21 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷവും തീരുമാനമെത്താതെ ഇറാനും യുഎസും പിരിഞ്ഞതിൽ നിക്ഷേപകർക്ക് ആശങ്ക.
ഇരുവിഭാഗവും ആക്രമണം പുനരാരംഭിച്ചാൽ ഹോർമുസിലെ തടസം ഇനിയും നീളും. ഇത് ക്രൂഡ് ഓയിൽ വില കൂടാനും സ്വർണം, ഓഹരി എന്നിവ ഇടിയാനും കാരണമാകും.
ഹോർമുസിൽ കപ്പലുകൾക്ക് ടോൾ പിരിവ് തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വിപണിയിൽ കൂടുതൽ ആഘാതങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ധർ പറയുന്നു.
തിങ്കളാഴ്ച വിപണി എങ്ങനെ?
തുടർച്ചയായ ആറ് ആഴ്ചകൾക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നിർത്തിയത്.
ഇരുസൂചികകളും ഏകദേശം 5.8 ശതമാനം നേട്ടമുണ്ടാക്കി. സെന്‍സെക്സ് 77,550.25ലും നിഫ്റ്റി 24,050.60ലുമാണ് ക്ലോസ് ചെയ്തത്.
അവസാന വ്യാപാര ദിനം ഇരു സൂചികകളും ഒരു ശതമാനം വീതം ഉയർന്നു.
എന്നാൽ എൻഎസ്ഇ ഇന്‍ർനാഷണൽ എക്സ്ചേഞ്ചിൽ നിഫ്റ്റി ഫ്യൂച്ചർ വ്യാപാരം നെഗറ്റീവായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണി താഴ്ന്ന് വ്യാപാരം തുടങ്ങുമെന്നാണ് കരുതുന്നത്.
യുഎസ് – ഇറാൻ സമാധാന ചർച്ചയിൽ തീരുമാനമാകാത്തതോടെ നിക്ഷേപകർ ജാഗ്രതയോടെയാകും വിപണിയെ സമീപിക്കുക.
നിഫ്റ്റി 23,600 നും 24,350നും ഇടയിൽ വ്യാപാരം തുടരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 24,100–24,200 എന്ന ലെവലിൽ പ്രതിരോധമുണ്ട്.
ഇത് മറികടക്കാനായാൽ വിപണി കുതിക്കുമെന്നും ചിലർ പറയുന്നു.
ഇക്കാര്യങ്ങൾ നിർണായകം
∙യുഎസ് ഇറാൻ ചര്‍ച്ച
– ഇറാനും യുഎസും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹോർമുസ് കടലിടുക്ക് തുറക്കാത്തത് വിപണിക്ക് ആഘാതമാണ്. ഇസ്ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചയിൽ എന്തുമാറ്റമുണ്ടാകുമെന്നാണ് വിപണി ഇപ്പോൾ നിരീക്ഷിക്കുന്നത് .
നിലവിലെ റിപ്പോർട്ടുകള്‍ അനുസരിച്ച് ചർച്ച പരാജയമാണ്. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. ചര്‍ച്ചകൾ ഞായറാഴ്ചയും തുടരുമെന്നാണ് റിപ്പോർട്ട്.
∙യുഎസ് – ഇറാൻ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതും മേഖലയിൽ സമാധാനം പുലരുന്നതും ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
ക്രൂഡ് ഓയില്‍ വില ഉയർന്ന് നിൽക്കുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വർധിപ്പിക്കും. ഇത് പണപ്പെരുപ്പം വര്‍ധിപ്പിക്കാനും കമ്പനികളുടെ ലാഭശതമാനത്തെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കും.
വിപണിയെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കാവുന്ന സാഹചര്യമാണിത്.
∙ആശങ്ക സൂചിക
– ഇന്ത്യൻ ഓഹരി വിപണിയുടെ ആശങ്കയളക്കുന്ന വോളറ്റിലിറ്റി ഇൻഡക്സ് (വിക്സ്) 19ന് താഴേക്ക് ഇടിഞ്ഞിട്ടുണ്ട്. ഇത് വിപണിയിലെ ആശങ്കയും അനിശ്ചിതത്വവും കുറഞ്ഞെന്ന സൂചനയാണ്.
