കൊച്ചി ∙ ട്വന്റി 20 പാർട്ടിയുമായുള്ള സഖ്യത്തോടെ പല മണ്ഡലങ്ങളിലും രാഷ്ട്രീയമത്സരം ഇല്ലാതായെന്ന പരാതിയിൽ ജില്ലയിലെ ബിജെപി നേതാക്കളും പ്രവർത്തകരും. ഇതിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നു സംസ്ഥാന– ദേശീയ നേതൃത്വങ്ങളോടു ജില്ലയിലെ ബിജെപിയിലെ ഏതാനും നേതാക്കൾ ആവശ്യപ്പെട്ടു.
14 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ 4 സീറ്റു മാത്രമാണ് ഇന്നലെവരെയുള്ള അവസ്ഥയിൽ ബിജെപിക്കു ലഭിക്കുന്നത്. ഘടകകക്ഷികൾക്ക് അനുവദിച്ച മണ്ഡലങ്ങളിൽ പലതിലും രാഷ്ട്രീയ മത്സരമില്ലാത്തതിലുള്ള നിരാശയും അമർഷവുമാണു ബിജെപിയുടെ വിവിധ ഘടകങ്ങൾ പ്രകടിപ്പിക്കുന്നത്.
ഈ അമർഷം മൂലം ഇന്നലെ റോഡ്ഷോകൾ ആരംഭിക്കേണ്ട പല മണ്ഡലങ്ങളിലും അതു നടത്താനായിട്ടില്ല.
പ്രവർത്തകരിലെ ഈ അമർഷം ജില്ലയിലെത്തിയ ദേശീയ നിരീക്ഷകർ നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്.
കക്ഷിരഹിതരെയോ ഇതര പാർട്ടികളിലെ വിമതരെയോ പ്രവർത്തകർ തിരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ കുറ്റപ്പെടുത്താനാകില്ലെന്ന നിലപാടിലാണു പല ഘടകങ്ങളിലെ നേതാക്കളും. ജില്ലയിൽ ബിജെപിയുടെ 3 സംഘടനാ ജില്ലകളിലും (സിറ്റി, ഈസ്റ്റ്, നോർത്ത്) സ്ഥിതി ഇതാണ്.
എന്നാൽ ഇതു ശരിയാണോ എന്ന് ആരായുമ്പോൾ സമ്മതിക്കാൻ ഈ ജില്ലകളിലെ നേതൃത്വങ്ങൾ തയാറാകുന്നുമില്ല.
പതിറ്റാണ്ടുകളോളം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചിട്ടും ഇത്ര സീറ്റുകളുള്ള ജില്ലയിൽ മത്സരത്തിനു ബിജെപി നേതാക്കൾക്ക് അവസരം ലഭിക്കാതെ പോകുന്നതിലെ അമർഷത്തിലാണു മിക്കവരും. ബിജെപിക്കു ലഭിക്കുന്ന എറണാകുളം, ആലുവ സീറ്റുകളിൽ മറ്റു പാർട്ടികളിൽനിന്നു സീറ്റ് കിട്ടാതെ വരുന്ന ‘നിരാശരെ’ മത്സരിപ്പിക്കാനും നീക്കമുണ്ട്.
ഇതിനെതിരെയും ജില്ലയിലെ ബിജെപിയിലെ മുതിർന്ന നേതാക്കളിൽ പലരും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നാമനിർദേശപ്പത്രിക സമർപ്പിക്കാനുള്ള അവസാനദിനം അടുത്തുവരുന്ന സാഹചര്യത്തിൽ ഇന്നെങ്കിലും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ സാധിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പെരുമ്പാവൂരിൽ വോട്ടർപട്ടികയിൽ പേരില്ലാത്ത സിനിമാ താരത്തെ സ്ഥാനാർഥിയാക്കിയതിലെ തിടുക്കം തിരിച്ചടിയായെന്നും നേതാക്കൾ വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പുകാലത്ത് ഇത്തരം ആലോചനയില്ലാത്ത തീരുമാനങ്ങൾ ഉണ്ടാകുന്നതു ശരിയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

