ഹോർമുസിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലും ഇറാൻ – യുഎസ് സമാധാന ശ്രമങ്ങൾ പുനരാരംഭിച്ചതിൽ വിപണികൾക്ക് ഉണർവ്. സമാധാന ശ്രമങ്ങൾ പൊളിഞ്ഞതിന് പിന്നാലെ വിപണികൾ ചാഞ്ചാട്ടത്തിലായിരുന്നു.
എന്നാൽ ചർച്ച പുനരാരംഭിക്കാൻ ഒരുക്കമാണെന്ന് ഇറാൻ അറിയിച്ചതും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് സമാധാന ശ്രമങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ചതും നിക്ഷേപകർക്ക് ആശ്വാസമായി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിൽ താഴെയെത്തി.
സ്വർണവില ഔൺസിന് അരശതമാനത്തോളം കുതിച്ചു. ഏഷ്യൻ വിപണികൾ മുന്നേറി.
ഇന്ത്യൻ വിപണിക്ക് ഇന്ന് അവധിയാണ്.
വീണ്ടും ‘സമാധാനം’
ഇറാനിലെ തുറമുഖങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഇന്നലെ രാത്രി മുതൽ യുഎസ് നാവിക സേന ഉപരോധം ഏർപ്പെടുത്തി. ലോകരാജ്യങ്ങളെ സാമ്പത്തികമായി ഭീഷണിപ്പെടുത്താൻ ഇറാനെ അനുവദിക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്.
ഹോർമുസ് തുറക്കുന്നതും ഇറാനെ സമാധാന ചർച്ചകൾക്ക് പ്രേരിപ്പിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായി ഡീലിൽ എത്താൻ ഇറാൻ ഒരുക്കമാണെന്നും നയതന്ത്ര വാതിലുകൾ പൂർണമായും അടഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൂഡ് ഇടിഞ്ഞു
സമാധാന ശ്രമങ്ങൾ പുനരാരംഭിച്ചെന്ന വാർത്തകളെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു.
ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 96 ഡോളറിലെത്തി. ബ്രെന്റ് 97 ഡോളറിവും യുഎഇ മര്‍ബൻ ക്രൂഡ് 103 ഡോളറിലുമാണ്.
എന്നാൽ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാതെ ക്രൂഡ് ഓയിൽ വില സാധാരണ നിലയിൽ ആകില്ലെന്നാണ് യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റിന്റെ വിലയിരുത്തൽ. വില വർധിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
സ്വർണം കുതിക്കുന്നു
ക്രൂഡ് ഓയില്‍ വില കുറഞ്ഞതും സമാധാന ശ്രമങ്ങൾ വീണ്ടും തുടങ്ങിയെന്നുമുള്ള വാർത്തകൾ സ്വർണവിലയിൽ കുതിപ്പുണ്ടാക്കി.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് അരശതമാനത്തോളം ഉയർന്നു. ക്രൂഡ് ഓയിൽ വില കുറഞ്ഞത് ഡോളർ സൂചികയിലും ഇടിവുണ്ടാക്കി.
ഇത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമാക്കി. യുഎസ് ഫെഡറൽ റിസർവിന്റെ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കൽ തീരുമാനത്തെയും ഇത് ശക്തമാക്കിയിട്ടുണ്ട്.
ഇക്കൊല്ലം 25 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറയ്ക്കാൻ 29 ശതമാനം സാധ്യതയാണ് വിപണി കാണുന്നത്. ഇത് സ്വർണ വില മുന്നേറാനുള്ള സാധ്യതയാണെന്നും വിദഗ്ധർ.
നിലവിൽ രാജ്യാന്തര വിപണിയിൽ സ്വര്‍ണം ഔൺസിന് 21 ഡോളർ കയറി 4,769 ഡോളർ എന്ന നിലയിലാണ്.
4,724ലേക്ക് എത്തിയ ശേഷമാണ് മുന്നേറ്റം. കേരളത്തിൽ സ്വർണം പവന് 1,11,800 രൂപയിലാണ്.
ഇന്ന് വില വീണ്ടും വർധിക്കും.
ഇന്ന് ഹോളിഡേ
അംബേദ്കർ ജയന്തി പ്രമാണിച്ച് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് അവധിയാണ്. ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ്സ്, കറൻസി ഡെറിവേറ്റീവ്സ് തുടങ്ങിയ വ്യാപാരങ്ങളെല്ലാം മുടങ്ങും.
കമ്മോഡിറ്റി ഡെറിവേറ്റീവ് വ്യാപാരം വൈകുന്നേരം അഞ്ച് വരെ ഉണ്ടാകില്ല. എൻഎസ്ഇയിലും ബിഎസ്ഇയിലും വ്യാപാരം നാളെ പുനരാരംഭിക്കും.
∙കഴിഞ്ഞ ആഴ്ച ശക്തമായി തിരിച്ചു വന്ന ഇന്ത്യൻ ഓഹരി വിപണി ഇറാൻ – യുഎസ് സമാധാന ചർച്ച പൊളിഞ്ഞതിനെ തുടർന്ന് ഇന്നലെ നഷ്ടത്തിലായിരുന്നു.
