കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ അർധരാത്രിയിൽ അതിഥിത്തൊഴിലാളികളെ ബന്ദികളാക്കി സിനിമാ സ്റ്റൈൽ കവർച്ച. പേരൂർ പൂവത്തുംമൂട് അരയിരംപടിക്കു സമീപമുള്ള തൊഴിലാളി ക്യാംപിലേക്ക് ഇരച്ചുകയറിയ 15 അംഗ മുഖംമൂടി സംഘം 33 തൊഴിലാളികളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും ഒരു ലക്ഷത്തോളം രൂപയും എടിഎം കാർഡുകളും തട്ടിയെടുത്തു.
ശനിയാഴ്ച അർധരാത്രി 12.30-നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പൂവത്തുംമൂട് – സംക്രാന്തി റോഡരികിലുള്ള നിർമാണത്തൊഴിലാളികളായ അസം സ്വദേശികളുടെ ക്യാംപിലാണ് ആക്രമണം ഉണ്ടായത്.
ഒരു ഓട്ടോറിക്ഷയിലും അഞ്ച് ബൈക്കുകളിലുമായാണ് പ്രതികൾ എത്തിയതെന്നാണ് വിവരം. ഷീറ്റ് കൊണ്ടുള്ള ഗേറ്റിന്റെ അടിയിലൂടെ അകത്തുകടന്ന സംഘം, മാരകായുധങ്ങളുമായി തൊഴിലാളികളെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഹെൽമെറ്റും മാസ്ക്കും ധരിച്ചെത്തിയ സംഘം മൺവെട്ടി, പിക്കാസ്, കത്രിക, കത്തി, വടിവാൾ എന്നിവ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏകദേശം ഒരു മണിക്കൂറോളം ക്യാംപിൽ അക്രമികൾ അഴിഞ്ഞാടി.
എതിർക്കാൻ ശ്രമിച്ചവരുടെ നേരെ വടിവാൾ വീശുകയും ചിലരെ കുത്തിയും വെട്ടിയും പരിക്കേൽപ്പിക്കുകയും ചെയ്തു. ബാഗുകളും വസ്ത്രങ്ങളും വടിവാളുകൊണ്ട് വെട്ടിക്കീറിയ അക്രമികൾ, പണം നൽകാൻ മടിച്ചവരെ മർദിക്കുകയും കണ്ണിൽ മുളകുസ്പ്രേ പ്രയോഗിക്കുകയും ചെയ്തു.
സദ്ദാം ഹുസൈൻ എന്ന തൊഴിലാളിയുടെ മൊഴിപ്രകാരം, റംസാൻ അലി (29), അഷ്ദുൽ ഇസ്ലാം (30), മിനസുൽ റഹ്മാൻ (35), മീരാസ് ജൂൾ ഇസ്ലാം (28), മോഹിത് റഹ്മാൻ (36) എന്നിവരുൾപ്പെടെ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളിൽ നിന്ന് എടിഎം പിൻ നമ്പറുകൾ എഴുതിവാങ്ങുകയും നാല് പേരുടെ എടിഎം കാർഡുകൾ കവരുകയും ചെയ്തു.
വ്യാപാരിയായ റഹ്മാന്റെ എടിഎം കാർഡ് ഉപയോഗിച്ച് പുതുപ്പള്ളി പരിയാരം ഹിറ്റാച്ചി എടിഎം കൗണ്ടറിൽനിന്ന് 7,000 രൂപ പിൻവലിച്ചതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. കവർച്ചയ്ക്ക് ശേഷം തൊഴിലാളികളെ മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് സംഘം മടങ്ങിയത്.
രക്ഷപ്പെടാൻ ശ്രമിച്ചവർ മുറിക്കുള്ളിൽ പരിശോധന നടത്തുന്ന ആളെ ‘ഭായി’ എന്നു വിളിച്ചതായും, വന്നവരെല്ലാം മലയാളത്തിലാണ് സംസാരിച്ചതെന്നും തൊഴിലാളികൾ മൊഴി നൽകിയിട്ടുണ്ട്. വനിതാ, ബാലിക, ശിശു സംരക്ഷണകേന്ദ്രത്തിനു സമീപമുള്ള ഷീറ്റ് പാകിയ ഷെഡിലാണ് ഈ ക്യാംപ് പ്രവർത്തിക്കുന്നത്.
ശനിയാഴ്ച തൊഴിലാളികൾക്ക് പണിക്കൂലി ലഭിക്കുന്നത് അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലഹരിസംഘങ്ങളെയും മറ്റ് അതിഥിത്തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് ഏറ്റുമാനൂർ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ സിഗ്നലുകളും പൊലീസ് പരിശോധിച്ചുവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

