കോഴിക്കോട് ∙ മെറ്റീരിയൽ റൂം തുറക്കണമെങ്കിൽ മുൻകൂട്ടി നോട്ടിസ് നൽകണമെന്ന നടപടിക്രമം പാലിക്കാതെയാണ് റിട്ടേണിങ് ഓഫിസർ റൂം തുറന്നതെന്നു വ്യക്തമാക്കുന്നതാണ് പേരാമ്പ്രയിലെ സ്ഥാനാർഥികളുടെ പ്രതികരണങ്ങൾ. ഇന്നലെ രാവിലെ മുറി തുറക്കുന്നുണ്ടെന്നും അടിയന്തരമായി പ്രതിനിധിയെ അയയ്ക്കണമെന്നും റിട്ടേണിങ് ഓഫിസർ ആവശ്യപ്പെട്ടതെന്ന് പേരാമ്പ്രയിലെ സ്ഥാനാർഥികൾ വ്യക്തമാക്കി.
പുറത്തറിഞ്ഞത് യുഡിഎഫ് പ്രവർത്തകരുടെ ജാഗ്രത കാരണം
∙ പോളിങ് യന്ത്രങ്ങൾക്കു കാവൽ നിന്ന യുഡിഎഫ് പ്രവർത്തകരുടെ ജാഗ്രതയാണു സ്ട്രോങ് റൂം വിവാദം പുറത്തെത്താൻ കാരണമായത്.
കോഴിക്കോട് നോർത്തിലെ കോൺഗ്രസ് സ്ഥാനാർഥി കെ.ജയന്ത് ആണ് പോളിങ് യന്ത്രങ്ങൾക്കു കാവൽ നിൽക്കാൻ അനുമതി ആവശ്യപ്പെട്ടു കലക്ടറെ ആദ്യം സമീപിച്ചത്. അനുമതി ലഭിച്ചതോടെ 8 മണ്ഡലങ്ങളുടെയും സ്ട്രോങ് റൂമുകളുടെ സിസിടിവി ദൃശ്യങ്ങൾക്കു മുൻപിൽ ജെഡിടിയിലെ വളപ്പിൽ 24 മണിക്കൂറും യുഡിഎഫ് പ്രവർത്തകർ കാവൽ നിന്നു.
കാവൽ നിൽക്കാൻ തുടങ്ങിയ ആദ്യ ദിവസം തന്നെ രാത്രി 11 മണിക്ക് നോർത്ത് മണ്ഡലത്തിലെ 7 സിസിടിവികൾ പ്രവർത്തനരഹിതമായി.
രാത്രി റിട്ടേണിങ് ഓഫിസറെ വിളിച്ചുണർത്തി 10 മിനിറ്റിനുള്ളിൽ ഇവർ ഇതു പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം സൗത്ത് മണ്ഡലത്തെ സിസിടിവിക്കും തകരാറുണ്ടായെങ്കിലും പ്രവർത്തകരുടെ ഇടപെടലുണ്ടായി.
തുടർന്നാണ് ഇന്നലെ സ്ട്രോങ് റൂമിലേക്ക് ജീവനക്കാർ കയറുന്ന ദൃശ്യങ്ങൾ കൂടി ഇവർ പുറത്തു വിട്ടത്. വിവാദമായതോടെ സ്ട്രോങ് റൂമിലേക്ക് അല്ല കയറിയതെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും സംഭവത്തിനു പിന്നിലെ പുകമറ ഇപ്പോഴും നീങ്ങിയിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു യുഡിഎഫ് സ്ഥാനാർഥികൾ
∙ പോളിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
സ്ട്രോങ് റൂമിനുള്ളിൽ ഉദ്യോഗസ്ഥർ ലാപ്ടോപ് ഉപയോഗിച്ച് ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്ട്രോങ് റൂം പരിസരത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും സ്ഥാനാർഥികൾ പരാതിയിൽ പറഞ്ഞു.
റിട്ടേണിങ് ഓഫിസർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അവരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കണം.
സുരക്ഷാ ചുമതല പൂർണമായും കേന്ദ്ര സേനയെ ഏൽപിക്കണമെന്നും കെ.പ്രവീൺ കുമാർ (കൊയിലാണ്ടി), എം.എ.റസാഖ് (കുന്നമംഗലം), കെ.ജയന്ത് (കോഴിക്കോട് നോർത്ത്), ഫൈസൽ ബാബു (കോഴിക്കോട് സൗത്ത്), ഫാത്തിമ തഹ്ലിയ (പേരാമ്പ്ര), വി.ടി. സൂരജ് (ബാലുശ്ശേരി) എന്നിവർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
നേതാക്കളുടെ പ്രതികരണം
∙ സ്ട്രോങ് റൂം തുറന്ന സംഭവത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
∙ പ്രതിപക്ഷനേതാവ് നേരത്തെ മുന്നറിയിപ്പ് നൽകിയതു പോലെ ഗുരുതരമായ അട്ടിമറിയുടെ ഏറ്റവും വലിയ തെളിവാണ് സ്ട്രോങ് റൂം തുറന്നതിലൂടെ വെളിവാക്കപ്പെട്ടതെന്നു യുഡിഎഫ് ചെയർമാൻ വി.ഡി.ജോസഫ്, കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ പറഞ്ഞു. ∙ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെൽ കോ ഓർഡിനേറ്റർ വി.കെ.സജീവൻ.
മുന്നറിയിപ്പുകളോ നോട്ടിസോ ഇല്ലാതെ ഇത്തരം നീക്കം നടത്തിയത് തെറ്റായ കീഴ് വഴക്കമാണ്. കേന്ദ്രസേന സുരക്ഷ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
മെറ്റീരിയൽ റൂമും സ്ട്രോങ് റൂമും
വോട്ടുചെയ്ത വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം, വിവിപാറ്റ്) സൂക്ഷിക്കുന്ന അതീവ സുരക്ഷാ മേഖലയാണു സ്ട്രോങ് റൂം.
ഇത് സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ സീൽ ചെയ്തുകഴിഞ്ഞാൽ വോട്ടെണ്ണൽ ദിവസം മാത്രമേ തുറക്കാവൂ. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട
മറ്റ് ഫോമുകൾ (ഉദാഹരണത്തിന്: ഫോം 17എ, 17സി, പ്രിസൈഡിങ് ഓഫിസറുടെ ഡയറി, മറ്റ് സ്റ്റാറ്റ്യൂട്ടറി രേഖകൾ) സൂക്ഷിക്കുന്ന ഇടമാണ് മെറ്റീരിയൽ റൂം. പോളിങ് കഴിഞ്ഞ ദിവസം പോളിങ് യന്ത്രങ്ങൾ സ്റ്റോർ റൂമിലേക്കു മാറ്റി സീൽ ചെയ്യുന്നതിനൊപ്പം മെറ്റീരിയൽ റൂമും അടയ്ക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

