തിരുവനന്തപുരം ∙ തലസ്ഥാന ജില്ലയിലെ 14ൽ എട്ടിലേറെ സീറ്റുകൾ പിടിക്കുന്ന മുന്നണി കേരളം ഭരിക്കുന്നതാണു കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ചരിത്രം. ഇത്തവണ ചരിത്രം ആവർത്തിച്ചാലും തിരുത്തിയെഴുതിയാലും തലസ്ഥാനത്തു ഭൂരിപക്ഷം പിടിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.
തിരോന്തരം ഈ നൂറ്റാണ്ടിൽ
2001ൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയപ്പോൾ ജില്ലയിലെ 10 മണ്ഡലങ്ങളും യുഡിഎഫിനൊപ്പമായിരുന്നു. 2005ൽ എൽഡിഎഫ് 9 സീറ്റ് പിടിച്ചപ്പോൾ കേരളത്തിൽ എൽഡിഎഫ് ഭരണമായി.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 8 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. എൽഡിഎഫിന് 6 സീറ്റ്.
പിന്നീട് നെയ്യാറ്റിൻകര എംഎൽഎ ആർ.സെൽവരാജ് സിപിഎമ്മിൽ നിന്നു രാജിവച്ച് കോൺഗ്രസ് സ്ഥാനാർഥിയായി ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിയപ്പോൾ യുഡിഎഫിന്റെ ജില്ലയിലെ അംഗബലം 9 ആയി. കേരളത്തിൽ ആദ്യമായി ബിജെപി നിയമസഭയിലേക്കെത്തിയ 2016ൽ, എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയപ്പോൾ തിരുവനന്തപുരത്തിന്റെ എൽഡിഎഫ് അംഗബലം 9 ആയിരുന്നു.
യുഡിഎഫ് 4 സീറ്റിൽ ഒതുങ്ങി. എന്നാൽ, എൽഡിഎഫ് തുടർഭരണം നേടിയ 2021ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് യുഡിഎഫിന്റെ ഏക കനൽ തരി കോവളത്ത് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച എം.വിൻസന്റ് മാത്രമായിരുന്നു.
കനലാകുമോ തരിയാകുമോ?
നിലവിലെ 13 മണ്ഡലങ്ങൾക്കൊപ്പം കോവളം കൂടി പിടിച്ചെടുത്ത് തിരുവനന്തപുരത്തെ പൂർണമായും ചെങ്കോട്ടയാക്കാനുള്ള പരിശ്രമങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലും അവർ വിജയപ്രതീക്ഷ നെയ്യുന്നു. കോവളം ഉൾപ്പെടെ കുറഞ്ഞത് 10 സീറ്റ് എങ്കിലും പിടിച്ചെടുക്കുകയാണു യുഡിഎഫിന്റെ ലക്ഷ്യം.
പല മണ്ഡലങ്ങളിലും അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ട് യുഡിഎഫ്. 2016ൽ നേമത്തു വിരിഞ്ഞ താമര വീണ്ടും തളിർക്കുമെന്ന പ്രതീക്ഷയ്ക്കൊപ്പം കഴക്കൂട്ടം ഉൾപ്പെടെ ഒന്നിലധികം മണ്ഡലങ്ങൾ അധികമായി പിടിച്ചെടുത്ത് സംസ്ഥാന നിയമസഭയിൽ ശക്തമായ സാന്നിധ്യമാകാൻ കഴിയുമെന്ന് എൻഡിഎ കരുതുന്നു.
വിവാദങ്ങളോ വികസനമോ?
ഈ തിരഞ്ഞെടുപ്പു കാലത്ത് പല വിവാദങ്ങളും വികസനവാദങ്ങളും ചർച്ചയായി.
2018ലെ പ്രളയം വീണ്ടും തിരഞ്ഞെടുപ്പിൽ ചർച്ചയായി. പണം നൽകിയും കിറ്റ് നൽകിയും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമെന്ന ആരോപണങ്ങൾ പുറത്തു വന്നു.
നേതാക്കളുടെ ഭാഷയും വാക്കും നാക്കുമെല്ലാം ചർച്ചകളായി. ഇവയുൾപ്പെടെ, ഭരണം തുടർന്നാലും മാറിയാലും ആരു മുഖ്യമന്ത്രിയാകും എന്നതുൾപ്പെടെ വിവാദ വിഷയങ്ങളായത് ഈ തിരഞ്ഞെടുപ്പിലെ കൗതുകങ്ങളാണ്.
എന്താകും ജനമനസ്സിൽ?
സംസ്ഥാനത്തു തന്നെ ചർച്ചകളിൽ നിറഞ്ഞു നിന്ന നാലു മണ്ഡലങ്ങൾ ജില്ലയിലുണ്ട്– നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കാട്ടാക്കട.
ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതിയുണ്ടായിരുന്നു ഇവയുൾപ്പെടെ ഭൂരിഭാഗം മണ്ഡലങ്ങളിലും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സമഗ്രാധിപത്യം കണ്ട
ജില്ലയിൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വലിയ മാറ്റമുണ്ടാക്കി. 8 മണ്ഡലങ്ങളിൽ യുഡിഎഫും അഞ്ചിടത്ത് എൻഡിഎയും മുന്നേറിയപ്പോൾ എൽഡിഎഫിന് വർക്കല മണ്ഡലത്തിൽ മാത്രമായിരുന്നു ഭൂരിപക്ഷം നേടാനായത്.
നാലു മാസം മുൻപു നടന്ന തദ്ദേശ തിരഞ്ഞെടുപ്പായപ്പോൾ ചിത്രത്തിൽ വീണ്ടും മാറ്റമുണ്ടായി. എൽഡിഎഫ് 10 മണ്ഡലങ്ങളിൽ ഭൂരിപക്ഷം നേടിയപ്പോൾ യുഡിഎഫും എൻഡിഎയും രണ്ടു വീതം മണ്ഡലങ്ങളിൽ മുന്നേറ്റമുണ്ടാക്കി.
പൂർണമായും രാഷ്ട്രീയ വോട്ട് ആണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വീഴുക. സംസ്ഥാനം ആരു ഭരിക്കണമെന്നു കൃത്യമായ ചിത്രം ജനമനസ്സുകളിൽ തെളിഞ്ഞിട്ടുണ്ട്.
ഒരു മാസത്തിനുശേഷം വോട്ടെണ്ണൽ കഴിയുമ്പോൾ ആ ചിത്രം വ്യക്തമാകും; ആരു ഭരിക്കും കേരളം? … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

