ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാള് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഇപ്പോൾ ബില്ലിനെ അനുകൂലിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി കങ്കണ റണൗട്ട്.
അദ്ഭുതകരമായ ആശയം എന്നാണ് കങ്കണ റണൗട്ട് വനിതാ ബില്ലിനെ വിശേഷിപ്പിച്ചത്. ഇതിനെല്ലാത്തിനും കാരണം ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ചിന്താശക്തിയുമാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തേ നടി ഇഷാ ഗുപ്തയും ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍. അതുവഴി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും. ബില്‍ പ്രകാരം പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കണം. ഈ സംവരണ സീറ്റുകള്‍ ചാക്രിക ക്രമത്തില്‍ മാറും.
യു.പി.എ. ഭരണകാലത്ത് 2008-ല്‍ കൊണ്ടുവന്ന ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു. പിന്നീട് പത്തുവര്‍ഷത്തിലേറെയായിട്ടും ബില്‍ ലോക്സഭയില്‍ വന്നില്ല. ഭരണഘടനയുടെ 108-ാം ഭേദഗതി ബില്‍ എന്നറിയപ്പെടുന്ന ഈ ബില്‍ 2008-ലാണ് തയ്യാറാക്കിയതെങ്കിലും 2010-ലാണ് രാജ്യസഭ പാസാക്കിയത്. ബില്‍ നിയമമാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും. എന്നാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]