കൊച്ചി∙ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 95 നിലവാരം കടന്ന് രൂപ. ആർബിഐയുടെ ശക്തമായ ഇടപെടൽ മൂലം 94.78ൽ ക്ലോസിങ്. ക്രൂഡ്ഓയിൽ വില 115 ഡോളറിനു മുകളിൽ തുടരുന്നതും വിദേശനിക്ഷേപകരുടെ കനത്ത ഓഹരി വിൽപനയുമാണ് ഡോളറിനെതിരെ 95 നിലവാരത്തിലേക്കു രൂപയെ എത്തിച്ചത്.
റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് വ്യാപാരാവസാനത്തിൽ രൂപ അൽപം നില മെച്ചപ്പെടുത്തി.
വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ 7 പൈസ നേട്ടത്തോടെ 94.78ലാണ് രൂപയുടെ ഇന്നലത്തെ ക്ലോസിങ്. രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞതോടെ റിസർവ് ബാങ്ക് കഴിഞ്ഞ വെള്ളിയാഴ്ചതന്നെ വലിയതോതിൽ വിപണി ഇടപെടൽ നടത്തിയിരുന്നു.
ഇതിന്റെ ഫലമായി 93.62 എന്ന ഒരാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട നിലവാരത്തിലാണ് രൂപ ഇന്നലെ വ്യാപാരം ആരംഭിച്ചത്.
പക്ഷേ, ആർബിഐ ഫലപ്രദമായി ഇടപെട്ടിട്ടും രൂപയ്ക്കു പിടിച്ചുനിൽക്കാനാകുന്നില്ലെന്നതാണു വസ്തുത.
2011നു ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഈ സാമ്പത്തിക വർഷത്തിൽ രൂപ കാഴ്ചവച്ചത്. 11.4 ശതമാനമാണ് ഈ സാമ്പത്തിക വർഷത്തെ നഷ്ടം.
2025ൽ 2.4%, 2024ൽ 1.46% എന്നിങ്ങനെയായിരുന്നു ഇടിവ്. 2011–12ൽ 13.9% ഇടിവു നേരിട്ടിരുന്നു.
ആർബിഐയുടെ രക്ഷാപ്രവർത്തനം
ബാങ്കുകളുടെ നെറ്റ് ഓപ്പൺ പൊസിഷൻ ആർബിഐ വെട്ടിക്കുറച്ചു.
ഓരോ ബിസിനസ് ദിവസവും അവസാനിക്കുമ്പോൾ ബാങ്കുകളുടെ രൂപയിലുള്ള നെറ്റ് ഓപ്പൺ പൊസിഷൻ 10 കോടി ഡോളറിനു തുല്യമായ തുകയ്ക്കപ്പുറം പോകരുതെന്നാണു നിർദേശം. 10 മുതൽ ബാങ്കുകൾ ഈ നിർദേശം പാലിക്കണം.
ബാങ്കുകളുടെ വിദേശ കറൻസികളിലുള്ള ആസ്തികളും ബാധ്യതകളും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് ഓപ്പൺ പൊസിഷൻ. ഇതിനു പരിധി നിശ്ചയിച്ചതിലൂടെ ബാങ്കുകളുടെ വിദേശ കറൻസികളിലുള്ള പ്രത്യേകിച്ച്, ഡോളറിലുള്ള ഇടപാടുകൾ നിയന്ത്രിക്കാനാണ് ആർബിഐ ശ്രമിക്കുന്നത്.
ആർബിഐയുടെ നിർദേശം നടപ്പാക്കുമ്പോൾ ഏകദേശം 3,000 മുതൽ 4,000 കോടി ഡോളർ വരെ മൂല്യമുള്ള ആഭ്യന്തര കറൻസി വിപണിയിലെത്തും. ഇതു രൂപയ്ക്കു കരുത്തേകും.
ഇന്നലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 95 കടന്നപ്പോൾ പൊതുമേഖലാ ബാങ്കുകൾ വഴി ആർബിഐ നേരിട്ട് വിപണിയിൽ ഡോളർ വിറ്റഴിച്ചു.
തിരിച്ചടിയെന്ന് ബാങ്കുകൾ
രൂപയെ രക്ഷിക്കാൻ ആർബിഐ സ്വീകരിച്ച നടപടി ബാങ്കുകൾക്ക് വലിയ തിരിച്ചടിയായി. ഇത്ര പെട്ടെന്ന് നെറ്റ് ഓപ്പൺ പൊസിഷൻ 10 കോടി ഡോളറിലേക്കു കൊണ്ടുവന്നാൽ വലിയ നഷ്ടമുണ്ടാകുമെന്നാണ് ബാങ്കുകളുടെ പക്ഷം.
രൂപയുടെ മൂല്യം പെട്ടെന്ന് കൂട്ടിയാൽ, ഡോളറിന്റെ മൂല്യം കുറയും. അത് ബാങ്കുകൾക്ക് വലിയ മാർക്ക് – ടു- മാർക്കറ്റ് നഷ്ടം (ഇപ്പോഴത്തെ നിരക്കും വാങ്ങുമ്പോഴുള്ള നിരക്കും തമ്മിലുള്ള വ്യത്യാസം) ഉണ്ടാക്കും.
അതുകൊണ്ട് തീരുമാനം നടപ്പാക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ ആർബിഐയെ സമീപിച്ചിരിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണവില കുതിച്ചുയരുന്നതിനാൽ ലോകരാജ്യങ്ങളിലാകെ പടരുന്ന പണപ്പെരുപ്പ ഭീഷണിയാണ് ഡോളറിന്റെ മൂല്യമുയർത്തുന്നത്.
പണപ്പെരുപ്പം നേരിടാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഉൾപ്പെടെ പലിശനിരക്കുകൾ ഉയർത്തിയേക്കുമെന്ന വിശ്വാസം വിപണിയിലുണ്ട്. ഇത് നിക്ഷേപങ്ങളുടെ പലിശ വർധിപ്പിക്കുമെന്നതിനാൽ ഡോളർ കൂടുതൽ ശക്തമാകുകയാണ്.
കൂടാതെ, യുഎസ് ട്രഷറി ബോണ്ട് വരുമാനവും ഉയരുകയാണ്.
ആവശ്യമായ എണ്ണയുടെ 90 ശതമാനത്തോളം ഇറക്കുമതി ചെയ്യേണ്ടിവരുന്ന ഇന്ത്യയ്ക്ക് ഉയരുന്ന ക്രൂഡ്, ഡോളർ വിലകൾ വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. എണ്ണ ഇറക്കുമതി ഭൂരിഭാഗവും ഡോളറിലാണു നടക്കുന്നത്.
ഇതിനൊപ്പം രാജ്യത്തെ ഓഹരി വിപണികളിൽ നിന്ന് വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നുണ്ട്. ഡോളറിലാണ് ഇവയും തിരികെക്കൊണ്ടുപോകുന്നത്.
ഇതും ആഭ്യന്തരമായി ഡോളർ ഡിമാൻഡ് കുത്തനെ ഉയർത്തുന്നു. മാർച്ചിൽ മാത്രം 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

