മുണ്ടക്കൈ ∙ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം. മുണ്ടക്കൈ ഗവ.എൽപി സ്കൂളിന് സമീപം താമസിച്ചിരുന്ന കെ.കെ.സുൽത്താന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.
കട്ടിൽ, അലമാര, ജനൽപാളി, വാഷ് ബേസിൻ, ഷവർ തുടങ്ങിയവയാണു മോഷണം പോയത്. സുൽത്താന്റെ പരാതിയിൽ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ ലഭിച്ച വീട്ടിലേക്ക് താമസം മാറുമ്പോൾ ഉപയോഗിക്കാൻ സൂക്ഷിച്ച ഫർണിച്ചറടക്കം 1.50 ലക്ഷം രൂപയോളം വില വരുന്ന സാധന സാമഗ്രികൾ മോഷണം പോയെന്ന് സുൽത്താൻ പറഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കഴിഞ്ഞയാഴ്ച മുണ്ടക്കൈ ചിറക്കൽ സുലൈമാന്റെ വീട്ടിൽ നിന്നു പുതപ്പുകൾ, ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ എന്നിവ മോഷണം പോയിരുന്നു.
ആൾതാമസമില്ലാത്ത മേഖലകളിലെ കൃഷിയിടങ്ങളിൽ നിന്നു കാർഷിക വിളകൾ മോഷണം പോകുന്നതും പതിവാണ്.
ഉരുൾപൊട്ടലിനു ശേഷം മുണ്ടക്കൈ, അട്ടമല, ചൂരൽമല ദുരന്ത മേഖലകളിൽ ആൾതാമസമില്ല. നോ ഗോസോൺ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇവിടേക്കു പുറത്തു നിന്നുള്ളവർക്ക് പ്രവേശിക്കണമെങ്കിൽ പാസ് നിർബന്ധമാണ്.
തങ്ങളുടെ വീടുകളിലേക്കും മറ്റും പോകണമെങ്കിൽ നാട്ടുകാർക്ക് ആധാർ കാർഡും നിർബന്ധമാണ്. പൊലീസിന്റെ കർശന പരിശോധനയും ചൂരൽമല ടൗണിൽ ശക്തമാണ്.
എന്നിട്ടും ദുരന്തമേഖലകളിൽ മോഷണം വ്യാപകമാണെന്നതാണ് യാഥാർഥ്യം. ഒരിടവേളയ്ക്കു ശേഷമാണു ദുരന്തമേഖലകളിൽ വീണ്ടും മോഷണം വ്യാപകമാവുന്നത്.
മോഷണത്തിന് പിന്നിൽ ഒരുസംഘം തന്നെയുണ്ടെന്നാണ് വീട്ടുടമസ്ഥർ പറയുന്നത്. മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും മേഖലകളിൽ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നുമാണ് വീട്ടുടമസ്ഥരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

