മഹാരാഷ്ട്രയിലെ താനെയിൽ മലയാളി യുവാവിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. ചെങ്ങന്നൂർ സ്വദേശിയായ വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പുലർച്ചെ താനെയിലെ വർതക് നഗറിൽ വെച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പ്രദേശത്തെ മീൻ കച്ചവടക്കാരും പ്രാദേശിക ഗുണ്ടാസംഘവും തമ്മിൽ ശനിയാഴ്ച രാത്രിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തർക്കത്തിൽ വിഷ്ണുവും സംഘവും ഇടപെട്ടതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഗുണ്ടാസംഘത്തലവനായ പ്രകാശ് ടീഖെ വിഷ്ണുവിനെതിരെ ഭീഷണി മുഴക്കിയിരുന്നുവെങ്കിലും, അന്ന് രാത്രി പൊലീസ് സ്ഥലത്തെത്തി പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.
പിന്നീട്, പുലർച്ചെ രണ്ട് മണിയോടെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അക്രമിസംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പ്രകാശ് ടീഖെ, സഹോദരൻ വിക്കി ടീഖെ, വിക്കി കരോട്ടിയ, സിദ്ധാർഥ് റോക്കഡെ, ഗണേഷ് ദ്വിവേ എന്നിവരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.
ഇതിൽ പ്രകാശ് ആണ് വിഷ്ണുവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. നെഞ്ചിലും വയറിലും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതിൽ ഒരാൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
വർതക് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട
വിഷ്ണു നായർ. മൂന്ന് പതിറ്റാണ്ടിലേറെയായി താനെയിൽ താമസിക്കുന്ന വേണുഗോപാൽ നായരുടെ മകനാണ് വിഷ്ണു.
അവിവാഹിതനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

