രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ചരിത്രത്തിലാദ്യമായി ബോണസ് ഓഹരി വിൽപന പ്രഖ്യാപിച്ചു. നിശ്ചിത തീയതിക്കകം (റെക്കോർഡ് ഡേറ്റ്) എൽഐസിയുടെ ഓഹരികൾ കൈവശമുള്ളവർക്ക് ‘പാരിതോഷികമെന്നോണം’ കമ്പനി അധിക ഓഹരികൾ സൗജന്യമായി നൽകുന്നതാണ് ബോണസ് ഇഷ്യൂ.
ഫലത്തിൽ, പണംമുടക്കാതെ എൽഐസിയുടെ അധിക ഓഹരികൾ നിക്ഷേപകർക്ക് ലഭിക്കും.
10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും ഒന്നുവീതം അഥവാ 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം. കമ്പനിയുടെ 22 ലക്ഷത്തോളം വരുന്ന ഓഹരി നിക്ഷേപകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നിക്ഷേപമൂല്യം കൂടില്ല
ബോണസായി ഓഹരി കിട്ടിയെന്ന് കരുതി നിക്ഷേപമൂല്യത്തിൽ വർധനയുണ്ടാവില്ല.
ബോണസ് ഓഹരിക്ക് ആനുപാതികമായി ഓഹരിവില പരിഷ്കരിക്കുമെന്നതാണ് കാരണം. ഉദാഹരണത്തിന്, 809 രൂപയാണ് നിലവിൽ എൽഐസി ഓഹരിവില.
1:1 അനുപാതത്തിൽ ബോണസ് ഓഹരി നൽകുന്നതിനാൽ ഓഹരിവില 404.50 രൂപയായി മാറും.
നേട്ടമെന്ത്?
എൽഐസിയുടെ നിലവിലെ പെയ്ഡ്-അപ് ഇക്വിറ്റി ക്യാപിറ്റൽ 6,324.99 കോടി രൂപയാണ്. 10 രൂപ മുഖവിലയുള്ള ഓഹരികളുടെ ആകെ നിക്ഷേപമൂല്യമാണിത്.
ബോണസ് ഓഹരി വിതരണശേഷം ഇത് 12,649.99 കോടി രൂപയാകും. ∙ വിപണിയിൽ ഓഹരികളുടെ എണ്ണം ഉയരുകയും വില ആകർഷകമാവുകയും ചെയ്യുന്നതിനാൽ ഡിമാൻഡും പണമൊഴുക്കും വർധിക്കുമെന്നതാണ് ബോണസ് ഓഹരി വിതരണം കൊണ്ടുള്ള പ്രധാനനേട്ടം.
∙ അധികമായി ഓഹരികൾ കൈവശം ലഭിക്കുന്നത് നിക്ഷേപകർക്ക് ഗുണം ചെയ്യും.
ഭാവിയിൽ ഓഹരിവില ഉയർന്നാൽ നിശ്ചിത ഓഹരികൾ കൈവശംവച്ച് ബാക്കി വിറ്റഴിച്ച് ലാഭം നേടാം. കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചാലുള്ള നേട്ടം വേറെ.
റെക്കോർഡ് തീയതി എന്ന്?
ബോണസ് ഇഷ്യൂവിനുള്ള അർഹരെ നിശ്ചയിക്കാനുള്ള റെക്കോർഡ് തീയതി കമ്പനി പിന്നീട് പ്രഖ്യാപിക്കും.
അതേസമയം, ജൂൺ 12നകം ബോണസ് ഓഹരി വിതരണം പൂർത്തിയാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. റെക്കോർഡ് തീയതിവരെ എൽഐസിയുടെ ഓഹരികൾ കൈവശം ഉള്ളവരാണ് ബോണസ് ഓഹരികൾ നേടാൻ അർഹർ.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram

