തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൂട് കൂടിയതോടെ എസി യാത്രയ്ക്കു ഡിമാൻഡ് ഏറുന്നു. ട്രെയിനുകളിൽ എസി ടിക്കറ്റുകൾ കിട്ടാനില്ല.
എസി കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് വേഗത്തിൽ വിറ്റുതീരുന്നു. തിരക്കു കണക്കിലെടുത്തു പതിവു സർവീസുകൾക്കു പുറമേ കെഎസ്ആർടിസി ഇന്ന് തിരുവനന്തപുരം–എറണാകുളം, തിരുവനന്തപുരം–കോഴിക്കോട് റൂട്ടിൽ അധിക എസി സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ മിനിറ്റുകൾ കൊണ്ട് ടിക്കറ്റുകൾ വിറ്റുതീർന്നു. 12 എസി ലോ ഫ്ലോർ ബസുകൾ ഉൾപ്പെടെ 21 എസി ബസുകളാണു തിരുവനന്തപുരം– എറണാകുളം റൂട്ടിലുള്ളത്.
വൈകാതെ തിരുവനന്തപുരം–എറണാകുളം റൂട്ടിൽ ബിസിനസ് ക്ലാസ് സർവീസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണു കോർപറേഷൻ. കേരളത്തിലോടുന്ന ഇന്റർസിറ്റി ട്രെയിനുകളിൽ കൂടുതൽ എസി ചെയർ കാർ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
തിരുവനന്തപുരം–എറണാകുളം വഞ്ചിനാട്, എറണാകുളം–കണ്ണൂർ, ആലപ്പുഴ–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസുകളിൽ ഒരു എസി ചെയർകാർ മാത്രമാണുള്ളത്. ജനറൽ കോച്ചുകൾ കുറയ്ക്കാതെ തന്നെ ഈ ട്രെയിനുകളിൽ ഒരു എസി ചെയർകാർ കൂട്ടാമെങ്കിലും നടപടിയില്ല.
18 കോച്ചുകൾ മാത്രമുള്ള തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റിയിൽ 2 എസി ചെയർകാറും 2 ജനറൽ സെക്കൻഡും അനുവദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. എറണാകുളം–ബെംഗളൂരു ഇന്റർസിറ്റിയിൽ 2 എസി ചെയർ കാർ കോച്ചുകൾ മാത്രമാണുള്ളത്.
20 കോച്ചുകളുള്ള ട്രെയിനിൽ 2 കോച്ചുകൾ കൂടി കൂട്ടാൻ സാധിക്കും. എറണാകുളം–ബെംഗളൂരു വന്ദേഭാരത് 8 കോച്ചുകൾക്കു പകരം 20 കോച്ചുള്ള ട്രെയിനാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു യാത്രക്കാരുടെ വിവിധ സംഘടനകൾ നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.
പാലക്കാട്–തൂത്തുക്കുടി പാലരുവി എക്സ്പ്രസിൽ എസി കോച്ച് അനുവദിച്ച് ഉത്തരവ് ഇറക്കിയ ശേഷം അതു റദ്ദാക്കിയിരുന്നു. പുനലൂർ–ചെങ്കോട്ട
ഗാട്ട് സെക്ഷനിൽ എസി കോച്ച് പറ്റില്ലെന്ന ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നിലപാടാണ് ഉത്തരവ് റദ്ദാക്കാൻ കാരണം. എന്നാൽ ഇതേ ഗാട്ട് സെക്ഷനിൽ കൂടി എറണാകുളം–വേളാങ്കണ്ണി, ചെന്നൈ–കൊല്ലം എക്സ്പ്രസ്, മധുര–ഗുരുവായൂർ എക്സ്പ്രസ് എന്നിവ എസി കോച്ചുകളുമായി സർവീസ് നടത്തുന്നുണ്ട്.
ഈ ട്രെയിനുകൾക്കില്ലാത്ത എന്ത് കുഴപ്പമാണു പാലരുവിയുടെ കാര്യത്തിലുള്ള തെന്നു യാത്രക്കാർ ചോദിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

