക് ഇഷ്ട വിഭവങ്ങൾ കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഭക്ഷണശാലകൾ.
ആവശ്യക്കാർ ഏറെയുള്ള ദോശയിനങ്ങൾ, പൊറോട്ട എന്നിവ തയാറാക്കുന്ന തട്ടുകൾ മുഴുവൻ സമയവും ചൂടായിക്കിടക്കണം.
സിലിണ്ടർ ക്ഷാമം വന്നതോടെ ഇത്തരം ഭക്ഷണങ്ങളുടെ വിൽപന പല സ്ഥാപനങ്ങളും അവസാനിപ്പിച്ചു. പിടിച്ചുനിൽക്കണമെങ്കിൽ ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വ്യാപാരികൾ പറയുന്നു.
അതേസമയം, വാണിജ്യ സിലിണ്ടർ ക്ഷാമത്തിന്റെ പേരിൽ ചില ഹോട്ടലുകൾ എണ്ണക്കടികൾക്കും ചായ, കാപ്പി എന്നിവയ്ക്കും അമിതമായി വില വർധിപ്പിച്ചതായി ഉപഭോക്താക്കൾ പരാതിപ്പെടുന്ന അവസ്ഥയുണ്ട്.
വാണിജ്യ എൽപിജി വിലയിലെ വർധന ബേക്കറി മേഖലയെയും ബാധിച്ചതായി ബേക്കറി അസോസിയേഷനുകളും പറയുന്നു. ചെറുകിട
ബേക്കറി യൂണിറ്റുകൾ അടച്ചുപൂട്ടേണ്ട സാഹചര്യമാണ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യഥാർഥനയം പുറത്തായി
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ പൂർത്തിയായ ഉടൻ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി അത്യന്തം അപലപനീയവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സുധാകരൻ എം.പി.
തിരഞ്ഞെടുപ്പുകാലത്ത് ജനവിരുദ്ധ തീരുമാനങ്ങൾ മറച്ചുവച്ച്, വോട്ടെടുപ്പ് കഴിഞ്ഞയുടൻ യഥാർഥനയങ്ങൾ പുറത്തുകൊണ്ടുവരുന്ന രാഷ്ട്രീയ കപടതയുടെ ഏറ്റവും പുതിയ ഉദാഹരണമാണിത്.
വാണിജ്യ സിലിണ്ടർ വിലവർധന ഉടൻ പിൻവലിക്കണമെന്നും ചെറുകിട വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ആശ്വാസം നൽകുന്ന നടപടികൾ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

