പത്തനംതിട്ട ∙ അഗ്നിരക്ഷാ സേനയുടെ നിരാക്ഷേപ പത്രവും (എൻഒസി) നഗരസഭയുടെ കെട്ടിട
നമ്പറും ലഭിക്കാതെ കെഎസ്ആർടിസി ടെർമിനൽ. പത്തനംതിട്ട
ജില്ലാ ആസ്ഥാനത്തു നിർമിച്ച കെഎസ്ആർടിസി കെട്ടിടത്തിനാണ് ഈ അവസ്ഥ. വർഷങ്ങൾ പഴക്കമുള്ള പഴയ കെട്ടിടത്തിനു പകരം സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി ഇട്ടു തുടക്കം കുറിച്ചതു കെ.ശിവദാസൻ നായർ എംഎൽഎ ആയിരുന്ന കാലത്താണ്.
ഭരണമാറ്റം വന്നതോടെ രണ്ടു വർഷത്തോളം നിർമാണ പ്രവർത്തനങ്ങൾക്കു മുടക്കമായി. കരാർ എടുത്തവർക്കു നൽകേണ്ട
പണം കുടിശികയായതോടെയാണു പണികൾ മുടങ്ങിയത്. അങ്ങനെയാണു കെട്ടിടത്തിന്റെ പൂർത്തിയായ ഭാഗം ചൂണ്ടിക്കാട്ടി വ്യാപാരികൾക്കു വേണ്ടി ലേലം നടത്തിയത്.
പണം നൽകിയാലുടൻ കെട്ടിടം പൂർത്തിയാക്കി മുറികൾ ഇവർക്കു നൽകാമെന്നായിരുന്നു വാഗ്ദാനം.
2017 ലാണു താഴത്തെ നിലയിലുള്ള 18 കടമുറികൾ 13 പേർക്കായി ലേലത്തിൽ നൽകിയത്. കരുതിവച്ച സമ്പാദ്യം ഉപയോഗിച്ചും പലിശയ്ക്കു പണമെടുത്തുമാണ് എല്ലാവരും കടമുറി ലേലത്തിൽ പിടിച്ചത്.
ഒരു വർഷത്തിനുള്ളിൽ കടകൾ പൂർത്തിയാക്കി നൽകുമെന്നായിരുന്നു അന്നു വാഗ്ദാനം ചെയ്തത്. കച്ചവടക്കാരിൽ നിന്ന് 2.63കോടി രൂപയോളം കെഎസ്ആർടിസി ലേല തുകയായി വാങ്ങി.
നല്ലൊരു ശതമാനം തുകയും വ്യാപാരികൾ ഒന്നാമത്തെ ഗഡുവിൽ നൽകുകയും ചെയ്തു. എന്നാൽ കെട്ടിടം പണി നീണ്ടുപോയി.
2021ൽ കെഎസ്ആർടിസി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും നിർമാണത്തിലെ വീഴ്ചകൾ കാരണം കടമുറികൾ തുറന്നു നൽകാൻ സാധിച്ചില്ല.
പിന്നീട് പലപ്രാവശ്യം ഉടമകൾ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഒന്നിനും പരിഹാരമുണ്ടായില്ല. കടമുറി നൽകണമെന്ന ആവശ്യം ഉയർത്തി പല നിവേദനങ്ങൾ വിവിധ തലങ്ങളിൽ വ്യാപാരികൾ നൽകിയെങ്കിലും ഫലം ഉണ്ടാകാത്തതിനെ തുടർന്നു വ്യാപാരികൾ ഇനി കടമുറികൾ വേണ്ട
എന്ന തീരുമാനത്തിലെത്തി. അടച്ച പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതിനെ തുടർന്നു നിയമപരമായ നീക്കങ്ങൾ ആരംഭിച്ചതോടെ പണം മടക്കി നൽകാൻ കെഎസ്ആർടിസി അധികൃതർ തയാറായി.
മിക്കവർക്കും പണം തിരികെ നൽകിയെങ്കിലും ഒരു രൂപ പോലും പലിശ ഇനത്തിൽ നൽകാൻ കെഎസ്ആർടിസി തയാറായില്ല.
എന്നാൽ വ്യാപാരികളിൽ പലർക്കും പലിശ ഇനത്തിൽ ആയിരങ്ങളാണു ചെലവായത്. പുതിയ കെട്ടിടത്തിൽ ചോർച്ചയുണ്ടായതിനെ തുടർന്നു നടന്ന അന്വേഷണത്തിൽ നിർമാണത്തിൽ പോരായ്മകളുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
മുകൾ നിലയിലെ പല മുറികളും ചോർന്നൊലിക്കുന്ന സ്ഥിതിയായിരുന്നു. വീണ്ടും അറ്റകുറ്റപ്പണികൾ ചെയ്തു പോരായ്മകൾ പരിഹരിച്ചതായാണു പറയുന്നത്.
അഗ്നിരക്ഷാസേനാ മാർഗനിർദേശങ്ങൾ പാലിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതു കാരണം സേന നിരാക്ഷേപപത്രം നൽകിയിട്ടില്ല.
നഗരസഭ കെട്ടിടനമ്പർ നൽകാനും തയാറായിട്ടില്ല. അതിനാൽ കടമുറികൾ വാടകയ്ക്കു നൽകാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കെഎസ്ആർടിസി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

