തിരുവല്ല ∙ ഓടി എത്തേണ്ട തിരുവല്ല അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ സ്റ്റേഷന്റെ 200 മീറ്റർ പിന്നിടാൻ ഏറെ സമയമെടുക്കുന്നു.
സ്റ്റേഷന് മുൻപിലെ റോഡിന്റെ, ആദ്യ 75 മീറ്റർ നിറയെ കുണ്ടും കുഴിയും ആണ്. 2 ആഴ്ച മുൻപ് രക്ഷാപ്രവർത്തനത്തിനായി പോകുന്നതിനിടെ വാഹനത്തിന്റെ ടയർ പഞ്ചറായി.
പിന്നീട് ഉള്ളത് പ്രധാന റോഡിലേക്ക് ഇറങ്ങുന്നതിന് ഇടയിലെ 125 മീറ്റർ ദൂരമാണ്. ഇവിടെ റോഡിനിരുവശവും വാഹനങ്ങളുടെ അനധികൃത പാർക്കിങ് ആണ് വില്ലൻ.
അടിയന്തര ഘട്ടങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനം ഇടിച്ചിട്ടിട്ടു പോകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.
ഇതിനു പുറമേ സമീപത്തെ റവന്യു ടവറിലേക്ക് വാഹനങ്ങൾ വരുന്ന സമയത്ത് തന്നെ അഗ്നിരക്ഷാ വാഹനങ്ങൾ പാഞ്ഞെത്തുമ്പോൾ ഗതാഗത കുരുക്കുണ്ടാക്കുന്നു.
വാഹനങ്ങൾ തിരിയാനും ബുദ്ധിമുട്ടുണ്ട്. കോടതിയടക്കം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
പ്രധാനപ്പെട്ട കേസുകളിൽ പ്രതികളെ കോടതിയിൽ ഹാജരാക്കുന്ന വേളയിൽ തിരക്കു മൂലം കുരുക്ക് രൂക്ഷമാകും.
സമീപത്തെ തിരുവല്ല–കായംകുളം സംസ്ഥാന പാതയിലേക്ക് വേഗത്തിലെത്താൻ കഴിയാറില്ലെന്നു അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പറയുന്നു.
എന്നാൽ നിങ്ങൾ കേസ് കാെടുക്ക്
റോഡിലെ ഗതാഗതം മുടക്കി കിടക്കുന്ന വാഹനങ്ങൾ മാറ്റാൻ ആവശ്യപ്പെടുമ്പോൾ കിട്ടുന്ന മറുപടിയാണിത്. ട്രഷറി, സബ് റജിസ്ട്രാർ, അഭിഭാഷകർ, എംഎൽഎ എന്നിവരുടെ ഓഫിസുകളിലേക്കു എത്തുന്ന വാഹനങ്ങളാണ് അധികവും വഴി മുടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വാഹനം മാറ്റാതെ കിടന്നതിനെത്തുടർന്നു സേന വാഹനത്തിന് ഒരിക്കൽ മെമ്മോ വരെ കിട്ടിയിരുന്നു. കൃത്യമായ മറുപടി നൽകിയ ശേഷമാണ് പിന്നീട് അത് റദ്ദാക്കിയത്.
ഒരിക്കൽ കിണറ്റിൽ വീണ ആളെ രക്ഷിക്കാൻ പോയ സന്ദർഭത്തിൽ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സുഹൃത്തിന്റെ കാർ തന്നെ വഴി മുടക്കി കിടന്നു. മറ്റു മാർഗമില്ലാതെ സൈഡ് ഉരച്ചു പോകേണ്ടി വന്നു.
പിന്നീട് ഉടമ പ്രതിഷേധിച്ചെങ്കിലും, വാഹനം വഴിമുടക്കിയതിൽ റിമാൻഡിലാകുമെന്ന ബോധ്യം വന്നശേഷമാണ് കേസ് വേണ്ടെന്നു പറഞ്ഞു മടങ്ങിയത്.
75 മീറ്റർ എപ്പോൾ ശരിയാക്കും
അഗ്നിരക്ഷാ ഓഫിസിന് മുൻപിലെ 75 മീറ്റർ ദൂരത്തിലെ റോഡിന്റെ പണികൾ നടത്താൻ 4 മാസം മുൻപ് താലൂക്ക് സഭ കൂടി തീരുമാനം എടുത്തതാണ്. തുകയും അനുവദിച്ചു.
2 ആഴ്ച മുൻപ് കരാർ ഏറ്റെടുത്തതായി പാെതുമരാമത്ത് വകുപ്പും പറയുന്നു. പക്ഷേ പണികൾ ഇനിയും തുടങ്ങിയിട്ടില്ല.
ഇതിനോടകം റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് അഗ്നിരക്ഷാ വാഹനത്തിന്റെ ടയറുകൾ പഞ്ചറായ സാഹചര്യമുണ്ടായി. ഒരു ടയർ പൂർണമായും നശിച്ചു.
നിലവിൽ സ്റ്റെപ്പിനിയിലാണ് ഓടുന്നത്. വിഷയത്തിൽ ഹെഡ് ഓഫിസിലേക്ക് കത്ത് എഴുതി കാത്തിരിക്കുകയാണ് അധികൃതർ.
പാർക്കിങ് എവിടെ
റവന്യു ടവറിന്റെ മുൻവശത്തും സമീപ ഭാഗങ്ങളിലുമാണ് പ്ലാൻ പ്രകാരം പാർക്കിങ് കാണിച്ചിട്ടുള്ളത്.
എന്നാൽ ഇതിലെ ചില ഭാഗങ്ങളിൽ നിലവിൽ സർക്കാർ ഓഫിസുകൾ അടക്കം പ്രവർത്തിക്കുകയാണ്. 10 വർഷത്തിലധികമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളും ഇക്കൂട്ടത്തിലുണ്ട്.
റവന്യു ടവറിലും സമീപത്തെ സർക്കാർ ഓഫിസുകളിലും എത്തുന്നവർക്ക് ആവശ്യത്തിനുള്ള പാർക്കിങ് സംവിധാനം ഒരുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ റോഡിന്റെ ഇരുവശത്തെയും പാർക്കിങ് ഒഴിവാക്കേണ്ടതാണ്.
അടിയന്തര സേവനങ്ങളെ ഇത് പൂർണമായും തടസ്സപ്പെടുത്തുന്നു. വിഷയത്തിൽ റവന്യു അധികൃതരുടെ ഭാഗത്തു നിന്നു നടപടിയുണ്ടാകണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

