കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടോളം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നു വീണതിനെത്തുടർന്ന് നഗരത്തിലെ ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ 11.10-ഓടെയാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ കെട്ടിടത്തിന്റെ ഭാഗമായ ടവർ പ്ലാറ്റ്ഫോമിലേക്ക് പതിച്ചത്.
സംഭവസമയത്ത് സമീപത്ത് യാത്രക്കാർ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ബുധനാഴ്ച രാത്രി രണ്ടാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട
കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിനിനു മുകളിലേക്കാണ് കെട്ടിട അവശിഷ്ടങ്ങൾ പതിച്ചത്.
ആർപിഎഫ് ഓഫിസ് ഉൾപ്പെടുന്ന ഈ കെട്ടിടത്തിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിനായുള്ള ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നിർദ്ദേശപ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലെ സർവീസുകൾ നിർത്തിവെച്ചു. നാലാം പ്ലാറ്റ്ഫോമിന് സമീപമുള്ള പാതയിലൂടെ മാത്രമാണ് ഉച്ചയ്ക്ക് ശേഷം ട്രെയിനുകൾ കടന്നുപോകുന്നത്.
ഗതാഗത നിയന്ത്രണത്തെത്തുടർന്ന് ട്രെയിൻ സമയക്രമത്തിൽ വലിയ മാറ്റമുണ്ടായി:
* തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്, കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് എന്നിവ കല്ലായി സ്റ്റേഷനിൽ നിന്നാണ് സർവീസ് നടത്തിയത്.
* ഉച്ചയ്ക്ക് 2.05-ന് പുറപ്പെടേണ്ട കണ്ണൂർ എക്സ്പ്രസ് വെള്ളയിൽ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ചു.
* കോഴിക്കോട്–ബെംഗളൂരു യശ്വന്ത്പൂർ എക്സ്പ്രസ് സമീപ സ്റ്റേഷനിലേക്ക് മാറ്റി ക്രമീകരിച്ചു.
* ഏറനാട്, നേത്രാവതി എക്സ്പ്രസുകൾ വൈകിയാണ് സ്റ്റേഷൻ വിട്ടത്.
ഷൊർണൂർ–കോഴിക്കോട് പാസഞ്ചർ റദ്ദാക്കി. യാത്രക്കാരുടെ സൗകര്യാർത്ഥം കോഴിക്കോട്, വെള്ളയിൽ, വെസ്റ്റ്ഹിൽ, കല്ലായി സ്റ്റേഷനുകളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി.
അപകടത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കെതിരെ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു മാസം മുൻപ് തന്നെ കെട്ടിടം അപകടാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും അധികൃതർ മൗനം പാലിച്ചെന്ന് ആരോപണമുയർന്നു.
“നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ റെയിൽവേ അടിയന്തര ഉന്നതതല അന്വേഷണം നടത്തണം” എന്ന് എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടു.
സംഭവസ്ഥലം സന്ദർശിച്ച കെ. ജയന്ത് എംഎൽഎ, വി.കെ.
ഫൈസൽ ബാബു, പി.എ. മുഹമ്മദ് റിയാസ് എന്നിവരും സുരക്ഷാ വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് പ്ലാറ്റ്ഫോമുകളിലെ ഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

