ഇടുക്കി: പാചക വാതക ക്ഷാമം മൂലം അടച്ചു പൂട്ടിയ ഇടുക്കി വണ്ടിപ്പെരിയാർ 63 ആം മൈലിലെ റോഡ് പുറമ്പോക്കിലെ പി ടി ജയന്റെയും ഭാര്യ മിനിയുടെയും തട്ടു കട തുറന്നു.
ഏഷ്യാനെറ്റ് വാർത്തയെ തുടർന്ന് തേക്കടി മാധ്യമ കൂട്ടായ്മ, വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ്, അമ്മക്കൊരുമ്മ സ്നേഹക്കൂട്ടായ്മ തുടങ്ങിയവർ ചേർന്ന് ഗ്യാസ് സിലിണ്ടറും കച്ചവടം പുനരാംഭിക്കുന്നതിനുള്ള സാധന സാമഗ്രികളും വാങ്ങി നൽകി. ജയന്റെ ഭാര്യ മിനി ഇരുപത് ദിവസത്തിലധികമായി കത്താതിരുന്ന ഗ്യാസ് സ്റ്റൗ കത്തിച്ച് ചായയുണ്ടാക്കി.
പലരും ഇവരുടെ അക്കൗണ്ടിലേക്ക് പണമയക്കുന്നുണ്ട്. ദേശീയ പാതയോരത്ത് പ്ലാസ്റ്റിക് ഷെഡിലാണിവരിപ്പോഴും കഴിയുന്നത്.
സുരക്ഷിതമായ ഒരു കുഞ്ഞ് വീട്ടിലേക്ക് മാറണമെന്നാണ് ഇരുവരുടെയും ആഗ്രഹം. രണ്ട് കാലുകളും മുറിച്ചു മാറ്റിയ ജയനും ഹൃദ്രോഗിയായ മിനിയും സുമനസ്സുകളുടെ സഹായത്താലാണ് ഇപ്പോൾ കഴിയുന്നത്.
കണ്ണൂരിൽ നിന്നും ജോലിതേടിയാണ് ജയനും ഭാര്യ മിനിയും ഇടുക്കിയിലെ കുമളിയിലെത്തിയത്. ഹോട്ടലിലെ കുക്കായി ജോലി ചെയ്യവേ 2022 ൽ അപകടത്തെ തുടർന്ന് ജയന്റെ കാലുകളിലൊന്ന് നഷ്ടമായി.
ഇതോടെ ജോലിക്ക് പോയി വീട്ടു വാടക പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലായി. തുടർന്ന് നടുറോഡിലേക്ക് ഇറങ്ങി.
63 ആം മൈലിൽ റോഡ് പുറമ്പോക്കിൽ പെട്ടിക്കട വാടകയ്ക്കെടുത്ത് കച്ചവടം നടത്തി ജീവിതം തള്ളി നീക്കുകയായിരുന്നു.
കിടപ്പും ഇതിനുള്ളിൽ തന്നെ. രണ്ടു മാസം മുൻപ് വീണ് പരുക്കേറ്റതോടെ രണ്ടാമത്തെ കാലും മുറിച്ച് മാറ്റിയിരുന്നു.
പാചകവാതകമില്ലാത്തതിനാൽ 20 ദിവസമായി ഉപജീവന മാർഗ്ഗമായ കട തുറക്കാൻ സാധിച്ചിരുന്നില്ല.
രണ്ട് മക്കൾ ഉണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കാറില്ല. ജയനും മിനിക്കും മരുന്നിനായി ദിവസേന നല്ലൊരു തുക വേണം.
പണമില്ലാത്തതിനാൽ കൃത്യമായി മരുന്നും കഴിക്കാനാകുന്നില്ല. ഇന്നലെയാണ് ഇവരുടെ ദുരിതാവസ്ഥയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടത്.
തുടർന്ന് നിരവധി പേരാണ് ഇവർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

