വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾക്ക് പിന്നിൽ വൻകിട
ആഗോള നിക്ഷേപകരുടെ പങ്കാളിത്തം വ്യക്തമാകുന്നു. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്സി) ഉപകമ്പനിയായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിൽ (ടിഐഎൽ) യുഎസ് ആസ്ഥാനമായ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ പാർട്ണേഴ്സ് (ജിഐപി) 20 ശതമാനം ഓഹരികൾ കൈവശം വെക്കുന്നുണ്ട്.
ആഗോളതലത്തിൽ അറിയപ്പെടുന്ന അസറ്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക്റോക്ക്, 2024-ൽ ജിഐപിയെ ഏറ്റെടുത്തതോടെയാണ് ഈ സാമ്പത്തിക ഘടനയിൽ നിർണായക മാറ്റങ്ങൾ സംഭവിച്ചത്. അദാനി ഗ്രൂപ്പ് ഈ വിഷയം ഔദ്യോഗികമായി സർക്കാരിനെ അറിയിച്ചത് ഒരാഴ്ച മുൻപ് മാത്രമാണെങ്കിലും, കഴിഞ്ഞ ഒരു വർഷമായി അദാനി ഗ്രൂപ്പും ടിഐഎലും തമ്മിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നാണ് റിപ്പോർട്ടുകൾ.
തുറമുഖ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ടിഐഎല്ലിൽ എംഎസ്സിക്ക് 70 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ശേഷിക്കുന്നവയിൽ 20 ശതമാനം ജിഐപിക്കും, 10 ശതമാനം സിംഗപ്പൂർ ആസ്ഥാനമായ ജിഐസി പ്രൈവറ്റ് ലിമിറ്റഡിനുമാണ്.
2024 ഒക്ടോബറിൽ 1250 കോടി ഡോളറിന്റെ ഇടപാടിലൂടെയാണ് ജിഐപിയെ ബ്ലാക്ക്റോക്ക് സ്വന്തമാക്കിയത്. സമുദ്രവ്യാപാര രംഗത്തും തന്ത്രപ്രധാനമായ തുറമുഖങ്ങളിലും സ്വാധീനം ഉറപ്പിക്കാൻ യുഎസും ചൈനയും തമ്മിലുള്ള മത്സരത്തിൽ ബ്ലാക്ക്റോക്കിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്.
ജിഐപി വഴി ടിഐഎല്ലിന്റെ ഓഹരി പങ്കാളിയായതിന് പിന്നാലെ, ബ്ലാക്ക്റോക്കും ടിഐഎല്ലും ചേർന്ന് കഴിഞ്ഞ വർഷം 2280 കോടി ഡോളറിന്റെ വമ്പൻ തുറമുഖ കരാറിൽ ഒപ്പുവെച്ചിരുന്നു. ലോകത്തെ മുൻനിര പോർട്ട് ഓപ്പറേറ്റർമാരിലൊന്നായ ഹച്ചിസൺ ഹോൾഡിങ്ങിസിന്റെ പാനമ പോർട്സ് കമ്പനിയിലുള്ള 90 ശതമാനം ഓഹരികൾ വാങ്ങാനായിരുന്നു തീരുമാനം.
തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലുമായി വ്യാപിച്ചുകിടക്കുന്ന 43 തുറമുഖങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള ഈ കരാറിന് പിന്നാലെയാണ് ഇപ്പോൾ വിഴിഞ്ഞത്തേക്കും ഇവരുടെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് ഇത്തരം ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