∙വിദേശ നിക്ഷേപകർ
– വെള്ളിയാഴ്ച വിദേശ നിക്ഷേപകർ അറ്റ ഓഹരി വാങ്ങലുകാരായെങ്കിലും ട്രെൻഡ് നെഗറ്റീവാണ്.
അടുത്ത ദിവസങ്ങളിൽ വിദേശ നിക്ഷേപകർ എന്തു നിലപാടെക്കുമെന്നത് നിർണായകമാണ്. അതേസമയം, തദ്ദേശീയ നിക്ഷേപകർ ഓഹരി വാങ്ങുന്നുമുണ്ട്.
കഴിഞ്ഞ ആഴ്ച തദ്ദേശീയ നിക്ഷേപകർ 21,600 കോടി നിക്ഷേപിച്ചപ്പോൾ വിദേശ നിക്ഷേപകർ 20,700 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിച്ചു.
∙അവധിയുണ്ട്
– അംബേദ്കർ ജയന്തി പ്രമാണിച്ച് ഏപ്രിൽ 14ന് വിപണിക്ക് അവധിയാണ്. ഇത് തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ നിക്ഷേപകരെ സ്വാധീനിച്ചേക്കാം.
∙നാലാം പാദ ഫലം –
മാർച്ചിൽ അവസാനിച്ച നാലാം പാദത്തിലെ കമ്പനികളുടെ സാമ്പത്തിക റിപ്പോർട്ടുകള്‍ അടുത്ത ദിവസങ്ങളിൽ പുറത്തുവരും.
ഇതുമായി ബന്ധപ്പെട്ട വാർത്തകളും വിപണിയെ സ്വാധീനിക്കും
ക്രൂഡ് ഓയില്‍ വില
ഇറാൻ – യുഎസ് വെടിനിർത്തലും സമാധാന ചർച്ചകളും ക്രൂഡ് ഓയിൽ വിലയെ ബാധിച്ചിട്ടുണ്ട്.
നിലവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ താഴെയാണ്. ബ്രെന്റ് 95.20 ഡോളറിലും ഡബ്ല്യുടിഐ 96.57 ഡോളറിലും മർബൻ 98.16 ഡോളറിലുമാണ് ക്ലോസ് ചെയ്തത്.
ഇരുവിഭാഗവും തമ്മിലുള്ള തുടർ ചർച്ചകൾ പോസിറ്റീവായാൽ വില ഇനിയും കുറയും.
ഇറാൻ സ്ഥാപിച്ച മൈനുകൾ ഹോർമുസിലെ കപ്പൽ ഗതാഗതം പുനരാരംഭിക്കാനായി യുഎസ് സൈന്യം നീക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിച്ചേക്കും.
എന്നാൽ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടാൽ വില ഇനിയും കുതിക്കും. മാർച്ചിൽ ബാരലിന് 118 ഡോളർ വരെ എത്തിയിരുന്നു.
സ്വർണം
ഇറാൻ – യുഎസ് സംഘർഷത്തിന് അയവു വന്നത് സ്വർണവിലയെ ഉയർത്തിയിരുന്നു.
അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും വില ഉയർത്തി. ഇന്ത്യയിലും ചൈനയിലും സ്വർണത്തിന് ഡിമാൻഡുള്ളതും വില ഉയരാനുള്ള കാരണങ്ങളായി.
വെടിനിർത്തൽ കരാറിന്റെ ഭാവി, ഹോർമുസിലെ തടസം നീങ്ങുന്നത്, അടിസ്ഥാന പലിശ നിരക്കിലെ മാറ്റത്തിന്റെ സൂചന തുടങ്ങിയ കാരണങ്ങളാകും തിങ്കളാഴ്ച വിപണിയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയിൽ നിലവിൽ ഔൺസിന് 4,748 ഡോളറെന്ന നിലയിലാണ് സ്വര്‍ണം. കേരളത്തിൽ പവന് 1,12,080 രൂപയും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

