പതിനാലാം വയസ്സിൽ അക്കാദമിക് സമ്മർദ്ദങ്ങൾക്കിടയിലും കടൽതിരമാലകളെ അതിജീവിച്ച് പായ്വഞ്ചി കായികരംഗത്ത് ശ്രദ്ധേയനാവുകയാണ് വൈപ്പിൻ സ്വദേശിയായ ആൽഡ്രിൻ ആന്റണി. മൊറോക്കോയിലെ ടാംഗിയറിൽ നടന്നുവരുന്ന ഒപ്റ്റിമിസ്റ്റ് ലോക സെയിലിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അണ്ടർ 15 വിഭാഗത്തിൽ മത്സരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
മീൻപിടിത്തക്കാരനായ പിതാവിനൊപ്പം കടലിൽ ചിലവഴിച്ച ബാല്യകാലമാണ് ആൽഡ്രിന് തിരമാലകളെ വശത്താക്കാൻ കരുത്ത് പകർന്നത്. ഇന്ത്യൻ സൈന്യത്തിൽ സെയിലറായ അമ്മാവൻ പ്രിൻസ് നോബിളിനെ മാതൃകയാക്കിയാണ് ആൽഡ്രിൻ ഈ കായിക ഇനത്തിലേക്ക് ആകൃഷ്ടനായത്.
2024-ൽ ബെംഗളൂരുവിലെ ആർമി ബോയ്സ് സ്പോർട്സ് കമ്പനി എംഇജി ആൻഡ് സെന്ററിൽ ചേർന്നാണ് അദ്ദേഹം ഔദ്യോഗിക പരിശീലനം ആരംഭിച്ചത്. “വളരെ പെട്ടെന്നാണ് ആൽഡ്രിൻ സെയിലിങ് പഠിച്ചെടുത്തത്.
കലികയറിയ കടലിനെ മെരുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് അവന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. തിരമാലകൾ അനുകൂലമല്ലാത്ത അവസ്ഥയിൽ മറ്റുകുട്ടികൾ പേടിച്ചു മാറിനിൽക്കുമ്പോൾ ആൽഡ്രിൻ ഒരു മടിയുമില്ലാതെ കടലിലിറങ്ങും.” – പരിശീലകനായ എം.കെ.നിതിൻ സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തെ ഒപ്റ്റിമിസ്റ്റ് ക്ലാസ് റാങ്കിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ആൽഡ്രിൻ, മുംബൈയിൽ നടന്ന യൂത്ത് നാഷനൽ ചാംപ്യൻഷിപ്പ്, മേഘാലയയിലെ ഉമിയാം തടാകത്തിൽ നടന്ന മത്സരം എന്നിവയിൽ വെങ്കല മെഡലുകൾ സ്വന്തമാക്കിയിരുന്നു. പുണെയിൽ നടന്ന നാഷനൽ റാങ്കിങ് റെഗാട്ടയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓവറോൾ മൂന്നാം സ്ഥാനവും അദ്ദേഹം നേടി.
പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൽഡ്രിൻ, ആർമി ബോയ്സ് സ്പോർട്സ് കമ്പനിയിലെ ബോർഡിങ്ങിൽ പഠനം തുടരുന്നതിനൊപ്പം ഫുട്ബോളിലും വോളിബോളിലും മികവ് പുലർത്തുന്നുണ്ട്. വൈപ്പിൻ സ്വദേശികളായ ആന്റണി തോമസിന്റെയും ലിബി ആന്റണിയുടെയും മകനാണ് ആൽഡ്രിൻ.
നിലവിൽ കുടുംബം കൊടുങ്ങല്ലൂരിലാണ് താമസിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറോളം സെയിലർമാർ മാറ്റുരയ്ക്കുന്ന ഈ ചാംപ്യൻഷിപ്പിൽ, മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമടങ്ങുന്ന അഞ്ചംഗ ഇന്ത്യൻ സംഘത്തിന്റെ ഭാഗമാണ് ആൽഡ്രിൻ.
18-ാം തീയതി ആരംഭിച്ച ചാംപ്യൻഷിപ്പിൽ ആദ്യഘട്ട യോഗ്യത നേടിയ ആൽഡ്രിൻ, 28 വരെ നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

