കൊല്ലം ∙ പൂക്കൾ വാടിക്കരിയുന്നു…. പഴങ്ങള് പെട്ടെന്ന് ചീഞ്ഞളിയുന്നു….
പഴവർഗങ്ങളുടെ വരവ് കുറഞ്ഞതോടെ വിപണിയിൽ എല്ലാ ഇനങ്ങൾക്കും വില കൂടി…. കൊടും ചൂടിന്റെ ബാക്കി പത്രമാണിത്.
ദാഹശമനത്തിന് വെള്ളം കുടിക്കാതിരിക്കാൻ പറ്റില്ല, എന്നാൽ ശീതള പാനീയങ്ങളുടെയും ജ്യൂസുകളുടെയും വില വർധിക്കുമ്പോൾ കീറുന്നത് ജനങ്ങളുടെ പോക്കറ്റും.
വാടുന്ന പൂക്കൾ
പൂക്കൾ സ്റ്റോക്ക് ചെയ്യാൻ പറ്റിന്നുല്ലെന്നാണ് പൂക്കട ഉടമകൾ പറയുന്നത്.
ജില്ലയിൽ പ്രധാനമായും തമിഴ്നാട് ശങ്കരൻകോവിൽ, കർണാടക ബെംഗളൂരു മേഖലയിലെ പൂക്കളാണ് എത്തുന്നത്. ഇവിടെയുള്ള ചൂട് കൂടി പൂക്കൾ വാടി കരിഞ്ഞു പോകും.
നേരത്തെ രണ്ട് ദിവസത്തേക്ക് സ്റ്റോക്ക് ചെയ്യുമായിരുന്നു. ഓരോ ദിവസവും പൂക്കൾ അനുസരിച്ചാണ് മാലയും ബൊക്കെയും എല്ലാം ഒരുക്കുന്നത്.
ഏകദേശം മൂന്നാഴ്ചയായി ഇതേ അവസ്ഥയാണ്. ഇപ്പോൾ പൂക്കൾ നിരത്തിയുള്ള ഡിസ്പ്ലേ പോലും ചെയ്യുന്നില്ല.
അര മണിക്കൂറിൽ ആ പൂക്കൾ വാടിക്കരിയുമെന്നും അവർ പറഞ്ഞു.
നാരങ്ങയും നാരങ്ങാ വെള്ളവും
ചൂട് കടുത്തതോടെ ശീതളപാനീയ മേഖലയിൽ ഉണർവാണ്. ചെറിയ കടകളിൽ പോലും ഈ കാലയളവിൽ 200 വരെ നാരങ്ങ വെള്ളം വിറ്റു പോകുന്നുണ്ട്.
നാരങ്ങയുടെ വില കൂടിയതിനാൽ ചിലയിടങ്ങളിൽ നാരങ്ങ വെള്ളത്തിന്റെ വില അൽപം ഉയർത്തിയിട്ടുണ്ട്. ചൂട് തുടങ്ങുന്നതിന് മുൻപ് നാരങ്ങ കിലോഗ്രാമിന് 90 മുതൽ 100 രൂപ വരെയായിരുന്നു.
ഇപ്പോഴത് കിലോഗ്രാമിന് 250 രൂപയ്ക്കു മുകളിലാണ്. 10 കിലോഗ്രാം വരെ എടുക്കുന്നവർക്ക് കിലോഗ്രാമിന് 240 രൂപ വരെയാണ് ഈടാക്കുന്നത്.
ചില്ലറ വിപണയിൽ വില 260 രൂപ വരെയാണെന്നും നാരങ്ങ കച്ചവടക്കാർ പറയുന്നു.
ജ്യൂസും ശീതളപാനീയവും
ചൂടിൽ ജ്യൂസിനും മറ്റ് ശീതളപാനീയങ്ങൾക്കും വൻ ഡിമാൻഡാണ്. പഴങ്ങളുടെ വരവ് കുറഞ്ഞതോടെ ചിലയിടങ്ങളിൽ ജ്യൂസുകൾക്ക് അൽപം വിലകൂടിയിട്ടുണ്ട്.
എന്നാൽ, കേരളത്തിൽ നിന്ന് ലഭിക്കുന്ന മാമ്പഴം ഉൾപ്പെടെയുള്ളവ അതത് ദിവസത്തെ ഡിമാൻഡ് അനുസരിച്ച് മാത്രമാണ് ജ്യൂസ് കടക്കാർ സൂക്ഷിക്കുന്നത്. വാടിയ പഴങ്ങൾ ഉപയോഗിച്ചുള്ള ജ്യൂസ് കുട്ടികൾ ഉൾപ്പെടെയുള്ളരുടെ ആരോഗ്യത്തെ ബാധിക്കുമെന്നതും ഇവർ നേരിടുന്ന വലിയ വെല്ലുവിളിയാണ്.
