പന്തളം ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും നിലനിൽക്കെ, ഏറ്റെടുക്കേണ്ട
ഭൂമിയുടെ വിലനിർണയ നടപടികളിലേക്ക് കിഫ്ബിയും റവന്യു വിഭാഗവും കടന്നു. ഇതിന്റെ ഭാഗമായി പദ്ധതി പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും ആയിരത്തിലധികം വിലയാധാരങ്ങൾ സബ് റജിസ്ട്രാർ ഓഫിസ് വഴി അധികൃതർ ശേഖരിച്ചു.
ആറു മാസത്തോളം നീണ്ട സർവേ നടപടികൾ പൂർത്തിയായ ശേഷമാണ് ഈ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.
പുരയിടം, പാടശേഖരം, പ്രധാന റോഡിനോട് ചേർന്നുള്ള ഭാഗങ്ങൾ, ഉപറോഡുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ആധാരങ്ങൾ പരിശോധിക്കുന്നത്. ഈ പ്രക്രിയ പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
2018ൽ ശിലയിട്ട പദ്ധതിക്ക് 28.78 കോടി രൂപയാണ് അടങ്കൽ തുക നിശ്ചയിച്ചിരിക്കുന്നത്.
3.8 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ വിലയാധാരങ്ങളാണ് പരിശോധനയ്ക്കായി എടുത്തിട്ടുള്ളത്.
ഈ തുകയുടെ ഇരട്ടിയും 12 ശതമാനം പലിശയും ചേർത്തു നൽകാനാണ് വ്യവസ്ഥ. ഭൂമിയ്ക്ക് പുറമേ നഷ്ടപ്പെടുന്ന നിർമാണങ്ങളുടെയും മരങ്ങളുടെയും വിലയും ഇതിനൊപ്പം കണക്കാക്കും.
ഈ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ഘട്ടത്തിലേക്ക് കടക്കും. ഭൂമി ഏറ്റെടുക്കലിലെ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട്.
പദ്ധതിക്കെതിരായ ആശങ്കകൾ ഇനിയും ഒഴിഞ്ഞിട്ടില്ല. ബൈപാസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും എംസി റോഡിലെ തിരക്കേറിയ ഭാഗത്താണെന്നും ഇതിലൂടെ അഞ്ചു കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരുമെന്നുമായിരുന്നു തുടക്കത്തിലുണ്ടായ പ്രധാന പരാതി.
ഭൂമി ഏറ്റെടുക്കലിനായി സർവേ ആരംഭിച്ചതോടെയാണ് പ്രളയസാധ്യത അടക്കമുള്ള ആശങ്കകൾ ശക്തമായത്. പദ്ധതി പ്രദേശത്ത് ആകെ 407 കുടുംബങ്ങളാണ് ഉള്ളത്.
മങ്ങാരം, മുട്ടാർ, തോന്നല്ലൂർ, പാലത്തടം എന്നിവിടങ്ങളിലെ താമസക്കാരാണ് ആശങ്കയേറെയും പങ്കുവെക്കുന്നത്. വാളകത്തിനാൽ പാടത്തിലൂടെയും മുട്ടാർ നീർച്ചാലിനു കുറുകെയുമാണ് നിലവിലെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
2018 ലെ പ്രളയത്തിൽ ഈ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. പാടശേഖരം നികത്തി നിർമാണം നടത്തിയാൽ പ്രത്യാഘാതം ഇരട്ടിയാകുമെന്നാണ് നാട്ടുകാരുടെ പ്രധാന ആശങ്ക.
മങ്ങാരം ഭാഗത്ത് ആവശ്യത്തിന് സ്ഥല ലഭ്യതയുണ്ടായിട്ടും വീടുകൾ പൂർണ്ണമായി നഷ്ടപ്പെടുന്ന രീതിയിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നതെന്നും പരാതിയുണ്ട്. മേൽപ്പാലം നിർമിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന ചർച്ചകൾ ഉയർന്നുവന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടായില്ല.
ഇതിനിടയിൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്. കുറുന്തോട്ടയം പാലം പുനർനിർമിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ജങ്ഷനിലെ ഗതാഗതക്കുരുക്കിന് യാതൊരു കുറവുമില്ല.
മിക്ക സമയങ്ങളിലും കിലോമീറ്ററുകളോളമാണ് വാഹനനിര നീളുന്നത്. കടുത്ത തിരക്കുള്ള സമയങ്ങളിൽ പോലും ഗതാഗതം നിയന്ത്രിക്കാൻ ഹോംഗാർഡുകൾ മാത്രമാണുള്ളത്.
ഈ സാഹചര്യത്തിൽ പൊലീസിന്റെ സേവനം കൂടി ലഭ്യമാക്കണമെന്നാണ് ശക്തമായ ആവശ്യം ഉയരുന്നത്. തീർഥാടനകാലം എത്തുന്നതോടെ നഗരത്തിലെ തിരക്ക് വൻതോതിൽ വർധിക്കും.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ സൗകര്യമില്ലാത്തതാണ് പ്രധാന വെല്ലുവിളി. എംസി റോഡിൽ നോ പാർക്കിങ് ഏരിയകളും സ്റ്റാൻഡുകളും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും ഇത് പാലിക്കുന്നില്ല.
റോഡിന്റെ ഇരുവശങ്ങളിലും തോന്നിയതുപോലെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. നഗരസഭയുടെ പാർക്കിങ് സ്ഥലം സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സ്ഥിതി ചെയ്യുന്നത്.
എന്നാൽ തിരക്കേറിയ കെഎസ്ആർടിസി റോഡിൽ നിന്ന് ഇവിടേക്ക് വാഹനങ്ങൾ കയറാൻ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് കാരണം ആരും ഈ സൗകര്യം ഉപയോഗപ്പെടുത്താറില്ല. ഇത് നിയന്ത്രിക്കാൻ പൊലീസോ ഹോംഗാർഡോ ശ്രദ്ധ ചെലുത്തുന്നുമില്ല.
ജില്ലയിലെ പത്തനംതിട്ട, അടൂർ, തിരുവല്ല എന്നിവിടങ്ങളിൽ ട്രാഫിക് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്ന പന്തളത്ത് ഇനിയും ട്രാഫിക് യൂണിറ്റ് അനുവദിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

