വാളയാർ ∙ അപകടവും മരണവും തുടർക്കഥയായിട്ടും വാളയാർ ഡാമിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണം വരുത്താനോ മതിയായ സുരക്ഷാ സംവിധാനമൊരുക്കാനോ അധികൃതർ തയാറാകുന്നില്ല. കഴിഞ്ഞ 6 വർഷത്തിനിടെ വാളയാർ ഡാമിൽ മുങ്ങി മരിച്ചത് 6 സ്ത്രീകൾ ഉൾപ്പെടെ 36 പേരാണ്.
ഇവരിലേറെയും കോളജ് വിദ്യാർഥികളും തമിഴ്നാട്ടിൽ നിന്നുള്ളവരുമാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം പൊലിഞ്ഞത് 18 ജീവനുകളാണ്.
2017 നവംബറിൽ തമിഴ്നാട്ടിലെ സ്വകാര്യ കോളജുകളിലെ 2 വിദ്യാർഥികൾ മുങ്ങി മരിച്ചതിനെത്തുടർന്ന് ഡാമിനകത്ത് അഗ്നിരക്ഷാസേന സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഒരുക്കി.
ഡാമിൽ കുളിക്കാനിറങ്ങവേ 2018 ഏപ്രിൽ മാസം അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ രാത്രി മുങ്ങി മരിച്ചു. അതേ വർഷം തന്നെ കോവൈപുതൂർ സ്വദേശികളായ 5 വിദ്യാർഥികളും ഡാമിൽ മുങ്ങിമരിച്ചു.
2021ൽ 3 വിദ്യാർഥികളും അണക്കെട്ടിൽ മുങ്ങി മരിച്ചു. 2026 ൽ മാത്രം 5 തമിഴ്നാട് സ്വദേശികൾ അണക്കെട്ടിൽ മുങ്ങിമരിച്ചു.
അതിർത്തിയോട് ചേർന്ന് കിടക്കുന്ന കോയമ്പത്തൂരിലെ സ്വകാര്യ കോളേജുകളിൽ നിന്ന് ഒട്ടേറെപ്പേരാണ് അവധി ദിവസങ്ങളിലും മറ്റും വാളയാർ സന്ദർശിക്കുന്നത്. മണലെടുത്തുണ്ടായ കുഴികളാണ് പലപ്പോഴും അപകടക്കെണിയാവുന്നത്.
പ്രത്യക്ഷത്തിൽ ഇതു കാണാൻ സാധിക്കില്ല. ഇതറിയാതെ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.
നീന്തൽ അറിയുന്നവർ പോലും ചെളിയിൽ കുടുങ്ങി അപകടത്തിൽപ്പെടുന്നതാണ് പതിവെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.
പ്രവേശനം തടയാൻ വഴിതേടി അഗ്നിരക്ഷാസേന
വൈദ്യുത വേലി ഉപയോഗിച്ചു കെട്ടിയടച്ച് തമിഴ്നാട് മേഖല വഴിയുള്ള പ്രവേശനം തടയാനും അപകടം കുറയ്ക്കാൻ കൂടുതൽ മേഖലയിൽ മുന്നറിയിപ്പ് സംവിധാനമൊരുക്കാനുമാണ് അഗ്നിരക്ഷാസേനയുടെ ശ്രമം. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാൻ പൊലീസ്, വാളയാർ ഡാം ജലസേചന വിഭാഗം, തമിഴ്നാട് പൊലീസ് എന്നിവരുമായി അടുത്ത ദിവസം യോഗം ചേരുമെന്നും കഞ്ചിക്കോട് അഗ്നിരക്ഷാസേനയിലെ ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ബെന്നി കെ.ആൻഡ്രൂസ് അറിയിച്ചു.
നിലവിൽ ഡാമിലേക്ക് ഏതു സമയത്തും പല വഴികളിലൂടെ പ്രവേശിക്കാം.
പ്രധാനമായും തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ നിന്നു ഡാമിൽ അനധികൃതമായി പ്രവേശിക്കാൻ 4 വഴികളുണ്ട്. കന്നുകാലികളും മീൻപിടിത്തക്കാരും ഇവിടെ എത്തുന്ന സഞ്ചാരികളുമൊന്നും യാതൊരു സുരക്ഷയുമില്ലാതെയാണ് ഡാമിലേക്ക് പ്രവേശിക്കുന്നത്.
ഇതിനു നിയന്ത്രണമുണ്ടായാൽ അപകടം കുറയ്ക്കാൻ സാധിക്കും. തമിഴ്നാട് പൊലീസിന്റെ നിരീക്ഷണവും മേഖലയിൽ ഉറപ്പാക്കമെന്നും അഗ്നിരക്ഷാസേന നിർദേശിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

