പാലക്കാട് മാത്തൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരാൾക്ക് നേരെ ആസിഡ് ആക്രമണം. ഞായറാഴ്ച രാവിലെ നടന്ന സംഭവത്തിൽ സതീഷ് കുമാർ എന്ന വ്യക്തിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടായി പോലീസ് കോയമ്പത്തൂരിൽ വെച്ച് ഇന്നലെ രാത്രിയോടെ പിടികൂടി. സംഭവത്തിൻ്റെ പശ്ചാത്തലം ഇപ്രകാരമാണ്: പരിക്കേറ്റ സതീഷ് കുമാറും പ്രതിയുടെ സഹോദരനായ രതീഷും അടുത്ത സുഹൃത്തുക്കളാണ്.
അസുഖബാധിതനായി വീട്ടിൽ കഴിയുന്ന രതീഷിനെ സന്ദർശിക്കാനാണ് സതീഷ് എത്തിയത്. സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രതിയായ രമേശ് സതീഷിൻ്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിൽ സതീഷിൻ്റെ കഴുത്തിലും പിറകിലും ഗുരുതരമായ പൊള്ളലേറ്റു. ഇദ്ദേഹത്തെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രമേശിൻ്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ കൃഷിക്കായി ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പ്രതിയുടെ വീട്ടിലുണ്ടായ ചില തർക്കങ്ങളിൽ സതീഷ് ഇടപെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഈ തർക്കങ്ങളുമായി ബന്ധപ്പെട്ട് സതീഷ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

