ഇന്ത്യൻ ക്രെഡിറ്റ് കാർഡ് വിപണിയിൽ നിർണ്ണായകമായ മാറ്റങ്ങൾ ദൃശ്യമാകുന്നതായി ട്രാൻസ് യൂണിയൻ സിബിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘ബിയോണ്ട് ദി സ്വൈപ്പ് 2026: ഹൗ ഇന്ത്യ യൂസസ് കാർഡ് ആസ് എ ക്രെഡിറ്റ് ഇൻസ്ട്രുമെന്റ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
യുവതലമുറയുടെ വർധിച്ച പങ്കാളിത്തം
രാജ്യത്ത് പുതുതായി ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നവരിൽ പകുതിയും 30 വയസ്സിൽ താഴെയുള്ള ‘ജെൻ സെഡ്’ (Gen Z) വിഭാഗത്തിൽപ്പെട്ടവരാണ്. 2022 മാർച്ചിൽ പുതിയ ഉപഭോക്താക്കളിൽ 43 ശതമാനമായിരുന്ന ഈ പ്രായപരിധിക്കാർ, 2026 മാർച്ചോടെ 50 ശതമാനമായി വർദ്ധിച്ചു.
ഇതിൽ പകുതിയോളം പേരും വൻ നഗരങ്ങളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, അർദ്ധ നഗര, ഗ്രാമീണ മേഖലകളിൽ നിന്നുള്ള പുതിയ കാർഡ് ഉടമകളുടെ എണ്ണം നാല് വർഷം മുൻപുള്ള 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർന്നു.
ക്രെഡിറ്റ് കാർഡ് ഉപയോഗം നഗരപ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ല എന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. വിപണിയിലെ കുതിച്ചുചാട്ടം
കഴിഞ്ഞ ഒരു പതിറ്റാണ്ടായി രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിപണി അഭൂതപൂർവ്വമായ വളർച്ചയാണ് രേഖപ്പെടുത്തിയത്.
2016 മാർച്ചിൽ 1.4 കോടിയായിരുന്ന കാർഡ് ഉപഭോക്താക്കളുടെ എണ്ണം ഈ വർഷം മാർച്ചിൽ 5.2 കോടിയായി ഉയർന്നു. നിലവിൽ രാജ്യത്ത് സജീവമായ കാർഡുകളുടെ എണ്ണം അഞ്ച് മടങ്ങ് വർദ്ധിച്ച് 10.7 കോടിയിലെത്തിയിട്ടുണ്ട്.
ഇതിനനുസൃതമായി ക്രെഡിറ്റ് കാർഡ് കുടിശ്ശിക തുക (Outstanding Balance) 40,000 കോടി രൂപയിൽ നിന്നും 8.3 മടങ്ങ് വർദ്ധിച്ച് 3.1 ലക്ഷം കോടി രൂപയായി. ഒരു വ്യക്തിയുടെ ശരാശരി കുടിശ്ശിക 31,000 രൂപയിൽ നിന്നും 65,000 രൂപയായും വർദ്ധിച്ചു.
വളർച്ചാ സാധ്യതകൾ
ഇത്രയും വലിയ കുതിപ്പുണ്ടായിട്ടും ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിപണിക്ക് മുന്നിൽ വലിയ സാധ്യതകളാണുള്ളത്. വായ്പ എടുക്കാൻ യോഗ്യതയുള്ളവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ ക്രെഡിറ്റ് കാർഡുള്ളത്.
കൊളംബിയയിൽ ഇത് 62 ശതമാനവും, യുകെയിൽ 70 ശതമാനവും, ഹോങ്കോങ്ങിൽ 98 ശതമാനവുമാണ്. പുതിയ ഉപഭോക്താക്കളിൽ 25 ശതമാനം പേരും കാർഡ് എടുക്കുന്നതിന് മുൻപ് തന്നെ മൂന്നോ അതിലധികമോ ലോണുകൾ എടുത്തവരാണ്.
മുൻതലമുറകളെ അപേക്ഷിച്ച് ഇന്നത്തെ ചെറുപ്പക്കാർ കാർഡ് ലഭിച്ച് 3 മാസത്തിനുള്ളിൽ തന്നെ 25,000 രൂപയ്ക്ക് മുകളിൽ ചെലവഴിക്കുന്നതിൽ മുൻപന്തിയിലാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

