താമരശ്ശേരി ∙ വയനാട് ചുരത്തിലെ 8ാം വളവിൽ തിങ്കളാഴ്ച പകൽ 3.30ന് ആക്സിൽ പൊട്ടി കുടുങ്ങിയ ടാങ്കർ ലോറി ഇന്നലെ പുലർച്ചെ 2 മണിക്കാണ് അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനായത്.
ചുരത്തിൽ പത്തര മണിക്കൂർ നീണ്ട ഗതാഗത കുരുക്കിൽ അകപ്പെട്ട
വാഹനങ്ങളുടെ നീണ്ട നിര മേലെ വൈത്തിരിയും അടിവാരം വരെയും എത്തിയിരുന്നു.
പൊലീസ് വൺവേയായി വാഹനങ്ങൾ കടത്തി വിട്ടെങ്കിലും ചുരത്തിലെ വാഹന പെരുപ്പം മൂലം മുന്നോട്ട് നീങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. വയനാട്ടിൽ നിന്ന് ഒരു മണിയോടെയാണ് ക്രെയിൻ 8ാം വളവിൽ എത്തിച്ചേർന്നത്.
ജെസിബിയുടെ സഹായത്തോടെ സിമന്റ് നിറച്ച ടാങ്കർ ലോറി തകരപ്പാടിയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഈ ഒരു മണിക്കൂർ നേരം ഫലത്തിൽ ഇരു ചക്ര വാഹനങ്ങൾക്ക് പോലും കടന്ന് പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ചുരത്തിൽ ഇരുവശത്തും നിര നിരയായി കിടന്ന വാഹനങ്ങൾ കടന്നു പോകാൻ ടാങ്കർ ലോറി നീക്കിയ ശേഷവും പിന്നെയും മണിക്കൂറുകൾ വേണ്ടി വന്നു.
രാത്രി പൊലീസ് പിടിച്ചിട്ട മൾട്ടി ആക്സിൽ വാഹനങ്ങളും ടാങ്കർ ലോറി നീക്കയ ശേഷമാണ് കടത്തിവിട്ടത്.
ഇന്നലെ രാവിലെ കുരുക്കഴിഞ്ഞ് തുടങ്ങിയതോടെ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കേടായി വീണ്ടും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പിന്നാലെ പിക്കപ് കൂടി കുടുങ്ങിയതോടെ ഫലത്തിൽ ഇന്നലെ പകൽ 11 മണിയോടെയാണ് ചുരത്തിൽ വാഹന ഗതാഗതം സുഗമമായത്.
വിഷുവും സ്കൂൾ അവധിയും പ്രമാണിച്ച് കഴിഞ്ഞ കുറച്ചു ദിവസമായി വയനാട്ടിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്. വാഹന ബാഹുല്യത്തിനൊപ്പം വാഹനങ്ങൾ കേടാവുന്നതും വാഹനാപകടങ്ങളുമാണ് ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നത്.
വയനാട് ബൈപാസ് യാഥാർഥ്യമാക്കണം
താമരശ്ശേരി ∙ ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായ നിർദിഷ്ട
വയനാട് ബൈപാസ് (ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ) യാഥാർഥ്യമാക്കണമെന്ന മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും ദേശീയ പാത വിഭാഗം ഡിപിആർ തയാറാക്കാൻ ടെൻഡർ ക്ഷണിച്ചത് മാത്രമാണ് ഏക പുരോഗതി. കഴിഞ്ഞ 7ാം തീയതി വരെയായിരുന്നു ടെൻഡർ അപേക്ഷ നൽകുന്നതിനുള്ള കാലാവധി.
നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആണ് ചുരം ബൈപാസ് ഉൾപ്പെടെ കോഴിക്കോട് മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെ നാലുവരി പാതായാക്കുന്നതിനുവേണ്ടി ഡിപിആർ തയാറാക്കുന്നതിന് ടെൻഡർ ക്ഷണിച്ചത്.
എന്നാൽ ബന്ധപ്പെട്ട ജനപ്രതിനിധികളും മറ്റും വയനാട് ബൈപാസിന്റെ കാര്യത്തിൽ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നു വന്നിട്ടുണ്ട്.
ടൂറിസം പ്രധാന ആശ്രയമായി മാറിക്കൊണ്ടിരിക്കുന്ന വയനാടിന്റെ വികസനത്തെ പോലും ചുരത്തിലെ അഴിയാക്കുരുക്ക് സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ചുരത്തിൽ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കും യാത്രക്കാരുടെ കഷ്ടപ്പാടും കണക്കിലെടുത്ത് വയനാട് ബൈപാസ് യാഥാർഥ്യമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

