എടത്വ ∙ ജില്ലയിൽ 10 വർഷത്തിനിടയിൽ ക്ഷീരകർഷകരുടെ എണ്ണത്തിൽ 50 ശതമാനത്തോളം കുറവ്. ഏറ്റവും കുറവുണ്ടായതു കുട്ടനാട്ടിലാണ്.
ക്ഷീര മൃഗങ്ങളുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാൽ ക്ഷീരോൽപാദനം വലിയ തോതിൽ ഉയരുകയും ചെയ്തു.
2015–26 വർഷം 45000 ൽ അധികം പശുക്കൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2020–21 വർഷം 41040 ആയി ചുരുങ്ങി. ഇപ്പോൾ അത് 38500 ലേക്ക് കുറഞ്ഞിരിക്കുകയാണ്.
മിൽമ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർ 5 വർഷം മുൻപു വരെ 18000 വരെ ഉണ്ടായിരുന്നു.
ഇപ്പോൾ 8742 കർഷകരാണ് ഉള്ളത്.സംഘത്തിൽ പാൽ അളക്കാത്ത ക്ഷീര കർഷകർ ഇരുപതിനായിരത്തിലേറെയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പകുതി പോലും ഇല്ലെന്നാണ് അധികൃതർ തന്നെ പറയുന്നത്.
കറവ മൃഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെങ്കിലും ക്ഷീര ഉൽപാദനം ഇരട്ടിയോളമായതായി അധികൃതർ പറഞ്ഞു. നിലവിൽ നിത്യേന സംഘത്തിൽ 250000 ലീറ്റർ പാലാണ് അളക്കുന്നത്.
ഇത്രത്തോളം തന്നെ സ്വകാര്യ വ്യക്തികൾ വീടുകൾക്കും ഹോട്ടലുകൾക്കും നൽകുന്നുണ്ട്. ചെലവിന് ആനുപാതികമായി ഉൽപന്നത്തിന് വില ലഭിക്കാത്തതും കാലിത്തീറ്റ വില കുത്തനെ ഉയർന്നതും പാലുൽപാദനം ചെലവേറിയതാക്കി.
പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു ക്ഷീര സഹകരണ സംഘത്തിൽ നിന്ന് തന്നെ പ്രാദേശിക വിൽപന കഴിഞ്ഞ് പത്ത് മുതൽ 15 കാൻ പാൽ വരെ മിൽമയിലേക്ക് നൽകുമായിരുന്നു.
35 ലീറ്ററിന്റെ കാനിലാണ് പാൽ കയറ്റി അയച്ചിരുന്നത്. രാവിലെയും വൈകിട്ടുമായി ഒരു സംഘത്തിൽ നിന്നും 350 മുതൽ 500 ലീറ്ററിലധികം പാൽ കയറ്റി വിട്ടിരുന്ന സ്ഥാനത്ത് പ്രതിദിനം 150 ലീറ്റർ പാലു പോലും പല സംഘങ്ങളിൽ നിന്നും കയറ്റി വിടാൻ കഴിയാത്ത സ്ഥിതിയാണ്.
ഒരു വാർഡിൽ തന്നെ ഇരുപത്തിയഞ്ചു മുതൽ മുപ്പതു വരെ ക്ഷീര കർഷകർ ഉണ്ടായിരുന്ന സ്ഥാനത്ത് പത്തു പോലും ഇല്ലാത്ത സ്ഥിതിയായി. പാലിന് വില 2 രൂപ വർധിപ്പിച്ചാൽ കാലിത്തീറ്റയ്ക്ക് പതിന്മടങ്ങ് വില വർധിപ്പിക്കും.
ലീറ്ററിന് പുറത്ത് 65 രൂപ കർഷകന് ലഭിക്കുമ്പോൾ പാലിന്റെ ഗുണ നിലവാരം പറഞ്ഞ് 38 നും 50 നും ഇടയിലുള്ള തുകയാണ് കർഷകർക്ക് ലഭിക്കുന്നത്.
ഇങ്ങനെ സംഭരിക്കുന്ന പാൽ അതേ കർഷകന്റെ മുന്നിൽ വച്ച് ലീറ്ററിന് 65 രൂപ ക്രമത്തിൽ മറിച്ചു വിൽക്കുന്ന കാഴ്ച നിസ്സഹായതയോടെ കർഷകന് കാണേണ്ടി വരുന്നു. വർഷത്തിൽ ഒരിക്കൽ ഇൻസെന്റീവ് എന്ന പേരിൽ അളന്ന പാലിന് 1 രൂപ ക്രമത്തിൽ കർഷകന് കൊടുക്കും എന്നതിനപ്പുറം കർഷകർക്ക് മിൽമ സഹകരണ സംഘങ്ങളിൽ നിന്നും യാതൊരു പ്രയോജനവും ലഭിക്കുന്നില്ല എന്നും കർഷകർ പറയുന്നു.
അതിനാൽ സംഘങ്ങളിൽ അംഗത്വം നിലനിർത്താൻ നാമമാത്ര പാൽ നൽകി ബാക്കി സ്വകാര്യ മേഖലയിൽ വിൽക്കുന്ന രീതിയാണ് കണ്ടു വരുന്നത്. സംഘങ്ങളിൽ നിന്ന് സബ്സിഡി നിരക്കിൽ വിൽപന നടത്തുന്ന കാലിത്തീറ്റ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നതാണ് എന്ന് പഞ്ചായത്ത് അംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
മുൻകാലങ്ങളിൽ ക്ഷീര മൃഗങ്ങളെ ലോൺ എടുക്കണമെങ്കിൽ പ്രദേശത്തെ മൃഗഡോക്ടറുടെ സാക്ഷ്യപത്രം വേണം. ഇത് ലഭിക്കണമെങ്കിൽ ക്ഷീര മൃഗങ്ങളെ സംസ്ഥാനത്തിന് പുറത്തു നിന്നും വാങ്ങണമെന്ന നിബന്ധന വച്ചിരുന്നു.
പ്രാദേശികമായി കൂടുതൽ ക്ഷീര മൃഗങ്ങൾ ഉണ്ടാവുക എന്നതായിരുന്നു ലക്ഷ്യം.
നിലവിൽ ഈ സാഹചര്യങ്ങൾ എല്ലാം മാറി. ക്ഷീരകർഷകരും തൊഴിൽ മതിയാക്കി മറ്റു മാർഗങ്ങൾ സ്വീകരിച്ചു തുടങ്ങിയതോടെയാണ് ക്ഷീര മൃഗങ്ങൾ കുറഞ്ഞതും ഉൽപാദനം കുറഞ്ഞതും.
ക്ഷീരമേഖല കാര്യക്ഷമമാക്കാൻ ക്രിയാത്മക ഇടപെടൽ വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

