പന്തീരാങ്കാവ് ∙ ദേശീയ പാതയിൽ അഗ്നിക്കിരയായ കണ്ടെയ്നർ ട്രക്കിൽ നിന്ന് ഡ്രൈവർ ഹരിയാന സ്വദേശി തൗഫീഖ് (36) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തീയണയ്ക്കാൻ അഗ്നിരക്ഷാസേന ശ്രമിക്കുമ്പോഴും ഞെട്ടൽ മാറാതെ നോക്കി നിൽക്കുകയായിരുന്നു തൗഫീഖ്.
‘ഡ്രൈവിങ് സീറ്റിന്റെ അതേ ഭാഗത്ത്, ടയറിന്റെ സമീപത്തു നിന്നു തീ ആളിയതും ഇറങ്ങിയോടിയതും പെട്ടെന്നാണ്. നഗരത്തിൽ യീസ്റ്റ് നൽകിയ ശേഷം, ആലുവയ്ക്കു പോകും വഴിയാണ്.
ശുചിമുറിയിൽ നിന്നു തിരിച്ചെത്തി, ലോറി സ്റ്റാർട്ട് ചെയ്തതും തീയും പുകയും ഉയർന്നത് ഒപ്പമായിരുന്നു’ – ഞെട്ടലോടെ തൗഫീഖ് പറഞ്ഞു. ലോറിയിൽ ഒറ്റയ്ക്കായിരുന്നു യാത്ര.
ടോൾ പ്ലാസയിൽ തീഗോളമായി കണ്ടെയ്നർ ട്രക്ക്
പന്തീരാങ്കാവ് ∙ കണ്ടെയ്നർ ട്രക്കിനു തീപിടിച്ചതു ടോൾ പ്ലാസയെ ഭീതിയിലാഴ്ത്തി.
വൈകിട്ട് അഞ്ചരയോടെ, നല്ല വാഹനത്തിരക്കുള്ള സമയത്താണു തീപിടിത്തം. വെങ്ങളത്തുനിന്നു രാമനാട്ടുകര ഭാഗത്തേക്ക്, രണ്ടാമത്തെ ടോൾ പ്ലാസയുടെ ഇടതു ഭാഗത്തുള്ള പാർക്കിങ് ഭാഗത്തു നിർത്തിയിട്ടതായിരുന്നു കണ്ടെയ്നർ ട്രക്ക്.
ശുചിമുറിയിൽനിന്നു തിരിച്ചെത്തി, ഡ്രൈവർ തൗഫീഖ് ട്രക്ക് സ്റ്റാർട്ട് ചെയ്തയുടൻ തീപ്പൊരി ചിതറി തീയും പുകയും ഉയർന്നു. പുറത്തിറങ്ങിയ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
2 മിനിറ്റിനകം സ്ഫോടന ശബ്ദം കേട്ടു.
മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റും വെള്ളിമാടുകുന്നിൽ നിന്ന് ഒരു യൂണിറ്റും എത്തി തീയണയ്ക്കുമ്പോഴും പൊട്ടിത്തെറി കേട്ടു. ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതായി അഗ്നിരക്ഷാ സേന അറിയിച്ചു.
കാബിന്റെ അടിയിൽ തീ കണ്ടെന്നാണു ഡ്രൈവർ പറഞ്ഞതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. തീപിടിത്തമുണ്ടായതോടെ, രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂർണമായി തടഞ്ഞു.
അതേസമയം, വെങ്ങളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുകയും ചെയ്തു. ഇതിനിടെ, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ആറരയോടെയാണ് അഗ്നിരക്ഷാ സേനയ്ക്കു തീയണയ്ക്കാൻ സാധിച്ചത്. ലോറിയുടെ കാബിനും ടയറും എൻജിനും കണ്ടെയ്നറിന്റെ പുറംഭാഗവുമൊക്കെ കത്തിനശിച്ചു.
ലോറിയിൽ കാൽഭാഗമുണ്ടായിരുന്ന യീസ്റ്റ് നശിച്ചു. തീപിടിത്തത്തെ തുടർന്നു ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി.
രാത്രി വൈകിയാണു പൂർണമായി പരിഹരിച്ചത്.
മീഞ്ചന്ത അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ ഇ.ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ വി.കെ.സിധീഷ്, എൻ.ബിനീഷ്, ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ മനുപ്രസാദ്, മധു, അനിൽ, കാൽവിൻ റോഡ്രിഗസ്, ഉണ്ണിമായ, ഡ്രൈവർമാരായ ഷൈലേഷ്, നിഖിൽ ശ്രീനിവാസൻ, ഹോം ഗാർഡ് അനൂപ്, വെള്ളിമാടുകുന്ന് യൂണിറ്റിലെ ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ ഹരീഷ്, ജിതിൻ, കിരൺ നാരായണൻ എന്നിവരടങ്ങിയ സംഘമാണു മുക്കാൽ മണിക്കൂറിലധികം പരിശ്രമിച്ചു തീ കെടുത്തിയത്.
കഴിഞ്ഞദിവസം ടോൾ പ്ലാസയ്ക്കു സമീപം ടാർ ലോറിയുടെ ടയറിനു തീപിടിച്ചിരുന്നു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