പപ്പായ, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയുടെ ജ്യൂസിനാണ് ഏറ്റവും അധികം ഡിമാൻഡ്. കുക്കുംബർ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവയുടെ മിക്സ്ഡ് ജ്യൂസിനും ആവശ്യക്കാർ ഏറെയാണെന്നും ജ്യൂസ് കട
ഉടമകൾ പറഞ്ഞു.
പഴങ്ങൾ
ചൂട് ഏറെ ബാധിച്ചിരിക്കുന്നത് പഴവർഗ വിപണിയെയാണ്. ആപ്പിൾ, ഓറഞ്ച്, മുന്തിരി ഉൾപ്പെടെയുള്ളവയുടെ വില വർധിച്ചെന്നു മാത്രമല്ല സ്റ്റോക്ക് ചെയ്യാനും ബുദ്ധിമുട്ടാണ്.
കഴിഞ്ഞ വർഷം വരെ കനത്ത ചൂടിലും ആശ്വാസമായി മഴയെത്തുമായിരുന്നു. അപ്പോൾ താപനിലയും ഗണ്യമായി കുറഞ്ഞിരുന്നു.
അത്തരം സാഹചര്യങ്ങളിൽ കുറച്ചു പഴവർഗങ്ങൾ ചീഞ്ഞുപോയാലും സ്റ്റോക്ക് ചെയ്യാമായിരുന്നു. എന്നാൽ, ഒരു ദിവസത്തിൽ അധികം പഴവർഗങ്ങൾ ഒന്നും തന്നെ സ്റ്റോക്ക് ചെയ്യാൻ പറ്റില്ലാത്ത അവസ്ഥയാണ്.
ഉദാഹരണത്തിന് രാവിലെ രാവിലെ 10 തുറന്ന് വയ്ക്കുന്ന മാമ്പഴങ്ങൾ വൈകുവന്നേരം ആകുമ്പോഴേക്കും പുറംതൊലി ചുളിഞ്ഞ് വാടിപോകും. നേരത്തെ മൂന്ന് ദിവസം വച്ചാലും ഈ അവസ്ഥയിലേക്ക് പഴങ്ങൾ എത്തുമായിരുന്നില്ല.
സാധാരണ ചൂടിനെ അതിജീവിക്കുന്ന തണ്ണിമത്തൻ പോലും ഈ ചൂടിൽ പൊട്ടി തകർന്ന് പോകുമെന്നും പഴക്കട ഉടമകൾ പറയുന്നു.
അപ്രഖ്യാപിത പവർകട്ടിൽ വിയർത്തൊലിച്ച്
കൊല്ലം ∙ അപ്രഖ്യാപിത പവർകട്ടിൽ വിയർത്ത് ഒലിച്ച് ജനങ്ങൾ.
വൈദ്യുതി ഉപയോഗം കൂടിയ പശ്ചാത്തലത്തിലാണ് ഓട്ടമാറ്റിക് സംവിധാനത്തിലൂടെ ഫീഡറുകളിലേക്കുള്ള വൈദ്യുതി വിഛേദിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. കളമശേരിയിലെ കേന്ദ്രീകൃത സംവിധാനത്തിൽ നിന്നാണ് ഇത്തരത്തിൽ ഉപയോഗം കൂടുതലുള്ള ഫീഡറുകളുടെ സംരക്ഷണത്തിനായി വൈദ്യുതി വിഛേദിക്കുന്നത്.
അല്ലെങ്കിൽ ഗ്രിഡ് മൊത്തത്തിൽ തകരാറാകുമെന്ന് തുടർന്ന് വൈദ്യുതി പുനഃസ്ഥാപിക്കാൻ 5 ദിവസം വരെയെടുക്കുമെന്നും അവർ പറയുന്നു. കളമശേരിയിലെ കേന്ദ്രീകൃത സംവിധാനത്തിലൂടെ 24 മണിക്കൂറും വൈദ്യുതി ഉപയോഗം നിരീക്ഷിക്കുന്നുണ്ട്.
കംപ്യൂട്ടർ സംവിധാനത്തിലൂടെയാണ് ഓരോ ഫീഡറിലെയും വൈദ്യുതി വിഛേദിക്കുന്നത്. രാത്രിയിലാണ് ഉപയോഗം ഏറ്റവും കൂടുതലായുളളത്.