വ്യാപാരാന്ത്യം സെൻസെക്സ് 702.68 പോയിന്റ് നഷ്ടത്തിൽ 76,847.57ലെത്തി. നിഫ്റ്റി 207.95 പോയിന്റ് ഇടിവിൽ 23,842.65ലും.
തുടക്കത്തിലെ നഷ്ടം കുറയ്ക്കാൻ ആയെങ്കിലും വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
∙പവർ, ടെലികോം എന്നിവ ഒഴികെയുള്ള സെക്ടറുകളെല്ലാം നഷ്ടത്തിലായി. എഫ്എംസിജി ഓട്ടോ, ഐടി, എനർജി, ഓയില്‍ ആൻഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തോളമാണ് ഇടിഞ്ഞത്.
∙എച്ച്ഡിഎഫ്സി ലൈഫ്, അദാനി എന്റർപ്രൈസസ്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് എന്നീ ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
മാരുതി സുസുക്കി,എയ്ഷർ മോട്ടോർസ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ഇൻഡിഗോ തുടങ്ങിയ ഓഹരികളാണ് നഷ്ടക്കണക്കിൽ മുന്നിൽ.
∙നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു.
∙അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 65 പൈസ കുറഞ്ഞ് 93.38ലെത്തി. ഹോർമുസിൽ യുഎസിന്റെ നാവിക ഉപരോധത്തെ തുടർന്ന് ക്രൂഡ് ഓയില്‍ വില വർധിച്ചതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് കാരണം.
∙ഇന്ന് രാജ്യത്തെ മിക്ക ബാങ്കുകൾക്കും അവധിയാണ്.
എന്നാൽ ഡിജിറ്റൽ ഇടപാടുകൾ മുടക്കമില്ലാതെ തുടരും.
യുദ്ധനഷ്ടം നികത്തി യുഎസ് വിപണി
ഇറാനുമായുള്ള യുദ്ധത്തോടെയുണ്ടായ നഷ്ടം ഏകദേശം നികത്തി യുഎസ് ഓഹരി വിപണി. രാജ്യാന്തര സാമ്പത്തിക മേഖലയിൽ പ്രതിസന്ധിയുണ്ടായേക്കില്ലെന്ന പ്രതീക്ഷയിലാണ് യുഎസിലെ നിക്ഷേപകർ.
ഇന്നലെ യുഎസ് ഓഹരി വിപണി സൂചികകൾ ഒരു ശതമാത്തോളം ഉയർന്നു. നാസ്ഡാക്ക് 1.23 ശതമാനവും എസ് ആൻഡ് പി 1.02 ശതമാനവും ഡോ സൂചിക 0.63 ശതമാനവും നേട്ടത്തിലായി.
ഇറാനെ ആക്രമിക്കുന്നതിന് മുമ്പുള്ള ലെവലിലേക്ക് യുഎസ് വിപണി തിരിച്ചെത്തിയെന്നാണ് വിദഗ്ധർ പറയുന്നത്. ഇറാനുമായുള്ള സമാധാന ശ്രമങ്ങൾ വീണ്ടും തുടങ്ങുമെന്നും നിക്ഷേപകർ കരുതുന്നു.
യുഎസ് ഓഹരി ഫ്യൂച്ചറുകളും ഇന്ന് നേരിയ നേട്ടത്തിലാണ്.
ഇറാനുമായി സമാധാന കരാർ സാധ്യമാകുമെന്നാണ് വിപണി കരുതുന്നത്. അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ ബ്ലാക്ക്റോക്ക് യുഎസ് ഓഹരികൾ മികച്ച നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ്.
കമ്പനികളുടെ മികച്ച സാമ്പത്തിക റിപ്പോർട്ടും യുദ്ധം തീരുമെന്ന പ്രതീക്ഷയും ഓഹരികൾക്ക് നേട്ടമാകുമെന്നാണ് ഇവർ പറയുന്നത്.
അതേസമയം, യൂറോപ്യൻ ഓഹരി വിപണികൾ നഷ്ടത്തിലായിരുന്നു.
ഏഷ്യൻ ഓഹരികള്‍ നേട്ടത്തിൽ
സമാധാന ശ്രമങ്ങൾ പുനരാരംഭിക്കുകയും ക്രൂഡ് ഓയിൽ വില ഇടിയുകയും ചെയ്തതോടെ ഇന്ന് ഏഷ്യൻ ഓഹരി വിപണികൾ നേട്ടത്തിലാണ്. ജപ്പാനിലെ നിക്കെയ് സൂചിക 2.5 ശതമാനവും കൊറിയൻ കോസ്പി സൂചിക 3.2 ശതമാനവും ഉയര്‍ന്നു.
ഷാൻഹായ് സൂചിക 0.45 ശമതാനവും ഹോങ്കോങ് സൂചിക ഒരു ശതമാനവും നേട്ടത്തിലാണ്. ക്രൂഡ് ഓയില്‍ വില കുറയുന്നത് സാമ്പത്തിക മേഖലയിലെ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.
ചൈന പുറത്തുവിടുന്ന ഇറക്കുമതി – കയറ്റുമതി കണക്കുകളും അടുത്ത ദിവസങ്ങളിൽ ഏഷ്യൻ വിപണികൾക്ക് നിർണായകമാകും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

