സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് തികച്ചും വിവേചനപരവും അപലപനീയവുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
എസ്. സുരേഷ് പ്രതികരിച്ചു.
അവധി ദിവസം നോക്കി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം അരങ്ങേറുന്നത്.
കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നതെന്നും ബി.ജെ.പി നേതൃത്വം ആരോപിച്ചു. ടി.ജി.
മോഹൻദാസ് നടത്തിയ പരാമർശങ്ങൾ സ്വാഗതാർഹമല്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തിൽ യു.ഡി.എഫ് സർക്കാരിന്റെ സംരക്ഷണയിൽ നിയമനടപടികളിൽ നിന്ന് രക്ഷനേടി കഴിയുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
ഇത്തരക്കാർക്കെതിരെ നിരവധി പരാതികൾ പൊലീസിൽ നൽകിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി സ്വീകരിക്കുന്നത്. ഫിഷറീസ് വകുപ്പ് പിടിച്ചുവാങ്ങി ഭരിക്കുന്ന മുസ്ലിം ലീഗ്, മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായപ്പോൾ നടപടികൾ എടുക്കാത്ത ഗൗരവകരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്.
ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാൽ മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും കാണാതെ മടങ്ങുന്ന ലീഗ് മന്ത്രിമാർ കേരള സമൂഹത്തിന് നൽകുന്ന സന്ദേശം ഭീതിജനകമാണെന്നും എസ്. സുരേഷ് കൂട്ടിച്ചേർത്തു.
മതവർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലിം ലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി.ഡി. സവർക്കർ വിഷയത്തിലും പ്രസ്താവനകൾ നടത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകിട്ടോടെ എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് എത്തിയത്. കേസെടുത്ത് പതിനൊന്നാം ദിവസമാണ് ഈ നടപടി.
വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രിയോടെ അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിക്കുമെന്നും തുടർന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