ഓരോ ഫീഡറിലും വിഛേദിക്കുന്ന വൈദ്യുതി 5 മുതൽ 15 മിനിറ്റിനുള്ളിൽ തിരികെ വരും. ഒരു ഫീഡറിൽ 25 മുതൽ 35 വരെ ട്രാൻസ്ഫോമറുകളുണ്ട്.
വൈദ്യുതി വിഛേദിക്കുന്നതിലൂടെ ട്രാൻസ്ഫോമറുകളുടെ സംരക്ഷണവും ഉറപ്പു വരുത്താമെന്നും അവർ പറഞ്ഞു.
പ്രതികൂലസാഹചര്യങ്ങളെ നേരിടാൻ തയാറെടുപ്പുകൾ നടത്തി: കലക്ടർ
കൊല്ലം ∙ കൊടും ചൂടിനെ തുടർന്ന് തൊഴിൽ നഷ്ടം, കൃഷിനാശം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ അനുഭവപ്പെടുകയാണെന്നും പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പുകൾ നടത്തിയെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ചെയർമാൻ കൂടിയായ കലക്ടർ എൻ.ദേവിദാസ് അറിയിച്ചു.
കുടിവെള്ള ദൗർലഭ്യത്തിനുള്ള പരിഹാര നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ കൈക്കൊള്ളുന്നുണ്ട്. പൊതു സ്ഥലങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയ പരിസരങ്ങളിലെയും ഇതര മേഖലകളിലെയും പാമ്പുകളുടെ വ്യാപനം പരിശോധിച്ച് പരിഹാര നടപടികൾ കൈക്കൊള്ളുന്നതിന് വനം-ആരോഗ്യവകുപ്പുകളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയുമാണ് ചുമതലപ്പെടുത്തിയത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് സംയുക്ത പരിശോധനയ്ക്ക് നിർദേശം നൽകി.
കെട്ടിടങ്ങൾക്ക് മുകളിലേക്ക് പടർന്ന മരച്ചില്ലകളും മുറിച്ചുനീക്കണം. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കി നീരൊഴുക്കിനു പര്യാപ്തമാക്കാൻ നിർദേശം നൽകി.
പാമ്പു കടിക്കുള്ള പ്രതിവിഷം (ആന്റിവെനം) ആശുപത്രികളിൽ കരുതിയിട്ടുണ്ട്.
മാലിന്യം നീക്കംചെയ്ത് അപകട സാഹചര്യം ലഘൂകരിക്കും.
സൂര്യാതപം കാരണമുള്ള ആരോഗ്യപ്രശ്നങ്ങളിൽ അടിയന്തരഘട്ട ചികിത്സകൾ കൃത്യതയോടെ നടപ്പിലാക്കാനും പാമ്പു കടിയേറ്റവരുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധചെലുത്താനും ഡിഎംഒയെ ചുമതലപ്പെടുത്തി.
വിവിധ താലൂക്ക് ആശുപത്രികളിൽ സംവിധാനമൊരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കൃഷി നാശം നേരിടുന്നവർക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കും.
ഓൺലൈൻ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കൈയുറകൾ പോലെയുള്ള താപ പ്രതിരോധ സംവിധാനങ്ങൾ വിതരണം ചെയ്യുന്നതിന് തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തി.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സമയക്രമീകരണം നടപ്പിലാക്കണം. സാാമ്പ്രാണിക്കോടിയിലെ തുറസ്യായ മേഖലകളിൽ നിയന്ത്രണം വേണം.
കൊല്ലം ബീച്ച്, പരവൂർ, താന്നി, അഴീക്കൽ മേഖലകളിലെ തീരത്തും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വിനോദ സഞ്ചാര വകുപ്പ്, ഡിടിപിസി എന്നിവയെ ചുമതലപ്പെടുത്തി.
കുടിവെള്ള വിതരണം
കുടിവെള്ള വിതരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നു കലക്ടർ അറിയിച്ചു. അറ്റകുറ്റപ്പണികൾ കൃത്യതയോടെ നടത്താൻ ജല അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്.
കുടിവെള്ളം സംബന്ധിച്ച് പ്രശ്നപരിഹാരത്തിന് ടോൾഫ്രീ നമ്പറായ 1916, ഹെൽപ് ലൈൻ-0474 2742993, ജില്ലാതല ഉദ്യോഗസ്ഥരുടെ 9400002040, 8547001229 നമ്പറുകളിലും വിളിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

