തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ സർജറിയിൽ അതീവ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികൾ കഴിയുന്നത് തുണി കെട്ടി മറച്ച താൽക്കാലിക ഐസിയുകളിലെന്ന ദൃശ്യം പുറത്ത്. ആശുപത്രിയിലെ മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിലെ വെന്റിലേറ്ററിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് പ്രവർത്തനം നിർത്തിയ ഇന്റൻസീവ് കെയർ യൂണിറ്റുകൾ (ഐസിയു) ഒരുമാസം കഴിഞ്ഞിട്ടും പ്രവർത്തന സജ്ജമാക്കാത്തതിനാലാണ് ഈ ദുരവസ്ഥ.
അണുബാധയും മറ്റു പ്രശ്നങ്ങളും ഉണ്ടാകുമെന്ന ആശങ്കയിലാണ് രോഗികളും ബന്ധുക്കളും. അടിയന്തരമായി കൂടുതൽ ഐസിയുകൾ നൽകണമെന്നാവശ്യപ്പെട്ട് ജനറൽ സർജറി വകുപ്പ് മേധാവി ഡോ.
എ.നിസാറുദ്ദീൻ പ്രിൻസിപ്പലിനും സൂപ്രണ്ടിനും കത്തുനൽകിയിട്ടും പ്രശ്നപരിഹാരമായില്ല.
മാർച്ച് 17നാണ് മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിലെ വെന്റിലേറ്ററിൽ തീപിടിത്തം ഉണ്ടായത്. തുടർന്ന് 38 ഐസിയു കിടക്കകൾക്കു പകരം 20 താൽക്കാലിക യൂണിറ്റുകൾ ഏർപ്പെടുത്തി.
തീപിടിത്തത്തെ തുടർന്ന് അടിയന്തരമായി രോഗികളെ താൽക്കാലിക ഐസിയുവിലേക്കു മാറ്റിയിരുന്നു. പിന്നാലെ വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 5 പേർ മരിച്ചതു വിവാദമായെങ്കിലും പ്രതിസന്ധിയില്ലെന്നും ഐസിയുകൾ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു ആശുപത്രി അധികൃതർ അവകാശപ്പെട്ടത്.
ആശുപത്രിയിലെ പൊതുമരാമത്ത് വകുപ്പും ഇലക്ട്രിക്കൽ വിഭാഗവും ഐസിയുകൾ അറ്റകുറ്റപ്പണി നടത്താൻ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണു വിവരം. തീപിടിത്തം ഉണ്ടായതിനെ തുടർന്ന് കേടായ വെന്റിലേറ്ററുകളും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
ജനറൽ സർജറി വിഭാഗത്തിലും ന്യൂറോയിലും ആവശ്യത്തിന് വെന്റിലേറ്ററുകൾ ഇല്ലാത്തതും തിരിച്ചടിയാണ്.
10 ഐസിയുകൾ അടുത്ത ആഴ്ച കൈമാറുമെന്ന് അധികൃതർ
10 ഐസിയുകൾ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ജനറൽ സർജറി വിഭാഗത്തിനു കൈമാറുമെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.പി.കെ.ജബ്ബാർ അറിയിച്ചു. ജനറൽ സർജറി വിഭാഗം മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തരയോഗം ചേർന്നിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ഐസിയുകളുടെ അറ്റകുറ്റപ്പണി ഏകദേശം പൂർത്തിയായി.
അടുത്ത ആഴ്ച ഐസിയുകൾ നൽകുന്നതോടെ പ്രശ്ന പരിഹാരമാകുമെന്നാണു പ്രതീക്ഷ. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി ലഭിക്കാൻ വൈകിയതാണ് ഐസിയു അറ്റകുറ്റപ്പണിക്കു തിരിച്ചടിയായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതുമൂലം പൊതുമരാമത്ത് വിഭാഗത്തിനും ഇലക്ട്രിക്കൽ വിഭാഗത്തിനും പണി ആരംഭിക്കാൻ സാധിച്ചില്ല. തുടർച്ചയായ അവധികളും അറ്റകുറ്റപ്പണിയെ ബാധിച്ചതായി അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

